ന്യൂഡല്‍ഹി: "Rape Capital" പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഈ പ്രതിഷേധത്തിന് പിന്നിലെന്ന് രാഹുല്‍ പറഞ്ഞു.
'ഞാന്‍ മാപ്പ് പറയാന്‍ പോകുന്നില്ല. ഞാന്‍ പറഞ്ഞത് എന്താണെന്ന് കൃത്യമായി വ്യക്തമാക്കാം. മേക്ക് ഇന്‍ ഇന്ത്യയെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കേള്‍ക്കുന്ന ഒരാള്‍ പത്രം വായിക്കുമ്പോള്‍ സാധാരണഗതിയില്‍ ഏത് തരം വാര്‍ത്തകളാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ലഭിക്കുന്ന വാര്‍ത്തകള്‍ എന്താണ്? നിരവധി ബലാത്സംഗ വാര്‍ത്തകളാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്', രാഹുല്‍ പറഞ്ഞു.
മോദിയാണ് മാപ്പ് പറയേണ്ടത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തീപടര്‍ത്തിയതിന്, ഇന്ത്യയുടെ സാമ്പത്തിരംഗം തകര്‍ത്തത്തിന്, ഡല്‍ഹിയെ റേപ്പ് കാപിറ്റല്‍ എന്ന് വിളിച്ചതിന് എന്നും മറുപടിയായി രാഹുല്‍ ട്വീറ്ററില്‍ കുറിച്ചു.
അതേസമയം, രാഹുല്‍ ഗാന്ധിക്കെതിരെ ലോക്സഭയില്‍ ബി.ജെ.പി കനത്ത പ്രതിഷേധമായിരുന്നു ഉയര്‍ത്തിയത്. ഉന്നാവോ, ഹൈദരാബാദ് സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയെ ‘റേപ്പ് കാപിറ്റല്‍’ എന്ന് വിളിച്ചതിനെതിരെയാണ് വനിതാ എം.പിമാരുടെ നേതൃത്വത്തില്‍ ബിജെപി സഭയില്‍ പ്രതിഷേധിച്ചത്.
ഇന്ത്യയിലെ സ്ത്രീകള്‍ ലൈംഗികമായി ആക്രമിക്കപ്പെടണമെന്ന് ആദ്യമായായിരിക്കും ഒരു നേതാവ് കാഹളം മുഴക്കുകയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആരോപിച്ചു. രാഹുല്‍ ഗാന്ധി രാജ്യത്തെ ജനങ്ങള്‍ക്കു നല്കുന്ന സന്ദേശമാണോ ഇതെന്നും അവര്‍ ചോദിച്ചു. രാഹുലിനെ ശിക്ഷിക്കണമെന്നും അദ്ദേഹം മാപ്പ് പറയണമെന്നും അവര്‍ സഭയില്‍ ആവശ്യപ്പെട്ടു.
ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി രാഹുല്‍ രംഗത്തെത്തിയത്.