പാലക്കാട്: അട്ടപ്പാടിക്കായി കർമ്മ പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. അട്ടപ്പാടിയിൽ തുടർച്ചയായി ശിശു മരണം ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. ആദിവാസികളെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുമെന്നും ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘം കോട്ടത്തറ ആശുപത്രിയിലെ പ്രശ്നങ്ങൾ ഉൾപ്പെടെ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
നടപ്പാക്കുന്ന പദ്ധതികളുടെ പ്രയോജനം ആദിവാസികളിലെത്തണം. ആദിവാസികളെ എക്കാലത്തും ഫീഡ് ചെയ്യേണ്ടവരാക്കി നിർത്തരുത്. അവരെ സ്വയംപര്യാപ്തരാക്കണം. കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം കൊടുക്കണമെന്നും മന്ത്രി പറഞ്ഞു. മൂന്ന് മാസത്തിലൊരിക്കൽ വിലയിരുത്തലുണ്ടാവും. അട്ടപ്പാടിക്കായി പ്രത്യേക നോഡൽ ഓഫീസറെ നിയമിക്കും. മൈക്രോ ലെവൽ പ്ലാനിലൂടെ ഓരോ ഊരിലേയും പ്രശ്നം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, അട്ടപ്പാടിയിലെ ശിശുമരണവുമായി ബന്ധപ്പെട്ട് പട്ടികജാതി പട്ടിക ഗോത്ര വർഗ്ഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പാലക്കാട് ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, അഗളി ഐടിഡിപി പ്രോജക്ട് ഓഫീസർ, പാലക്കാട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിവർ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു.
നവജാത ശിശു മരണം സംഭവിക്കാനുള്ള കാരണങ്ങൾ, പരിഹാര മാർഗങ്ങൾ എന്നിവ ഉൾപ്പെടുന്നതായിരിക്കണം റിപ്പോർട്ട്. നാല് ദിവസത്തിനുള്ളിൽ നാല് കുഞ്ഞുങ്ങളാണ് മരിച്ചത്. അട്ടപ്പാടിയിലെ ശിശുമരണം സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് പ്രതികരിച്ചു. പോഷകാഹാരക്കുറവുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
ALSO READ: Attappadi child death | അട്ടപ്പാടിയിൽ സെറിബ്രൽ പാൾസി ബാധിച്ച് ആറ് വയസുകാരി മരിച്ചു
ഗീതു- സുനീഷ് ദമ്പതികളുടെ മൂന്ന് ദിവസം മാത്രം പ്രായമായ ആൺ കുഞ്ഞ് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ വച്ച് മരിച്ചു. കുഞ്ഞിന് ന്യുമോണിയയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. ഇതേ തുടർന്നാണ് മരണമെന്നാണ് റിപ്പോർട്ട്. അഗളി പഞ്ചായത്തിലെ കതിരമ്പതിയൂരിലെ രമ്യ-അയ്യപ്പൻ ദമ്പതിമാരുടെ 10 മാസം പ്രായമായ പെൺകുഞ്ഞും കഴിഞ്ഞ ദിവസം മരണപ്പെട്ടു.
അഗളിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോട്ടത്തറ ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴിയിലായിരുന്നു മരണം. കുട്ടി ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സെറിബ്രൽ പാൾസി ബാധിച്ച് ആറ് വയസുകാരിയും അട്ടപ്പാടിയിൽ കഴിഞ്ഞ ദിവസം മരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...