Thiruvananthapurm : കേരളം കോവിഡിൽ (Covid 19) വലയുമ്പോൾ ഹർത്താൽ (Harthal) ജനദ്രോഹമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ (K Surendran) പറഞ്ഞു. സംസ്ഥാനവുമായി ഒരു ബന്ധവുമില്ലാത്ത വിഷയത്തിലാണ് സർക്കാർ സ്പോൺസർ ചെയ്യുന്ന ഹർത്താൽ നടത്തുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. കർഷകസമരക്കാർ ഉയർത്തുന്ന ഒരു പ്രശ്നവും ഇവിടെ ബാധിക്കില്ലെന്നിരിക്കെ കൊവിഡിൽ നടുവൊടിഞ്ഞ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കുന്നത് എന്തിനാണെന്ന് സമരക്കാരും ഹർത്താലിനെ പിന്തുണയ്ക്കുന്ന സർക്കാരും ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മണ്ഡി സംവിധാനമില്ലാത്ത ഓപ്പൺ മാർക്കറ്റിൽ കർഷകർക്ക് (Farmers) ഉത്പന്നങ്ങൾ വിൽക്കാൻ സാധിക്കുന്ന സംസ്ഥാനമാണ് കേരളം. താങ്ങുവില നടപ്പിലാക്കാത്ത കേരളത്തിൽ (Kerala) അതിന് ശ്രമിക്കാതെ പഞ്ചാബിലെ താങ്ങ് വിലയ്ക്ക് വേണ്ടി സമരം ചെയ്യുന്നത് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ കർഷകർ ദുരിതത്തിലാണ്. കേരളത്തിലെ കർഷകർക്ക് വേണ്ടി പ്രവർത്തിക്കാത്ത പിണറായി സർക്കാർ ദില്ലിയിലെ ചില ഇടനിലക്കാർക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
കൊവിഡിൽ വലയുന്ന സംസ്ഥാനത്ത് സ്കൂളുകൾ (School Reopening) തുറക്കുമ്പോൾ രക്ഷിതാക്കൾക്കുണ്ടാകുന്ന ആശങ്കകൾ പരിഹരിക്കണം. മറ്റു സംസ്ഥാനങ്ങളെ പോലല്ല കേരളത്തിൽ ടിപിആർ കുറയുന്നില്ലെന്നത് യാഥാർത്ഥ്യമാണ്. കൊവിഡിനെ നിയന്ത്രിക്കാനാവാത്ത സാഹചര്യത്തിൽ കുട്ടികളിൽ കൊവിഡ് പടർന്നു പിടിക്കാൻ അവസരമുണ്ടാക്കരുത്. നവംബർ ഒന്നിന് തന്നെ സ്കൂളുകൾ തുറക്കണം എന്ന വാശി എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. സ്കൂളുകൾ തുറക്കുന്നതിനെ ബിജെപി എതിർക്കുന്നില്ല. ഗ്രാമീണ മേഖലകളിൽ നിന്നും ഉൾപ്പെടെ എത്തുന്ന വിദ്യാർത്ഥികൾക്ക് വേണ്ട യാത്രാ സൗകര്യം ഒരുക്കാൻ സർക്കാർ തയ്യാറാവണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ജനങ്ങളെ എങ്ങനെ ഭിന്നിപ്പിക്കാമെന്നാണ് നോക്കുന്നത്. നാർക്കോട്ടിക്ക് കേസുകളിലെ മതംതിരിച്ചുള്ള കണക്കുകൾ അദ്ദേഹം പുറത്ത് വിട്ടത് അസ്വഭാവികമാണ്. ക്രിമിനൽ കേസിൽ എങ്ങനെയാണ് മുഖ്യമന്ത്രിക്ക് മതം തിരിച്ചുള്ള കണക്ക് കിട്ടുന്നത്? പേര് നോക്കിയാണോ മതം മനസിലാക്കുന്നത്? അങ്ങനൊരു സംവിധാനം സർക്കാരിനുണ്ടോ? കഞ്ചാവ് ബീഡി വിൽക്കുന്നവരെയും വിദേശത്ത് നിന്നും മയക്കുമരുന്ന് കടത്തുന്നവരെയും ഒരേ ത്രാസിലാണോ ഉൾപെടുത്തുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി പ്രസിഡന്റ് ആവശ്യപ്പെട്ടു.
കോട്ടയം നഗരസഭയിലെ അവിശ്വാസത്തിൽ പ്രതിപക്ഷ ധർമ്മമാണ് ബിജെപി നിർവഹിച്ചത്. ഒരുമുന്നണിയോടും യോജിക്കാൻ പാർട്ടിക്ക് താത്പര്യമില്ല. തിരഞ്ഞെടുപ്പിൽ സ്വതന്ത്രമായി മത്സരിക്കാനാണ് പാർട്ടി ജില്ലാഘടകം തീരുമാനിച്ചിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽസെക്രട്ടറി പി.സുധീർ, സംസ്ഥാനസെക്രട്ടറി എസ്.സുരേഷ് എന്നിവർ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...