Kochi: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെയുള്ള പീഡനകേസില്‍ വഴിത്തിരിവ്. നടന്‍ സൈജു കുറുപ്പിനെ കൊച്ചി പൊലീസ് ചോദ്യം ചെയ്തു.
വിജയ് ബാബുവിന് ധനസഹായം നല്‍കിയെന്ന സംശയത്തിലാണ് പോലീസ് താരത്തെ ചോദ്യം ചെയ്തത്. ദുബായില്‍ ഒളിവില്‍ കഴിയുകയായിരുന്ന വിജയ് ബാബുവിന് സൈജു ക്രെഡിറ്റ് കാര്‍ഡ് നല്‍കിയെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍.
അതേസമയം വിഷയത്തില്‍ വിശദീകരണവുമായി താരം രംഗത്തെത്തി. 'താന്‍ ദുബായിലേക്ക് പോയപ്പോൾ വിജയ് ബാബുവിന് ക്രെഡിറ്റ് കാര്‍ഡ് കൊടുക്കണമെന്ന് കുടുംബം അറിയിച്ചു. വിജയ് ബാബുവിന്‍റെ ഭാര്യയാണ് ക്രെഡിറ്റ് കാര്‍ഡ് തന്നു വിട്ടത്. വിജയ് ബാബുവിന് എതിരെ കേസ് വരും മുമ്പാണ് ഇത്', സൈജു കുറുപ്പ് പറഞ്ഞു. ബലാത്സംഗ പരാതി താന്‍ അറിഞ്ഞിരുന്നില്ല എന്നും കാർഡ് കൊടുത്തതിനു ശേഷമാണ് കേസ് സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞത് എന്നും സൈജു പറഞ്ഞു. കൂടാതെ തന്‍റെ യാത്രാ രേഖകൾ പോലീസിനെ കാണിച്ചുവെന്നും താരം വ്യക്തമാക്കി.
നടി നല്‍കിയ പീഡന പരാതിയിൽ വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും. അതേസമയം, വിജയ് ബാബുവിന്‍റെ അറസ്റ്റിനുള്ള വിലക്ക് തുടരുകയാണ്.
വിജയ് ബാബു പരാതിക്കാരിയെ കാണുകയോ ഏതെങ്കിലും തരത്തിൽ അവരെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും കോടതി കര്‍ശന നിർദേശം നൽകിയിട്ടുണ്ട്. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ കോടതി അന്വേഷണ സംഘത്തോടും ആവശ്യപ്പെട്ടു.
അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ വിജയ് ബാബു ഹാജരായെന്നും കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നാണ് മുൻകൂർ ജാമ്യാപേക്ഷയ്ക്കുള്ള പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചയിലേക്ക് മാറ്റിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...