INDIA Coordination Committee Meet: 2024 ല്‍ നടക്കാനിരിയ്ക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ BJP യെ നേരിടാന്‍ പ്രതിപക്ഷ സഖ്യം കനത്ത തയ്യാറെടുപ്പിലാണ്. അതിന് മുന്നോടിയായി INDIA സഖ്യത്തിന്‍റെ കോർഡിനേഷൻ കമ്മിറ്റി യോഗം ഇന്ന്, സെപ്റ്റംബര്‍ 13 ന് മുംബൈയില്‍ നടക്കും.
സെപ്റ്റംബര്‍ 13 ന് വൈകുന്നേരം NCP നേതാവ് ശരദ് പവാറിന്‍റെ വസതിയിൽ ചേരുന്ന പ്രതിപക്ഷ സഖ്യത്തിന്‍റെ കോർഡിനേഷൻ കമ്മിറ്റി യോഗത്തില്‍ പല നിര്‍ണ്ണായക വിഷയങ്ങളും ചര്‍ച്ചയാകും എന്നാണ് റിപ്പോര്‍ട്ട്. 14 പേരാണ് INDIA കോർഡിനേഷൻ കമ്മിറ്റിയില്‍ ഉള്ളത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിതരണം, രാജ്യം നേരിടുന്ന പ്രധാന വിഷയങ്ങള്‍, പ്രചാരണ തന്ത്രങ്ങളുടെ വിപുലമായ രൂപീകരണം തുടങ്ങിയവ പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിന്‍റെ ആദ്യ യോഗത്തില്‍ ചര്‍ച്ചയാകും എന്നാണ് സൂചന.
ലോക്‌സഭാ സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികൾക്കെതിരെ പ്രതിപക്ഷത്ത് നിന്ന് ഒരു സംയുക്ത സ്ഥാനാർത്ഥിയെ നിർത്തുന്നത് ഉറപ്പാക്കാൻ പല പ്രതിപക്ഷ പാർട്ടികളുടെയും നേതാക്കൾ സീറ്റ് പങ്കിടൽ ഫോർമുലയ്ക്ക് രൂപം നൽകിയതായി വൃത്തങ്ങൾ അറിയിച്ചു. അതിനായി മാനദണ്ഡങ്ങളിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെങ്കിലും, സമീപകാല തിരഞ്ഞെടുപ്പുകളിൽ ഒരു പ്രത്യേക സീറ്റിൽ പാർട്ടികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും സീറ്റ് വിതരണം നടത്തുക എന്ന സൂചന പുറത്ത് വന്നിട്ടുണ്ട്.
ബുധനാഴ്ചത്തെ യോഗത്തിൽ സീറ്റ് വിതരണം സംബന്ധിച്ച് അന്തിമ തീരുമാനമായില്ലെങ്കിലും സീറ്റ് വിഭജനം സംബന്ധിച്ച വിഷയം ചർച്ചയാകും. തിരഞ്ഞെടുപ്പില്‍ BJPയെ എങ്ങിനെ നേരിടാം എന്നത് സംബന്ധിച്ച് ചര്‍ച്ചയും യോഗത്തില്‍ ഉണ്ടാകും.
"ജനങ്ങളിലേക്ക് എത്തിച്ചേരുക, സംയുക്ത റാലികൾ ആസൂത്രണം ചെയ്യുക, വീടുതോറുമുള്ള കാമ്പെയ്‌നുകൾ നടത്തുക തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ ഉണ്ടാകും, അത് ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമായിരിക്കും. ഈ സഖ്യം വിജയകരമാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും ചില കാര്യങ്ങൾ ത്യജിക്കേണ്ടി വരും - ആഗ്രഹങ്ങള്‍, അഭിപ്രായ വ്യത്യാസം", AAP നേതാവും പാനല്‍ അംഗവുമായ രാഘവ് ഛദ്ദ പറഞ്ഞു.
പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ കോർഡിനേഷൻ കം ഇലക്ഷൻ സ്ട്രാറ്റജി കമ്മിറ്റിയിൽ 14 അംഗങ്ങളുണ്ട് - കെ സി വേണുഗോപാൽ (കോൺഗ്രസ്), ടി ആർ ബാലു (ഡിഎംകെ), ഹേമന്ത് സോറൻ (ജെഎംഎം), സഞ്ജയ് റൗത് (ശിവസേന-യുബിടി), തേജസ്വി യാദവ് (ആർജെഡി), രാഘവ് ചദ്ദ. (എഎപി), ജാവേദ് അലി ഖാൻ (എസ്പി), ലാലൻ സിംഗ് (ജെഡി-യു), ഡി രാജ (സിപിഐ), ഒമർ അബ്ദുള്ള (നാഷണൽ കോൺഫറൻസ്), മെഹബൂബ മുഫ്തി (പിഡിപി), അഭിഷേക് ബാനർജി (ടിഎംസി), ഒരു സിപിഐ അംഗം-
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ച സാഹചര്യത്തില്‍ TMC നേതാവ് അഭിഷേക് ബാനർജി യോഗത്തിൽ പങ്കെടുക്കില്ല. സിപിഐ എം ഇതുവരെ ഒരു അംഗത്തെയും കമ്മിറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്തിട്ടില്ല, യോഗത്തിലും വിട്ടുനിൽക്കും.
ജൂണിൽ പറ്റ്നയില്‍ നടന്ന പ്രതിപക്ഷത്തിന്‍റെ ആദ്യ യോഗത്തില്‍ ഓരോ മണ്ഡലത്തില്‍ നിന്നും ഏറ്റവും ശക്തനായ സ്ഥാനാർത്ഥിയെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചിരുന്നു. സഖ്യത്തിന്‍റെ മൂന്നാം യോഗത്തിന് ശേഷം സെപ്റ്റംബർ 1 ന് പുറപ്പെടുവിച്ച പ്രമേയത്തിൽ, പാർട്ടികൾ "കഴിയുന്നത്രയും" ഒരുമിച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും വിവിധ സംസ്ഥാനങ്ങളിലെ ക്രമീകരണങ്ങളിൽ സീറ്റ് വിഭജനം "ഉടൻ തന്നെ" ആരംഭിക്കുമെന്നും "ഏറ്റവും നേരത്തെ" അവസാനിപ്പിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തെ ഒറ്റക്കെട്ടായി നേരിടാൻ രണ്ട് ഡസനിലധികം പ്രതിപക്ഷ പാർട്ടികൾ ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് INDIA) എന്ന സഖ്യത്തിന് കീഴില്‍ അണിനിരന്നിരിയ്ക്കുകയാണ്. ആശയപരമായി ഏറെ വ്യത്യസ്തകള്‍ പുലര്‍ത്തുന്ന ഈ പാര്‍ട്ടികള്‍ ഒരു കൊടിക്കീഴില്‍ അണിനിരന്നു കഴിഞ്ഞു. ഭരണഘടന ഉറപ്പു നല്‍കുന്ന മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി ജന വിശ്വാസം നേടിയെടുക്കുക എന്നതാണ് ഇന്ത്യ സഖ്യം ലക്ഷ്യമിടുന്നത്.... എന്നാല്‍, മോദിയുടെ നേതൃത്വത്തില്‍ BJP നടത്തുന്ന തേരോട്ടം തടയാന്‍ INDIAയ്ക്ക് കഴിയുമോ എന്നതാണ് ചോദ്യം....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...