മലപ്പുറം: തൃശൂരിന് പിന്നാലെ മലപ്പുറത്തും വീശിയടിച്ച് മിന്നൽ ചുഴലി. മലപ്പുറം കൊണ്ടോട്ടി ഒമാനൂരിലെ കൊടക്കാടാണ് അതിശക്തമായ കാറ്റ് വീശിയത്. മൂന്നു മിനിട്ടോളം നീണ്ടു നിന്ന മിന്നൽചുഴലിയിൽ നിരവധി മരങ്ങൾ കടപുഴകി വീണു. 15ലേറെ വീടുകൾക്ക് കേടു പറ്റുകയും വൈദ്യുതി ബന്ധം പൂർണമായും തകരാറിലാകുകയും ചെയ്തു. ആർക്കും പരിക്കുള്ളതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്ന് രാവിലെ 11 മണിയോടെ തൃശൂർ ചാലക്കുടിയിലും സമീപപ്രദേശങ്ങളിലും വീശിയടിച്ച മിന്നൽചുഴലിയിൽ വ്യാപക നാശനഷ്ടമുണ്ടായിരുന്നു. നിരവധി മരങ്ങൾ കടപുഴകി വീണു. മരങ്ങൾ വീണ് വാഹനങ്ങൾ തകരുകയും വൈദ്യുതി വിതരണം തടസപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെ പത്തനംതിട്ട അടൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് വൈദ്യതി തൂണ് ഒടിഞ്ഞ് വീണു. കാർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഏഴംകുളം മാങ്കുട്ടത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന മരം കടപുഴകി റോഡിലെ വൈദ്യുതി ലൈനിന് മുകളിൽ വീണാണ് അപകടം ഉണ്ടായത്. മരം വീണതിൻ്റെ ആഘാതത്തിൽ മൂന്ന് വൈദ്യുത തൂണുകൾ ഒടിഞ്ഞു. അതിൽ ഒരു തുണ് ഈ സമയം അതുവഴി വന്ന കാറിന് മുകളിൽ പതിക്കുകയായിരുന്നു.
ALSO READ: കനത്ത മഴ; പകര്‍ച്ചവ്യാധി പ്രതിരോധത്തിന് സ്റ്റേറ്റ് കണ്ട്രോള് റൂം ആരംഭിച്ചു
കാറിൻ്റെ മുകൾഭാഗം പൂർണ്ണമായും തകർന്നെങ്കിലും കാറോടിച്ചിരുന്ന കോന്നി സ്വദേശി ശ്രീജിത്ത് അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിൽ ഈ സമയം ശ്രീജിത്ത് മാത്രമാണ് ഉണ്ടായിരുന്നത്. അടുരിൽ നിന്നും ഫയർഫോഴ്സ് എത്തി മരങ്ങൾ മുറിച്ച് മാറ്റുകയും കെ എസ് ഈ ബി ഉദ്യോഗസ്ഥർ ലൈൻ ഓഫ് ചെയ്ത് പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്ത ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
കനത്ത മഴയിൽ തിരുവല്ല നിരണത്ത് നിർമ്മാണത്തിലിരുന്ന പള്ളി തകർന്ന് വീണു. പനച്ചമൂട് എസ് മുക്കിൽ നിർമ്മാണത്തിലിരുന്ന സിഎസ് ഐ പളളിയാണ് തകർന്ന് വീണത്. 134 വർഷം പഴക്കമുള്ള പള്ളിക്ക് പുതിയ കെട്ടിടം പണിയുന്നതിനായി പില്ലറുകൾ വാർക്കുന്ന ജോലികൾ നടന്നുവരികയായിരുന്നു. 18 കുടുംബങ്ങളാണ് ഇടവകയിൽ ഉള്ളത്. ഈ ഞയറാഴ്ച്ചയും ആരാധന നടന്നിരുന്നു. ഇന്ന് പുലർച്ചെ 6.30 ഓടെ പളളി പൂർണ്ണമായും തകർന്നുവീണു.
അതേസമയം, റെഡ് അലർട്ട് പ്രഖ്യാപിച്ച ഇടുക്കിയിൽ നിലവിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെന്ന ആശ്വാസ വാർത്തയും പുറത്തുവരുന്നുണ്ട്. വരും ദിവസങ്ങളിലും ഇടുക്കിയിൽ അതി തീവ്ര മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ജലശയങ്ങളിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. പാംബ്ല, കല്ലാർകുട്ടി, ഹെഡ് വർക്സ് ഡാമുകളിൽ നിന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നത് തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...