രാജ്യത്തിന്‍റെ ജനാധിപത്യക്രമം ശക്തിപ്പെടണമെങ്കില്‍ കലാലയ രാഷ്ട്രീയം ആവശ്യമെന്ന് മുഖ്യമന്ത്രി

രാജ്യത്തിന്‍റെ ജനാധിപത്യ വ്യവസ്ഥയില്‍ കലാലയ രാഷ്ട്രീയത്തിന്‍റെ പ്രാധാന്യം എടുത്തു പറഞ്ഞ് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ സ്വാതന്ത്ര്യ പോരാട്ടത്തിലൂടെ രൂപപ്പെട്ടുവന്ന നമ്മുടെ ഭരണഘടന സംഘടിക്കാനും ജനാധിപത്യപരമായി സമരം ചെയ്യാനുമുള്ള അവകാശം എല്ലാ വിഭാഗങ്ങൾക്കും മുന്നോട്ടുവെക്കുന്നുണ്ട്. ആ കാഴ്ചപ്പാട് ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കാനാണ് നമുക്ക് കഴിയേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

Last Updated : Oct 30, 2017, 01:56 PM IST
രാജ്യത്തിന്‍റെ ജനാധിപത്യക്രമം ശക്തിപ്പെടണമെങ്കില്‍ കലാലയ രാഷ്ട്രീയം ആവശ്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തിന്‍റെ ജനാധിപത്യ വ്യവസ്ഥയില്‍ കലാലയ രാഷ്ട്രീയത്തിന്‍റെ പ്രാധാന്യം എടുത്തു പറഞ്ഞ് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ സ്വാതന്ത്ര്യ പോരാട്ടത്തിലൂടെ രൂപപ്പെട്ടുവന്ന നമ്മുടെ ഭരണഘടന സംഘടിക്കാനും ജനാധിപത്യപരമായി സമരം ചെയ്യാനുമുള്ള അവകാശം എല്ലാ വിഭാഗങ്ങൾക്കും മുന്നോട്ടുവെക്കുന്നുണ്ട്. ആ കാഴ്ചപ്പാട് ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കാനാണ് നമുക്ക് കഴിയേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

കണ്ണൂർ സർവകലാശാല ഇ.കെ നായനാർ ചെയർ ഫോർ പാർലമെൻററി അഫയേഴ്‌സ് താവക്കര കാമ്പസിൽ സംഘടിപ്പിച്ച 'ഇന്ത്യൻ പാർലമെൻററി ജനാധിപത്യം: ഭീഷണികളും വെല്ലുവിളികളും' ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

18 വയസ്സ് കഴിഞ്ഞവർക്ക് വോട്ടവകാശം ഉള്ള രാജ്യമാണ് നമ്മുടേത്. 18 വയസ്സ് കഴിഞ്ഞവർ സംഘടിക്കാൻ അവകാശമില്ലാത്തവരാണ് എന്നു പറയുന്നത് ഭരണഘടനയുടെ മൗലികമായ കാഴ്ചപ്പാടിന് നിരക്കാത്ത ഒന്നാണ്. ഇവിടെയാണ് വിദ്യാർഥികളുടെ രാഷ്ട്രീയ പ്രശ്‌നവും ഉയർന്നുവരുന്നത്. 

രാജ്യത്തിന്റെ ജനാധിപത്യക്രമം ശക്തിപ്പെടണമെങ്കിൽ ജനാധിപത്യപരമായ പ്രവർത്തനങ്ങളും ജീവിതക്രമവും ചെറുപ്പത്തിൽത്തന്നെ സ്വായത്തമാക്കാനുതകുന്ന സംവിധാനമുണ്ടാകണം. സ്‌കൂൾ, കോളജ് തലങ്ങളിൽ ജനാധിപത്യ പ്രവർത്തനത്തിന്റെ സാധ്യത വികസിപ്പിക്കൽ ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമാണ്.
ജനാധിപത്യം നിലനിൽക്കാൻ ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങളെല്ലാം നിറവേറ്റാൻ കഴിയണം. രാജ്യം ഇവിടെ ജീവിക്കുന്ന എല്ലാ ജനങ്ങളുടേതുമാണ്. 

ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണവും സംരക്ഷണം നൽകലും ഏറ്റവും പ്രധാനമാണ്. ഫെഡറലിസത്തിന്റെ സംരക്ഷണം രാജ്യത്തിന്റെ ജനാധിപത്യ ഘടനയ്ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനവും പ്രാദേശിക സർക്കാറുകളായി വികസിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അനിവാര്യമാണ്. ഇതിൽനിന്ന് വ്യത്യസ്തമായ ഘടനയുണ്ടാകുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തും. ഇതോടൊപ്പം തെരഞ്ഞെടുപ്പ് പ്രവർത്തനം പൂർണമായി നിഷ്പക്ഷമാവേണ്ടതുണ്ട്. ജനാധിപത്യ സ്ഥാപനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസമുറപ്പിക്കാനാവും വിധം നിഷ്പക്ഷമായ നിലപാടുകൾ തെരഞ്ഞെടുപ്പ് കമീഷനും സ്വീകരിക്കേണ്ടതുണ്ട്.

ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ഇടപെടലുകൾ പാർലമെൻററി ജനാധിപത്യത്തെ ദുർബലപ്പെടുത്തും. ജനകീയ അഭിപ്രായം എതിരായാൽ ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള സംവിധാനം കൂടി ഉൾക്കൊള്ളിക്കുന്നത് ആലോചിക്കേണ്ടതാണ്. ഒരു വനിത ഏറെക്കാലം പ്രധാനമന്ത്രിയായ രാജ്യത്ത് വനിതാ സംവരണ ബിൽ കീറാമുട്ടിയായി നൽക്കുന്നു. സ്ത്രീപങ്കാളിത്തം വർധിപ്പിക്കേണ്ടത് ഒഴിച്ചുകൂടാവാത്തതാണ്. പണത്തിന്റെ സ്വാധീനത്തിൽനിന്ന് തെരഞ്ഞെടുപ്പ് പ്രക്രിയയെ മോചിപ്പിച്ചില്ലെങ്കിൽ ശരിയായ ജനവികാരം പ്രതിഫലിക്കപ്പെടില്ല. ഇന്നത്തെ രീതി മാറി ആനുപാതിക പ്രാതിനിധ്യത്തെക്കുറിച്ച് ആലോചിക്കണം. വോട്ടിംഗ് ശതമാനത്തിന് അനുസരിച്ച് പ്രതിനിധികളെ തെരഞ്ഞെടുക്കാൻ കഴിണം.

Trending News