ബ്രേസിയർ ധരിക്കാതെ ഷാൾ ഇടാതെ ആൺകുട്ടികൾക്ക് ഒപ്പമിരുന്ന് പരീക്ഷ എഴുതുന്ന പെൺകുട്ടിയുടെ മാനസികാവസ്ഥ എന്താകും? ഒരു ഉത്തരം തെറ്റിയാൽ നൂറുകണക്കിന് റാങ്ക് പിന്തള്ളപ്പെട്ടു പോകുന്ന നീറ്റ് പരീക്ഷ എന്ത് മാനസികാവസ്ഥയിൽ ആകും അവർ എഴുതിയിട്ടുണ്ടാവുക? മാസങ്ങളും വർഷങ്ങളും നീണ്ട തയ്യാറെടുപ്പുകൾക്ക് ഒടുവിൽ പരീക്ഷ ഹാളിലേക്കെത്തിയ അവർ മാനസിക പിരിമുറക്കത്തിൽപ്പെട്ട് സ്വന്തം ഭാവി നിർണയിക്കുന്ന ആ പരീക്ഷ എഴുതിതീർത്തത് എങ്ങനെയാകും? പഠിച്ചകാര്യങ്ങൾ ഒരുവട്ടംകൂടി ഓർമിച്ചെടുത്ത് മനസിനെ ശാന്തമാക്കി പരീക്ഷഹാളിലേക്ക് എത്തിയ പെൺകുട്ടികളോടാണ് പരിശോധന ചുമതലയിലുണ്ടായിരുന്ന ജീവനക്കാരി ചോദിച്ചു 'ഭാവിയാണോ, അടിവസ്ത്രമാണോ വലുത്'?
കൊല്ലം ജില്ലയിലെ ആയൂർ മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലാണ് അടിവസ്ത്രം ഇല്ലാതെ പെൺകുട്ടികൾക്ക് പരീക്ഷ എഴുതേണ്ടിവന്നത്. പരീക്ഷയിലെ ഡ്രസ് കോഡിന്റെ പേരിൽ എന്റെ മകളെപ്പോലെ പെൺകുട്ടികൾ അപമാനിക്കപ്പെടാതിരിക്കാനാണ് പൊലീസ് പരാതിപ്പെടുന്നതെന്ന് പൊലീസിൽ പരാതിപ്പെട്ട ശൂരനാട് സ്വദേശിയായ പെൺകുട്ടിയുടെ അച്ഛൻ പറയുന്നു. "12 മണിയോട് കൂടി പരീക്ഷാ കേന്ദ്രമായ ആയൂർ കോളജിലെത്തി. മകളെ പരീക്ഷാ സെന്ററിലേക്ക് കയറ്റിവിട്ടു. സർട്ടിഫിക്കറ്റ് അടക്കമുള്ള പ്രാഥമിക പരിശോധന പൂർത്തിയാക്കിയപ്പോഴാണ് അടിവസ്ത്രത്തിൽ നിന്ന് മെറ്റൽ ഡിറ്റക്ടറിൽ ബീപ് ശബ്ദം കേൾക്കുന്നത് . ഉടൻതന്നെ അടിവസ്ത്രം അഴിച്ചുമാറ്റണമെന്ന് പരിശോധന ചുമതലയിലുണ്ടായിരുന്നവർ ആവശ്യപ്പെട്ടു. അതിന് കഴിയില്ലെന്ന് പറഞ്ഞപ്പോൾ മാനസികമായി തകർക്കുന്ന വാക്കുകൾ അവർ പറഞ്ഞു. പുറത്തുനിൽക്കുകയായിരുന്നു ഞങ്ങൾ അപ്പോൾ . മറ്റൊരു ഉദ്യോഗസ്ഥൻ ഇറങ്ങിവന്ന് ഞങ്ങളുടെ കയ്യിൽ നിന്ന് ഒരു ഷാൾ വാങ്ങിക്കൊണ്ടുപോയി. പരീക്ഷ കഴിഞ്ഞ് മകൾ ഇറങ്ങിവന്നപ്പോൾ ആണ് സംഭവം അറിഞ്ഞതെന്നും" അദ്ദേഹം പറഞ്ഞു.
തികച്ചുപ്രാകൃതമായ സംഭവം ആണ് നടന്നതെന്ന് വനിതാകമ്മീഷനംഗം ഷാഹിദ കമാലും പറഞ്ഞു. "പരാതി നൽകിയ പെൺകുട്ടികളുമായി സംസാരിച്ചു. ഒരു കൈ കൊണ്ട് മാറിടം മറച്ച് മറുകൈകൊണ്ട് പേന പിടിക്കുമ്പോൾ എങ്ങനെയാണ് എനിക്ക് പരീക്ഷ നന്നായി എഴുതാൻ കഴിയുക എന്നാണ് ഒരു പെൺകുട്ടി ചോദിച്ചത്. പെൺകുട്ടികളുടെ അന്തസിനെയും അഭിമാനത്തെയും ഹനിക്കുന്ന പ്രവർത്തിയാണ് ഉണ്ടായത്. ശാരീരിക അതിക്രമവും മനുഷ്യാവകാശ ലംഘനവുമാണ് നടന്നതെന്ന്" ഷാഹിദ കമാൽ പറഞ്ഞു. പരീക്ഷാനടത്തിപ്പ് ഏൽപ്പിക്കുന്ന സ്വകാര്യ ഏജൻസികൾ ജീവനക്കാർക്ക് പരിശീലനം നൽകേണ്ടതാണ്. മാനദണ്ഡങ്ങളെക്കുറിച്ച് ബോധമില്ലാത്തതും ആരെയെങ്കിലും ഒക്കെ പിടിച്ച് പരിശോധനയ്ക്ക് നിയോഗിക്കുന്നതുമാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമെന്ന് ഷാഹിദ കമാൽ കൂട്ടിച്ചേർത്തു.
മാലയോ തൊപ്പിയോ ചെരിപ്പോ ഊരിവാങ്ങുന്നത് പോലെയല്ല പെൺകുട്ടികളുടെ അടിവസ്ത്രം അഴിച്ചുവാങ്ങുന്നത് . അതുണ്ടാക്കുന്ന കടുത്ത മാനസിക സമ്മർദത്തിൽ ആ പെൺകുട്ടികൾ എങ്ങനെ പരീക്ഷ എഴുതിയിരിക്കാമെന്ന് ഐഎംഎ പ്രതിനിധി ഡോ. സുൽഫി നൂഹ് ചോദിച്ചു. " ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ഒരുമിനിട്ടിൽ താഴെ മാത്രം സമയമേ ലഭിക്കൂ. പരീക്ഷസമ്മർദത്തിന് പുറമെ അടിവസ്ത്രമില്ലാതെ ഇരിക്കുകമ്പോൾ ഉണ്ടാകുന്ന സമ്മർദവും കൂടി അത് പരീക്ഷ ഫലത്തെ ബാധിക്കും. കോപ്പിയടി തടയാൻ എങ്കിൽ മൊബൈൽ ജാമറുകൾ പോലെയുള്ള സാങ്കേതിക മാർഗങ്ങൾ തേടുകയാണ് വേണ്ടതെന്ന് ഡോ. സുൽഫി നൂഹ് അഭിപ്രായപ്പെട്ടു.
പരിശോധനകൾ വേണം. എന്നാൽ അതിനൊരു മനുഷ്യത്വം വേണ്ടെ എന്നാണ് ഡോ. സൗമ്യ സരിൻ ചോദിക്കുന്നത് . "ഇത്തരം സംഭവങ്ങൾ ഇനിയൊരിക്കലും ആവർത്തിക്കപ്പെടരുത്. മാനസിക സമ്മർദം ലഘൂകരിക്കുന്നതിനുള്ള കാര്യങ്ങളാണ് പരീക്ഷ കേന്ദ്രങ്ങളിൽ ഒരുക്കേണ്ടത്. മെറ്റൽ ഡിറ്റക്ടർ, മൊബൈൽ ജാമറുകൾ ഒക്കെ ഉപയോഗിച്ച് പരിശോധന നടത്താമായിരുന്നു. അടിവസ്ത്രം അഴിച്ചുവാങ്ങിക്കേണ്ട ആവശ്യമില്ലായിരുന്നു. ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുതെന്ന്" ഡോ. സൗമ്യ സരിൻ പറഞ്ഞു.
പരീക്ഷ നടത്തിപ്പിനുള്ള സൗകര്യം മാത്രമാണ് ഒരുക്കി നൽകിയത് എന്നാണ് വിഷയത്തിൽ മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിശദീകരണം. വിദ്യാർഥികളുടെ ബയോമെട്രിക് പരിശോധനയും മറ്റും നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് നടത്തിയത്. ഇതിൽ കോളജിന് യാതൊരു പങ്കും ഇല്ല. ക്ലാസ് മുറികളും ഇൻവിജിലേറ്റേഴ്സിനെയും മാത്രമാണ് കോളജ് നൽകിയിട്ടുള്ളത്. കോളജിനോ കോളജിലെ അധ്യാപകർക്കോ ഇതിൽ യാതൊരു പങ്കും ഇല്ലെന്നാണ് പ്രിൻസിപ്പലിന്റെ വിശദീകരണം. പരീക്ഷയ്ക്ക് എത്തുന്ന പെൺകുട്ടികളും ആൺകുട്ടികളും എങ്ങനെ വസ്ത്രം ധരിക്കണമെന്ന് നാഷണൽ ടെസ്റ്റിങ് അതോറിറ്റിയുടെ കൃത്യമായ നിർദേശമുണ്ട്. ഇതിൽ അടിവസ്ത്ര പരിശോധനയെക്കുറിച്ച് പറയുന്നില്ല. ഇതേ വിദ്യാഭ്യാസസ്ഥാപനത്തിൽ പരീക്ഷയ്ക്ക് എത്തിയ 90 ശതമാനം പെൺകുട്ടികളെയും അടിവസ്ത്രം ഇല്ലാതെയാണ് പരീക്ഷ എഴുതാൻ അനുവദിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.