തിരുവനന്തപുരം: ഗുണ്ടാ മണല്‍ മാഫിയാ ബന്ധത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ പോലീസ് ഉദ്യോഗസ്ഥന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെതിരെ വധഭീഷണി മുഴക്കി. കഴിഞ്ഞ ദിവസം ഗുണ്ടാബന്ധത്തെ തുടർന്ന് നടപടി നേരിട്ട മംഗലപുരം എഎസ്‌ഐ ജയനാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ഫോണ്‍ വിളിച്ച് വധഭീഷണി മുഴക്കിയത്.സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തനിക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചതെന്ന് ആരോപിച്ചായിരുന്നു ഈ വധഭീഷണി.
ഫോണിലൂടെ തെറി വിളിക്കുകയും വീട്ടില്‍ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെ തുടർന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ കഴക്കൂട്ടം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഗുണ്ടാ മണല്‍ മാഫിയാ ബന്ധം വ്യക്തമായതിന് പിന്നാലെ കഴിഞ്ഞ ദിവസം മംഗലപുരം സ്റ്റേഷനില്‍ കൂട്ട സ്ഥലം മാറ്റം നടത്തിയിരുന്നു ശേഷം അഞ്ച് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്ത റൂറല്‍ എസ്പി ഡി ശില്‍പ അവിടെയുള്ള ബാക്കിയുണ്ടായിരുന്ന പോലീസുകാരെ സ്ഥലം മാറ്റിയിരുന്നു. ഗോപകുമാര്‍, അനൂപ് കുമാര്‍, ജയന്‍, കുമാര്‍, സുധി കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എന്നാൽ സ്റ്റേഷനിലെ സ്വീപ്പര്‍ തസ്തികയിലുള്ളവരെ മാറ്റിയിട്ടില്ല. സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലേക്കാണ് മാറ്റിയത്. പകരം മറ്റ് സ്റ്റേഷനിലെ 29 പോലീസുകാരെ മംഗലപുരം സ്റ്റേഷനിലേക്കും മാറ്റിയിരുന്നു. പോലീസുകാരുടെ ഗുണ്ടാ, മണല്‍ മാഫിയാ ബന്ധം പുറത്തായതിന് പിന്നാലെയാണ് ഈ നടപടിയെന്നാണ് റിപ്പോർട്ട്. പീഡനകേസ്, ഗുണ്ടകളുമായുള്ള ബന്ധം, ഗുണ്ടാ പാർട്ടികളിലെ സന്ദർശനം, വിവരങ്ങൾ ക്രിമിനലുകൾക്ക് ചോർത്തിക്കൊടുക്കൽ അടക്കം പോലീസിൻറെ അവിശുദ്ധ ബന്ധങ്ങളുടെ ഒരുപാട് വിവരങ്ങളാണ് സ്പെഷ്യൽ ബ്രാഞ്ച്-ഇന്റലിജൻസ് റിപ്പോർട്ടുകളിലുള്ളതെന്നാണ് റിപ്പോർട്ട്.
Also Read: Rahu Ketu Gochar 2023: രാഹു കേതു രാശിമാറ്റം; ഈ 3 രാശിക്കാർ സൂക്ഷിക്കണം!
എങ്കിലും ഒരു വശത്ത് നടപടി എടുക്കുമ്പോഴും ചിലരെ ഇനിയും തൊടാൻ മടിയാണ് പോലീസിന്. പോക്സോ കേസിലെ ഇരയെ പീഡിപ്പിച്ച മുൻ അയിരൂർ എസ്എച്ച്ഒ ജയസനിൽ, രണ്ട് ബലാത്സംഗ കേസിൽ പ്രതിയായ മലയിൻകീഴ് മുൻ എസ്എച്ച് ഒ സൈജു എന്നിവരെ ഇതുവരെ പിരിച്ചുവിടുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ല. സസ്പെൻഷനിലുള്ള ഇരുവരും ഒളിവിലാണെന്നാണ് പോലീസ് വിശദീകരണം. അതുപോലെ പോലീസിൽ നടപടി പുരോഗമിക്കുമ്പോഴും ഗുണ്ടാ തലവന്മാരായ ഓം പ്രകാശും പുത്തൻപാല രാജേഷും ഇപ്പോഴും മുങ്ങിനടക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...