തിരുവനന്തപുരം: പിതാവ് വാങ്ങിയ കടം വീട്ടാൻ 30 വർഷത്തിന് ശേഷം മകൻ പത്രപരസ്യം നൽകി. കടം നൽകിയ ആൾ പരസ്യം കാണുകയാണെങ്കിൽ ബന്ധപ്പെടണമെന്ന് അറിയിച്ച് ഫോൺ നമ്പർ സഹിതമാണ് പരസ്യം. ഇതെന്താണ് ഇങ്ങനെ ഒരു പരസ്യം എന്നല്ലേ... പരസ്യം നൽകിയ നാസർ തന്നെ ആ കഥ പറയും.
തിരുവനന്തപുരം പെരുമാതുറ മാടന്‍വിള പുളിമൂട്ടില്‍ അബ്ദുള്ളയുടെ രണ്ടാമത്തെ മകനാണ് നാസർ. 30 വര്‍ഷം മുൻപ് ഗള്‍ഫില്‍ വെച്ച് കൊല്ലം സ്വദേശി ലൂസിസിന്റെ പക്കല്‍ നിന്ന് അബ്ദുള്ള കടമായി വാങ്ങിയ തുക തിരികെ നല്‍കാനുണ്ടെന്ന് കാണിച്ചാണ് പരസ്യം നൽകിയത്. പ്രവാസിയായിരിക്കെ ഉപ്പ കുടുംബത്തിനായി വാങ്ങിയ കടം നൽകാനാണ് താൻ പത്രപരസ്യം നൽകിയത്. പരസ്യം സാമൂഹിക മാധ്യമങ്ങളിലുൾപ്പടെ വൈറലായതോടെ എല്ലാവരും ശ്രദ്ധിച്ചു.
1980 കളിലാണ് അബ്ദുള്ള ഗള്‍ഫിലെത്തിയത്. ജോലി ലഭിക്കാതെ പ്രതിസന്ധിയിലായ അബ്ദുള്ളയ്ക്ക് കൊല്ലം സ്വദേശിയായ ലൂസിസ് സാമ്പത്തിക സഹായം നല്‍കി. ലൂസിസ് നൽകിയ പണം കൊണ്ടാണ് അബ്ദുള്ള പിന്നീട് ഗൾഫിൽ പിടിച്ചു നിന്നത്. പിന്നീട് എമിറേറ്റ്‌സിന്റെ വിവിധ ഭാഗങ്ങളിലേക്ക് അബ്ദുള്ള ജോലിക്കായി പോയി. ഇതോടെ ലൂസിസുമായുള്ള ബന്ധം നഷ്ടപ്പെട്ടു.
12 വര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടിലെത്തിയ അബ്ദുള്ള ചെറിയ ജോലികള്‍ ചെയ്താണ് ജീവിതം മുന്നോട്ട് നയിച്ചത്. അപ്പോഴാണ് പഴയ കടത്തെക്കുറിച്ച് അബ്ദുള്ള തന്റെ മക്കളോട് പറയുന്നത്. ലൂസിസിനെക്കണ്ട് കടം വീട്ടണമെന്ന ആഗ്രഹത്തോടെ പലരോടും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അന്ന് ഗള്‍ഫില്‍ ഒപ്പമുണ്ടായിരുന്ന പെരുംകുഴി സ്വദേശി റഷീദിൽ നിന്നാണ് ലൂസിസ് കൊല്ലം സ്വദേശിയാണെന്ന് അറിയുന്നത്. തുടർന്ന് പരസ്യം നൽകി. സമൂഹമാധ്യമങ്ങള്‍ വഴി അന്വേഷണം നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല.
പ്രതിസന്ധിഘട്ടത്തില്‍ താങ്ങായ സ്നേഹിതനെ ഒരുതവണയെങ്കിലും വീണ്ടും കാണണമെന്ന ആഗ്രഹം ബാക്കിയാക്കി അബ്ദുള്ള ഈ ലോകത്ത് നിന്നും വിട പറഞ്ഞു. അന്ന് അദ്ദേഹത്തിന്റെ ഏഴ് മക്കളും ചേര്‍ന്ന് തീരുമാനമെടുത്തു. ഉപ്പയുടെ ആഗ്രഹം സഫലമാക്കുക. അതിനായി ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വീണ്ടും പരസ്യം നല്‍കിയത്.
പിതാവിന്റെ ആഗ്രഹം നിറവേറ്റാനായി ലൂസിസിനെയോ സഹോദരന്‍ ബേബിയേയോ കണ്ടെത്താനാവുമെന്ന പ്രതീക്ഷയോടെയാണ് വീണ്ടും പരസ്യം നല്‍കിയതെന്ന് നാസര്‍ പറയുന്നു. ഉപ്പ വാങ്ങിയ കടം കൊടുത്ത് തീർക്കണം. പിതാവിന്റെ അവസാന ആഗ്രഹം പൂര്‍ത്തീകരിക്കാനായി കാത്തിരിക്കുകയാണ് നാസര്‍. ഖദീജ ബീവിയാണ് അബ്ദുള്ളയുടെ ഭാര്യ. നിസാര്‍, നവാസ്, ഷാജഹാന്‍, മുജീബ് റഹ്മാന്‍, അംജദ്ഖാന്‍, നുജുമുദീന്‍ എന്നിവരാണ് അബ്ദുള്ളയുടെയും ഖദീജ ബീവിയുടെയും മറ്റ് മക്കള്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...