വരവായി മഞ്ഞുകാലം, ഇനിയെന്തൊക്കെ കഴിക്കണം?

Last Updated : Nov 1, 2017, 06:51 PM IST
വരവായി മഞ്ഞുകാലം, ഇനിയെന്തൊക്കെ കഴിക്കണം?

നവംബര്‍ മാസമായി. മഞ്ഞുകാലത്തിന്‍റെ തുടക്കമാണ്. ചര്‍മ്മത്തിനും ശരീരത്തിനും പ്രത്യേക പരിചരണം നല്‍കേണ്ട സമയമാണിത്. ആരോഗ്യപരമായ ജീവിതം മഞ്ഞുകാലത്തും സ്വായത്തമാക്കാന്‍ ഭക്ഷണക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിച്ചേ മതിയാവൂ. 

ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ മഞ്ഞുകാലത്ത് എന്തൊക്കെ ഭക്ഷണമാണ് കഴിക്കേണ്ടത്? ചില ഭക്ഷണങ്ങള്‍ പരിചയപ്പെടുത്താം.

1. കക്കിരിക്ക 

ധാരാളം ജലാംശം അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് കക്കിരിക്ക.ചര്‍മ്മത്തെ തിളക്കമുള്ളതാക്കുന്ന ധാരാളം ഘടകങ്ങള്‍ ഇതിലുണ്ട്. വിറ്റാമിന്‍ b, b2, b3, b5, b6, ഫോളിക് ആസിഡ്, വിറ്റാമിന്‍ സി, കാല്‍സ്യം, അയേണ്‍, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക് തുടങ്ങി ധാരാളം വിറ്റാമിനുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. വയറ്റില്‍ അമിതമായി അടിഞ്ഞു കൂടുന്ന കൊഴുപ്പ് നീക്കം ചെയ്യാനും കക്കിരിക്ക നല്ലതാണ്. ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തളളുവാനും ശരീരഭാരം നിയന്ത്രിക്കുവാനും കക്കിരക്ക സഹായകമാകും. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന്റെ അംശം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കും. 

2. മധുരക്കിഴങ്ങ്

ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതു തടയാന്‍ മധുരക്കിഴങ്ങിന് കഴിയും. ഇതിലെ ബീറ്റാ കരോട്ടിനാണ് ഇതിന് സഹായിക്കുന്നത്. സ്‌ട്രെസ് കുറയ്ക്കാനും മധുരക്കിഴങ്ങ് നല്ലതാണ്. ഇതിലെ മഗ്നീഷ്യമാണ് ഈ ഗുണം നല്‍കുന്നത്. വൈറ്റമിന്‍ ഡി മധുരക്കിഴങ്ങില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഊര്‍ജം വര്‍ദ്ധിപ്പിയ്ക്കും. ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും. കൂടാതെ ഇത് ശരീരത്തിലെ ഗ്ലൈസമിക് ഇന്‍ഡെക്‌സ് കുറയ്ക്കും. പ്രമേഹത്തെ ചെറുക്കും. 

3. ബട്ടര്‍ ഫ്രൂട്ട് (അവക്കാഡോ)

ഏറ്റവും അധികം പോഷകമൂല്യമുള്ള പഴങ്ങളില്‍ ഒന്നാണ് അവക്കാഡോ. കൊഴുപ്പ് ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് ഇത് വെണ്ണപ്പഴം അഥവാ ‘ബട്ടര്‍ ഫ്രൂട്ട്’ എന്നും അറിയപ്പെടുന്നു. പഴത്തില്‍ മാംസ്യം 4% വരെയും കൊഴുപ്പ് 30% വരെയുമുണ്ട്. കൊഴുപ്പ് നിറഞ്ഞ ആഹാരങ്ങള്‍ക്ക് പകരം വെക്കാവുന്ന ഒന്നാണ് ഇത്. പഞ്ചസാരയുടെ അളവ് വളരെ കുറവായതിനാല്‍ പ്രമേഹരോഗികള്‍ക്ക് കഴിക്കാനുത്തമം. ചര്‍മ്മത്തിന്‍റെ സ്നിഗ്ദ്ധത നിലനിര്‍ത്താന്‍ ഇതിനു പറ്റും. ഭാരം നിയന്ത്രിക്കാനും തലച്ചോറിന്റെ പ്രവര്‍ത്തനം മികച്ചതാക്കാനും ബട്ടര്‍ ഫ്രൂട്ട് സഹായിക്കുന്നു.

4. സൂപ്പുകള്‍

മഞ്ഞുകാലത്ത് പഴച്ചാറുകളുടെയും മാംസഭക്ഷണത്തിന്റെയും സത്തില്‍ തയാറാക്കുന്ന സൂപ്പുകള്‍ വളരെ നല്ലതാണ്. ഇവ ശരീരഭാരം കൂട്ടാതെ തന്നെ ശരീരത്തിന് ആവശ്യമായ പോഷകഘടകങ്ങള്‍ നല്‍കാന്‍ സഹായിക്കുന്നു. 

5. ബ്രോക്കോളിയും കോളിഫ്ലവറും

വിറ്റാമിന്‍ സിയുടെ കലവറയാണ് ബ്രോക്കോളി, കോളിഫ്ലവര്‍ തുടങ്ങിയവ. ശരീരത്തിന്‍റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇത് നല്ലതാണ്. ഫ്രീസ് ചെയ്തവയും മാര്‍ക്കറ്റില്‍ വാങ്ങിക്കാന്‍ കിട്ടും.

6. മത്തങ്ങക്കുരു

 

സെലീനിയം,സിങ്ക് തുടങ്ങിയ ധാരാളം ധാതുക്കള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. അവ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇവ വേവിച്ചു കഴിക്കുന്നതിനേക്കാളും പച്ചയ്ക്ക് കഴിക്കുന്നതാണ് നല്ലത്.

Trending News