New Delhi: കള്ളപ്പണകേസില്‍ കുടുങ്ങി ജയിലില്‍ കഴിയുന്ന AAP നേതാവും മന്ത്രിയുമായ
സത്യേന്ദർ ജെയിനിന് ജയിലില്‍ VVIP പരിചരണം ലഭിക്കുന്നതുമായി ബന്ധപ്പെട്ട അടുത്ത വീഡിയോ പുറത്തുവന്നു. ഇതില്‍ മന്ത്രി ഹോട്ടലില്‍ നിന്നുള്ള സുഭിക്ഷമായ ഭക്ഷണം കഴിയ്ക്കുന്നതായി കാണാം.
വീഡിയോ പുറത്തുവന്നതോടെ മന്ത്രി ജയിലിലല്ല റിസോര്‍ട്ടിലാണ് കഴിയുന്നത് എന്ന് ആരോപിച്ച് BJP രംഗത്തെത്തി. അടുത്തിടെ ജയിലില്‍ തനിക്ക് ശരിയായ ഭക്ഷണം നല്‍കുന്നില്ല എന്നരോപിച്ച് സത്യേന്ദർ ജെയിന്‍ രംഗത്തെത്തിയിരുന്നു.
അതേസമയം, ജയിൽ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, സത്യേന്ദർ ജെയിനിന്‍റെ ശരീരഭാരം 8 കിലോ വർദ്ധിച്ചു, ജയിലിൽ ആയിരിക്കുമ്പോൾ അദ്ദേഹത്തിന്‍റെ ശരീരഭാരം 28 കിലോ കുറഞ്ഞുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭിഭാഷകൻ നടത്തിയ അവകാശവാദം.
AAP മന്ത്രി സത്യേന്ദർ ജെയിനിന്‍റെ ജയിലിലെ സുഖവാസം സംബന്ധിക്കുന്ന വീഡിയോകള്‍ പുറത്തു വന്നതോടെ ആം ആദ്മി പാര്‍ട്ടി വീണ്ടും വെട്ടിലായിരിയ്ക്കുകയാണ്. ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് അടുത്തിരിയ്ക്കുന്ന അവസരത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിച്ചിരിയ്ക്കുകയാണ് ഈ വാര്‍ത്തകള്‍.
കഴിഞ്ഞ ദിവസം ജയിലില്‍ ഒരു വ്യക്തി സത്യേന്ദർ ജെയിനെ മസാജ് ചെയ്യുന്ന വീഡിയോ പുറത്തു വന്നിരുന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യനില മോശമാണെന്നും ഡോക്ടറുടെ ഉപദേശപ്രകാരം ഫിസിയോതെറാപ്പി നൽകുന്നുണ്ടെന്നും വ്യക്തമാക്കി ആം ആദ്മി പാർട്ടിയും അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തിയിരുന്നു. ജെയിനിനെ ആരും മസാജ് ചെയ്യുന്നില്ലെന്നും അദ്ദേഹം ചികിത്സയിലാണെന്നും നട്ടെല്ലിന് ക്ഷതമേറ്റ ജെയിന്‍ ഫിസിയോതെറാപ്പിക്ക് വിധേയനായെന്നും സിസോദിയയും പറഞ്ഞിരുന്നു.
എന്നാല്‍, തീഹാര്‍ ജയില്‍ അധികൃതര്‍ നല്‍കിയ വിശദീകരണം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.
അതായത്, ജയിലില്‍ സത്യേന്ദർ ജെയിനെ മസാജ് ചെയ്തയാൾ ഫിസിയോതെറാപ്പിസ്റ്റല്ലെന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ജയിലിൽ കഴിയുന്ന പ്രതിയാണെന്നും തിഹാർ ജയിൽ വൃത്തങ്ങൾ അറിയിച്ചു.
ഡൽഹിയില്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് അടുത്തിരിയ്ക്കുന്ന അവസരത്തില്‍ ജയിലിൽ കഴിയുന്ന AAP മന്ത്രിയുടെ സുഖവാസം പാര്‍ട്ടിയ്ക്ക് ക്ഷീണമാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ആദ്മി പാർട്ടിക്ക് നേരിട്ട കനത്ത ക്ഷീണം മുതലാക്കാനുള്ള ശ്രമത്തിലാണ് BJP. ഈ വിഷയത്തിൽ BJP ആക്രമണാത്മക നിലപാട് സ്വീകരിക്കുമ്പോൾ, മറുവശത്ത്, കനത്ത പ്രതിരോധം തീര്‍ത്ത് എഎപിയും തുടർച്ചയായി തിരിച്ചടിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...