Thiruvananthapuram : തിരുവനന്തപുരം കാരുണ്യ മെഡിക്കൽ സ്റ്റോറുകളിൽ അവശ്യമരുന്നുകൾ ലഭ്യമാക്കണമെന്ന ആരോഗ്യമന്ത്രി ഉത്തരവ് പാലിക്കപ്പെട്ടില്ല. കാരുണ്യ ഫാർമസിയിൽ മരുന്നിനായി എത്തിയ പലർക്കും നിരാശയോടെ മടങ്ങേണ്ടി വന്നു. പ്രമേഹ രോഗത്തിന് ഉപയോഗിക്കുന്ന പല മരുന്നും മാസങ്ങളായി ഇവിടെ ലഭ്യമല്ല. കുറഞ്ഞ ചിലിവിൽ മരുന്നുകള്‍ ലഭ്യമാക്കാനായി ആരംഭിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാരുണ്യ മെഡിക്കൽ സ്റ്റോറുകളിലാണ് ഈ അവസ്ഥ.
എന്ത് കൊണ്ടാണ് മരുന്നുകൾ ലഭ്യമാക്കാത്തതിന് കൃത്യമായ ഉത്തരം ഇനിയും നൽകിയിട്ടില്ല. മാർച്ച് 17 ന് ആരോഗ്യമന്ത്രി മെഡിക്കൽ സ്റ്റോറിൽ മിന്നൽ പരിശോധന നടത്തിയിരുന്നു. രോഗിയുടെ പരാതിയെ തുടർന്നായിരുന്നു സന്ദർശനം. രോഗിയുടെ കുറിപ്പിലുള്ള ഒരു മരുന്നും സ്റ്റോറിൽ ഉണ്ടായിരുന്നില്ല. തുടർന്ന് ഫാർമസിക്കകത്തെ കമ്പ്യൂട്ടർ പരിശോധിച്ച മന്ത്രി മരുന്നുകള്‍ കൃത്യമായി സ്റ്റോക്ക് ചെയ്യാൻ നിർദേശവും നല്കി. എന്നാല്‍ ഇന്നും അവസ്ഥയില്‍ മാറ്റമില്ല.
സർജറിക്കാവശ്യമായ മരുന്നുകളും മറ്റു വസ്തുക്കളും കാരുണ്യയിൽ നിന്നും ലഭ്യമാകുന്ന പ്രതീക്ഷയിൽ ഇവിടെ എത്തുന്നവരിൽ പലരും മടങ്ങുന്നത് നിരാശയോടെയാണ്. വെന്റിലേറ്ററിലായിരുന്ന മകൾക്കായി മരുന്നു വാങ്ങാൻ എത്തിയ ഒരച്ഛന്റെയും അനുഭവം മറിച്ചല്ല. മറ്റൊരാൾ സർജറിയുമായി ബന്ധപ്പെട്ട് 11 മരുന്നുകൾ വാങ്ങാൻ രണ്ട് തവണ കാരുണ്യയിൽ എത്തിയെങ്കിലും ലഭിച്ചത് ഒരു മരുന്ന് മാത്രമാണ്. ഇത്തരത്തിൽ നിരവധി പേരാണ് ബുദ്ധിമുട്ടുന്നത്.
പ്രമേഹ രോഗത്തിനുള്ള മരുന്നിനായി രണ്ട് മാസമായി മരുന്നു അന്വേഷിച്ചു വരുന്നവർക്കും അനുഭവം മറിച്ചല്ല. മരുന്നു കൃത്യമായി സ്റ്റോക്ക് ചെയ്യാത്ത് ഉദ്യോഗസ്ഥർക്കെതിരെ കര്‍ശന നടപടിയെടുക്കാൻ കെ.എം.എസ്.സി.എൽ നോട് ആരോഗ്യമന്ത്രിആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കാരുണ്യ ഡിപ്പോ മാനേജറെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. എങ്കിലും മരുന്നുകൾ ഇതുവരെ കാരുണ്യ ഫാർമസിയിൽ ലഭ്യമായിട്ടില്ല.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.