തിരുവനന്തപുരം: പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ ശേഷം സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. പാലോട് പച്ച സ്വദേശി ഷൈജുവാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇയാൾ മരിച്ചത്. തീകൊളുത്തിയതിനെ തുടർന്ന് ഷൈജുവിന് 60 ശതമാനം പൊള്ളലേറ്റിരുന്നു.
പങ്കാളിയെ കാണാനില്ല എന്ന പരാതിയുമായാണ് ഇയാൾ ആര്യനാട് പോലീസ് സ്റ്റേഷനിൽ എത്തിയത്. പരാതി നൽകിയ ശേഷം പുറത്തേക്ക് പോയ ഇയാൾ പിന്നീട് തിരിച്ചെത്തി പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഉടൻ തന്നെ പോലീസുാർ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
കൊട്ടാരക്കര പുത്തൂരിൽ റബ്ബർ ടാപ്പിംഗ് തൊഴിലാളിയാണ് പാലോട് സ്വദേശിയായ ഷൈജു. ഷൈജുവിനൊപ്പം കഴിഞ്ഞിരുന്ന ആര്യനാട് കോട്ടയ്ക്കകം സ്വദേശിയായ യുവതിയെ കാണാനില്ലെന്നാണ് പരാതി നൽകിയത്. സമാന പരാതി കൊല്ലം പുത്തൂർ സ്റ്റേഷനിലും ഷൈജു നൽകിയിരുന്നു. തുടർന്ന് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കിയപ്പോൾ സഹോദരനൊപ്പം പോകണമെന്ന യുവതി അറിയിക്കുകയും യുവതിയുടെ ഇഷ്ടപ്രകാരം സഹോദരനൊപ്പം പോകാൻ കോടതി അനുവദിക്കുകയുമായിരുന്നു.
Also Read: Crime: നിർമ്മാതാവ് ബോണി കപൂറിന്റെ ക്രെഡിറ്റ് കാർഡ് വഴി തട്ടിയത് 3.82 ലക്ഷം രൂപ, പോലീസ് അന്വേഷണം
ഷൈജു ആത്മഹത്യ ഭീഷണി മുഴക്കുന്നത് ഇതാദ്യമല്ല. കോടതി ഉത്തരവിന് പിന്നാലെ പുത്തൂർ സ്റ്റേഷനിലും ഇയാൾ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. അന്ന് പോലീസ് ഷൈജുവിനെ അനുനയിപ്പിച്ച് വിടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആര്യനാട് സ്റ്റേഷനിലെത്തി പരാതി നൽകുന്നതും ആത്മഹത്യയ്ക്ക് ശ്രമിച്ചതും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...