തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ പുന:സംഘടന സംബന്ധിച്ച തർക്കങ്ങൾ ഓരോ ദിവസവും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവും തമ്മിലും അസ്വാരസ്യങ്ങളുണ്ട്. അതിനിടെയാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾക്കിടയിലെ അസ്വാരസ്യങ്ങൾ മറനീക്കി പുറത്ത് വരുന്നത്.
മുതിർന്ന നേതാവും മുൻ എംഎൽഎയും ആയ വർക്കല കഹാറിനെതിരെ പരസ്യ വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത് കെപിസിസി ട്രഷറർ പ്രതാപ ചന്ദ്രൻ ആണ്. ജി കാർത്തികേയനെ ജില്ലാ പ്രസിഡന്റാക്കുന്നതിന് കഹാർ എതിര് നിന്നെന്നും തിരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ അനുവദിച്ചില്ലെന്നും പ്രതാപ ചന്ദ്രൻ ഫേസ്ബുക് പോസ്റ്റിൽ തുറന്നടിച്ചു.
കെഎസ് യു പ്രവർത്തന കാലം മുതലുളള കാർത്തികേയന്റെ രാഷ്ട്രീയ ജീവിതവും അതിനിടയിലെ സംഭവ വികാസങ്ങളും അനുസ്മരിച്ച് കൊണ്ടായിരുന്നു പ്രതാപചന്ദ്രന്റെ വിമർശനം. കേരള സര്‍വകലാശാല യൂണിയന്റെ ജനറല്‍ സെക്രട്ടറിയാകാന്‍ കാര്‍ത്തികേയന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു എന്നും അതിന് പിന്നിൽ വയലാർ രവി ആയിരുന്നു എന്നും പ്രതാപചന്ദ്രൻ ആരോപിക്കുന്നുണ്ട്.
അന്ന് കെഎസ് യുവിലെ അവസാന വാക്ക് വയലാർ രവി ആയിരുന്നു എന്നും എന്തുകൊണ്ടാണ് അദ്ദേഹം കാർത്തികേയന്റെ കാര്യത്തിൽ അത്തരമൊരു തീരുമാനം എടുത്തത് എന്ന് അറിയില്ലെന്നും പ്രതാപചന്ദ്രൻ പറയുന്നു. വണ്ടിക്കൂലിക്ക് വകയില്ലാതെ, കട്ടൻ .ചായകുടിക്കാന്‍ പണമില്ലാതെ, കടം പറഞ്ഞ്, ടാക്‌സി കാറുകള്‍ പിടിച്ച് സൈക്കളിൽ സഞ്ചരിച്ച് കെ എസ് യു ക്കാരുടെ വീട്ടിലെ ഭക്ഷണം കഴിച്ച് സംഘടനാ പ്രവര്‍ത്തനം നടത്തിയിരുന്ന കാലം. ആ കാലത്തിലേക്ക് കേരളത്തിലെ വിദ്യാര്‍ത്ഥി രംഗവും ജനാധിപത്യ പ്രസ്ഥാനങ്ങളും മടങ്ങി വന്ന് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ കഴിയട്ടെയെന്നാണ് എന്റെ ആഗ്രഹം- പ്രതാപ ചന്ദ്രൻ തൻറെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...