പനാജി: സംസ്ഥാനത്ത് തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സാവന്ത്. ഗോവ മുഖ്യമന്ത്രി പദത്തിൽ സാവന്തിന് ഇത് തുടർച്ചയായ രണ്ടാമൂഴമാണ്.
'ഭാവിയിൽ ഗോവ കൂടുതൽ ഉയരങ്ങളിലെത്തും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സംസ്ഥാനത്തെ ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്യും. ഖനനമേഖലയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. ഇതിലൂടെയും യുവാക്കൾക്ക് തൊഴിലവസരം ലഭിക്കും'- സാവന്ത് പറഞ്ഞു.
ഡോ. ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതാക്കളും പങ്കെടുത്ത സത്യപ്രതിജ്ഞ ചടങ്ങിന് ആയിരങ്ങൾ സാക്ഷിയായി. മുഖ്യമന്ത്രി പ്രമോദ് സാവന്തിന് പുറമെ എട്ട് പേർ കൂടി ഇന്ന് ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
വിശ്വജീത് റാണെ, മൗവിൻ ഗോഡിഞ്ഞോ, രവി നായിക്, നിലേഷ് കബ്രാൾ, സുഭാഷ് ശിരോദ്കർ, രോഹൻ ഖൗണ്ടേ, അറ്റനാസിയോ മൊൺസെറേറ്റ്, ഗോവിന്ദ് ഗൗഡെ എന്നിവരാണ് ഗോവ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ഗവർണർ പി.എസ് ശ്രീധരൻപിള്ള സത്യവാചകം ചൊല്ലിക്കൊടുത്തു.
40 അംഗ ഗോവ നിയമസഭയിൽ 20 സീറ്റ് നേടിയ ബിജെപി മറ്റ് 5 പേരുടെ പിന്തുണയോടെയാണ് ഗോവയിൽ ഭരണം നിലനിർത്തുന്നത്. 3 സ്വതന്ത്രരും മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയിലെ 2 അംഗങ്ങളുമാണ് ബിജെപിക്ക് പിന്തുണ നൽകിയത്. മുഖ്യമന്ത്രി പ്രമോദ് സാവന്ത് വടക്കൻ ഗോവയിലെ സംഖാലിം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. 2019 ൽ ഗോവ മുഖ്യമന്ത്രിയായിരുന്ന മനോഹർ പരീഖറിന്റെ മരണത്തിന് പിന്നാലെയാണ് സാവന്തിനെ മുഖ്യമന്ത്രിയായി നിയോഗിച്ചത്.
Heartfelt gratitude to the beloved people of #Goa & well wishers who supported me and attended the swearing-in ceremony and watched the proceedings online today. 1/2 pic.twitter.com/nupx6o7xxW
— Dr. Pramod Sawant (@DrPramodPSawant) March 28, 2022
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...