ന്യൂഡൽഹി: വൈവാഹിക ബലാത്സംഗം സംബന്ധിച്ച് നിര്‍ണായക നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി. സമ്മതത്തോട് കൂടിയല്ലാതെയുള്ള ലൈംഗിക ബന്ധത്തോട് നോ പറയാന്‍ എല്ലാ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്നാണ് ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയത്. വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കുന്നത് സംബന്ധിച്ച പരാതികള്‍ പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് രാജീവ് ഷാക്ദേരിന്‍റെ നിര്‍ണായക നിരീക്ഷണം.
ലൈംഗികത്തൊഴിലാളിക്ക് സെക്സിന് താല്‍പര്യമില്ലെന്ന് പറയാനുള്ള അവകാശമുള്ളപ്പോള്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് ആ അവകാശം ലഭിക്കാത്തതെന്താണെന്ന് ഹൈക്കോടതി ചോദിച്ചു. ഇന്ത്യന്‍ ബലാത്സംഗ നിയമപ്രകാരം ഭര്‍ത്താക്കന്മാര്‍ക്ക് അനുവദിച്ചിരിക്കുന്ന ഇളവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ജിഒകളായ ആര്‍ഐടി ഫൗണ്ടേഷന്‍, ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍സ് അസോസിയേഷന്‍ എന്നീ സംഘടനകളും മറ്റ് രണ്ട് പേരും സമർപ്പിച്ച പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസ് ഷാകേദേര്‍, സി ഹരിശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നിരീക്ഷണം. 'ഇല്ല' എന്നു പറയാനുള്ള അവകാശം വിവാഹിതയാകുന്നതോടെ ഒരു സ്ത്രീയ്ക്ക് നഷ്ടപ്പെടുമോയെന്നും എന്തുകൊണ്ടാണ് അവിവാഹിതയായ ഒരു സ്ത്രീയില്‍ നിന്ന് വിവാഹിതയായ സ്ത്രീയുടെ പ്രശ്നം വ്യത്യസ്തമായിരിക്കുന്നതെന്നും കോടതി ചോദിച്ചു.
ലൈംഗിക കാര്യങ്ങളില്‍ സ്വയം തീരുമാനമെടുക്കാനുള്ള സ്ത്രീകളുടെ അവകാശത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും എല്ലാ ബലാത്സംഗങ്ങളും ശിക്ഷിക്കപ്പെടേണ്ടതാണെന്നും വിവാഹബന്ധവും വിവാഹേതര ബന്ധവും തമ്മില്‍ വ്യത്യാസമുണ്ടെന്നും നിരീക്ഷിച്ചു. സെക്ഷന്‍ 375 ന് അനുസരിച്ച് നല്‍കിയ ഇളവുകള്‍ക്കെതിരെയാണ് കോടതി നിരീക്ഷണം. കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കോടതി കേസ് ബുധനാഴ്ചത്തേക്ക് മാറ്റിവച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...