മുംബൈ : ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ക്ലീൻ ചീറ്റ് നൽകി എൻസിബി കുറ്റപത്രം സമർപ്പിച്ചു. ആര്യൻ ഖാനും മറ്റ് 5 പേർക്കുമെതിരെ യാതൊരു വിധ തെളിവുകളുമില്ലെന്നാണ് നാർകോടിക്സ് കൺട്രോൾ ബ്യൂറോ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ആകെ 14 പ്രതികളായിരുന്നു കേസിൽ ഉണ്ടായിരുന്നത്. എന്നാൽ തെളിവുകളില്ലാത്ത സാഹചര്യത്തിൽ ആറ് പേരെ കേസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ആറായിരം പേജുകളുള്ള കുറ്റപത്രമാണ് കേസിൽ നാർകോടിക്സ് കൺട്രോൾ ബ്യൂറോ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. 2021 ഒക്ടോബർ 2 നാണ് ആഡംബര കപ്പലിൽ റെയ്‌ഡ് നടന്നത്. റെയ്‌ഡിനെ തുടർന്ന് ആര്യൻ ഖാൻ ഉൾപ്പടെ 20 പേരെ എൻസിബി അറസ്റ്റ് ചെയ്തിരുന്നു. ആര്യൻ ഖാൻ, മോഹക് എന്നിവർ ഒഴിച്ച് ബാക്കിഎല്ലാവരുടെയും കൈയിൽ നിന്നും ലഹരിമരുന്ന് കണ്ടെത്തിയെന്ന് എൻസിബി ഉദ്യോഗസ്ഥൻ സഞ്ജയ് കുമാർ സിങ് പറഞ്ഞു.
ALSO READ: Kiran Gosavi | ആര്യൻഖാനെതിരായ ലഹരിമരുന്ന് കേസിലെ എൻസിബിയുടെ സാക്ഷി കിരൺ ഗോസാവി അറസ്റ്റിൽ
എന്നാൽ ആര്യൻ ഖാനും മറ്റ് 5 പേർക്കുമെതിരെ തെളിവുകൾ ഒന്നും കണ്ടെത്താൻ നാർകോടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ അറസ്റ്റിലായ ആര്യൻ ഖാൻ മൂന്ന് ആഴ്ചകളോളം ജയിലിൽ കഴിഞ്ഞിരുന്നു. ആര്യൻ ഖാൻ സ്ഥിരമായി ലഹരി മരുന്ന് ഉപയോഗിക്കുകയും, വിതരണം ചെയ്യുകയും ചെയ്തിരുന്നുവെന്ന് നാർകോടിക്സ് കൺട്രോൾ ബ്യൂറോ ആദ്യം ആരോപിച്ചിരുന്നു.
അതേസമയം ആര്യൻ ഖാനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. ആര്യൻ ഖാൻ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ സമീർ വാങ്കഡെ സാക്ഷി വഴി ഷാരൂഖിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചതായും ആരോപണങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് ആര്യൻ ഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസ് ഉൾപ്പെടെ അഞ്ച് കേസുകളിൽ നിന്ന് വാങ്കഡെയെ മാറ്റിനിർത്തുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...