കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷകയായി എൻറോൾ ചെയ്ത പദ്മ ലക്ഷ്മിക്ക് അഭിനന്ദന പ്രവാഹം. സമൂഹം മാറ്റത്തിന്റെ പാതയിലാണെന്ന് വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. നിരവധി പേർ പദ്മ ലക്ഷ്മിക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിരുന്നു. നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമാകാൻ ഇനി പദ്മ ലക്ഷ്മിയുണ്ടാകും. 1528 അഭിഭാഷകരോടൊപ്പമായിരുന്നു പദ്മ എൻറോൾ ചെയ്തത്. മന്ത്രി പി രാജീവ് തന്റെ ഫേസ്ബുക്കിൽ പദ്മ ലക്ഷ്മിയെ അഭിനന്ദിച്ച് ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു.
ചെറുപ്പം മുതൽ അഭിഭാഷകയാകണമെന്ന ആഗ്രഹം തനിക്ക് ഉണ്ടായിരുന്നതായി പദ്മ ലക്ഷ്മി പറഞ്ഞു. ഫിസിക്സ് വിഷയത്തിൽ ബിരുദ പഠനം പൂർത്തിയാക്കി രണ്ട് വർഷത്തിന് ശേഷമാണ് പദ്മ എറണാകുളം ഗവ. ലോ കോളജിൽ എൽഎൽബിക്ക് ചേർന്നത്. പ്രാക്ടീസ് ചെയ്ത ശേഷം ജുഡീഷ്യൽ സർവീസ് പരീക്ഷകൾ എഴുതുകയെന്നതാണ് പദ്മയുടെ ലക്ഷ്യം.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
''ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷകയായി എൻറോൾ ചെയ്ത പത്മലക്ഷ്മിക്ക് അഭിനന്ദനങ്ങൾ. ആദ്യത്തെ ആളാകുക എന്നത് ചരിത്രത്തിലെപ്പോഴും കഠിനമായ നേട്ടമാണ്. ലക്ഷ്യത്തിലേക്കുള്ള വഴിയിൽ മുൻഗാമികളില്ല. തടസങ്ങൾ അനവധിയുണ്ടാകും. നിശബ്ദമാക്കാനും പിന്തിരിപ്പിക്കാനും ആളുകളുണ്ടാകും. ഇതിനെയെല്ലാം അതിജീവിച്ചാണ് നിയമചരിത്രത്തിൽ സ്വന്തം പേര് പത്മലക്ഷ്മി എഴുതിച്ചേർത്തിരിക്കുന്നത്.
നീതിക്കായുള്ള പോരാട്ടത്തിൽ ഏത് ഭാഗത്ത് നിൽക്കണമെന്ന് പത്മലക്ഷ്മി കടന്നുവന്ന വഴികൾ അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മുന്നോട്ടുള്ള യാത്രയിൽ നിയമത്തിന്റെ കരുത്തുമായി നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്‌ദമാകുകയാണ് ലക്ഷ്യമെന്ന പത്മലക്ഷ്മിയുടെ വാക്കുകൾ അത്രമേൽ മൂർച്ചയുള്ളതാണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ള കൂടുതലാളുകൾ അഭിഭാഷകവൃത്തിയിലേക്ക് കടന്നുവരുന്നതിന് പത്മലക്ഷ്മിയുടെ ജീവിതം പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു. അഡ്വ. പത്മലക്ഷ്മിയെയും ഇന്നലെ എൻറോൾ ചെയ്ത 1528 അഭിഭാഷകരെയും ഒരിക്കൽകൂടി അഭിനന്ദനങ്ങൾ അറിയിക്കുന്നു.''
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...