ജെയ്പൂർ: മാനഭംഗത്തിനിരയായ യുവതിയോടൊപ്പം സെൽഫിയെടുത്ത രാജസ്ഥാൻ വനിതാ കമീഷൻ അംഗം സോമ്യ ഗുർജൻ രാജിവെച്ചു. സംഭവം വിവാദമായതോടെ വനിതാ കമ്മീഷൻ അധ്യക്ഷ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് രാജി. മാനഭംഗത്തിനിരയായ യുവതിയെ കാണാൻ ബുധനാഴ്ചയാണ് സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷയായ സുമൻ ശർമയും കമീഷൻ അംഗം സോമ്യ ഗുർജറും വടക്കൻ ജെയ്പൂരിലെ പൊലീസ് സ്റ്റേഷനിലെത്തിയത്.
സന്ദര്‍ശനത്തിനുശേഷം സോമ്യ യുവതിക്കൊപ്പം സെൽഫിയെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. സെല്‍ഫിയില്‍ ഇവരോടൊപ്പം കമീഷൻ അധ്യക്ഷയും മുഖം കാണിച്ചിട്ടുണ്ട്. യുവതിയോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് കമീഷൻ അംഗം സെൽഫിയെടുത്തതെന്നും ഇത് താൻ അറിഞ്ഞില്ലെന്നുമാണ് സുമൻ ശർമയുടെ വാദം. സ്ത്രീധനം നൽകാത്തതിന് ഭർത്താവും ഭർത്താവിന്റെ സഹോദരന്മാരും ചേര്‍ന്ന് തന്നെ മാനഭംഗം ചെയ്തെന്ന് ആരോപിച്ചാണ് 30 കാരിയായ യുവതി പരാതി നൽകിയത്.