തിരുവനന്തപുരം: ഒന്നര വർഷത്തിനുള്ളിൽ തിരുവനന്തപുരം ജില്ലയെ സമ്പൂർണ ഇ-ജില്ലയാക്കി മാറ്റാനുള്ള പദ്ധതികൾ നടന്നുവരികയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍. നെയ്യാറ്റിൻകര താലൂക്കിലെ കുളത്തൂർ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനോടകം തന്നെ വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളെ സമ്പൂർണ്ണ ഇ -ജില്ലയായി പ്രഖ്യാപിച്ചിട്ടുണ്ട്. വില്ലേജ് ഓഫീസ് മുതൽ കളക്ടറേറ്റ് വരെയുള്ള ഓഫീസുകളിൽ ഇ-ഓഫീസ് സംവിധാനം നടപ്പാക്കിയാണ് ജില്ലകളെ ഇ -ജില്ലകൾ ആക്കി മാറ്റുന്നത്.
തിരുവനന്തപുരം ജില്ലയിൽ റവന്യൂ ഓഫീസുകൾ ഇ- ഓഫീസാക്കുന്നതിന് എം.എൽ.എമാരുടെ സഹായം ആവശ്യമാണെന്നും അധികം താമസിയാതെ തന്നെ തിരുവനന്തപുരം ജില്ലയെ സമ്പൂർണ ഇ-ജില്ലയാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.റവന്യൂ വകുപ്പിലെ ക്രയവിക്രയങ്ങളെ സുതാര്യമാക്കുന്നതിനായി സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ കൊണ്ടു വരും. ഇതിലൂടെ ഓഫീസിലെ ഭൗതിക സാഹചര്യങ്ങള്‍ മാത്രമല്ല ഇടപാടുകളും സ്മാര്‍ട്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ കെ.ആൻസലൻ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ, സബ് കളക്ടർ എം.എസ് മാധവികുട്ടി, എ.ഡി.എം ഇ.മുഹമ്മദ് സഫീർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ ബെൻഡാർവിൻ, കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. സുധാർജുനൻ, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...