തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയ്ക്ക് തുടക്കമാകുന്നു. 2024 ഡിസംബര്‍ 13 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഹോങ്കോങ്ങിൽ നിന്നുള്ള സംവിധായിക ആന്‍ ഹുയിക്ക് മുഖ്യമന്ത്രി ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിക്കും. പത്തുലക്ഷം രൂപയും ശില്‍പ്പവുമടങ്ങുന്നതാണ് അവാര്‍ഡ്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ആണ് അധ്യക്ഷത വഹിക്കുന്നത്.
വിഖ്യാത ബ്രസീലിയന്‍ സംവിധായകന്‍ വാള്‍ട്ടര്‍ സാലസ് സംവിധാനം ചെയ്ത പോര്‍ച്ചുഗീസ് ഭാഷയിലുള്ള 'ഐ ആം സ്റ്റില്‍ ഹിയര്‍' ആണ് ഉദ്ഘാടന ചിത്രം. ചിത്രം ബ്രസീല്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്. ഈ വര്‍ഷത്തെ വെനീസ് ചലച്ചിത്രമേളയില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ഗോള്‍ഡന്‍ ബെയര്‍ പുരസ്‌കാരത്തിനുള്ള നാമനിര്‍ദേശവും നേടിയ ഈ ചിത്രത്തെ 2024ലെ ഏറ്റവും മികച്ച അഞ്ച് അന്താരാഷ്ട്ര ചിത്രങ്ങളിലൊന്നായി ന്യൂയോര്‍ക്ക് ആസ്ഥാനമായ നാഷണല്‍ ബോര്‍ഡ് ഓഫ് റിവ്യുവും ഈ വര്‍ഷത്തെ മികച്ച 50 ചിത്രങ്ങളിലൊന്നായി ബ്രിട്ടീഷ് മാസിക സൈറ്റ് ആന്റ് സൗണ്ടും തെരഞ്ഞെടുത്തിട്ടുണ്ട്. 1971ല്‍ ബ്രസീല്‍ സൈനിക സ്വേച്ഛാധിപത്യത്തിനു കീഴില്‍ ഞെരിഞ്ഞമരുന്ന കാലത്ത് നടന്ന സംഭവത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്. വിമത രാഷ്ട്രീയ പ്രവര്‍ത്തകനായ ഭര്‍ത്താവിനെ കാണാതായതിനെ തുടര്‍ന്ന് അദ്ദേഹത്തെ അന്വേഷിച്ചിറങ്ങുന്ന അഞ്ചു മക്കളുടെ അമ്മയായ യൂനിസ് പൈവയുടെ കാഴ്ചപ്പാടിലൂടെ ഒരു രാജ്യത്തിനേറ്റ മുറിവിന്റെ ആഴം കാട്ടിത്തരുകയാണ് സംവിധായകന്‍.
മേളയുടെ മുഖ്യ ആകര്‍ഷണങ്ങള്‍
2024 ഡിസംബര്‍ 13 മുതല്‍ 20 വരെ 15 തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 68 രാജ്യങ്ങളില്‍ നിന്നുള്ള 177 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ 63 സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍നിര മേളകളില്‍ പ്രേക്ഷകപ്രീതി നേടിയ 13 ചിത്രങ്ങളടങ്ങിയ ഫെസ്റ്റിവല്‍ ഫേവറിറ്റ്‌സ് മറ്റൊരു ആകര്‍ഷണമായിരിക്കും. ചലച്ചിത്രകലയില്‍ ശതാബ്ദിയിലത്തെിയ അര്‍മീനിയയില്‍നിന്നുള്ള ഏഴ് ചിത്രങ്ങള്‍ കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
ദക്ഷിണ കൊറിയന്‍ സംവിധായകന്‍ ഹോങ് സാങ് സൂ, സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ നടി ശബാന ആസ്മി, ഛായാഗ്രാഹകന്‍ മധു അമ്പാട്ട് എന്നിവരുടെ റെട്രോസ്‌പെക്റ്റീവ്, 'ദ ഫിമേല്‍ ഗേയ്‌സ്' എന്ന പേരിലുള്ള വനിതാ സംവിധായകരുടെ ചിത്രങ്ങളുടെയും ലാറ്റിനമേരിക്കന്‍ സിനിമകളുടെയും പ്രത്യേക പാക്കേജുകള്‍, കലൈഡോസ്‌കോപ്പ്, മിഡ്‌നൈറ്റ് സിനിമ, അനിമേഷന്‍ ചിത്രങ്ങള്‍, ചലച്ചിത്ര അക്കാദമി പുനരുദ്ധരിച്ച രണ്ടു ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള റെസ്റ്റോര്‍ഡ് ക്‌ളാസിക്‌സ്, പി.ഭാസ്‌കരന്‍, പാറപ്പുറത്ത്, തോപ്പില്‍ഭാസി എന്നീ പ്രതിഭകളുടെ ജന്മശതാബ്ദിവേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ എന്നിവയാണ് മേളയുടെ മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍.
പുരസ്‌കാരങ്ങള്‍, ജൂറി
മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് അര്‍ഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ ലഭിക്കും. രജത ചകോരത്തിന് അര്‍ഹമാവുന്ന ചിത്രത്തിന്റെ സംവിധാനത്തിന് നാലു ലക്ഷം രൂപയും രജതചകോരത്തിന് അര്‍ഹത നേടുന്ന നവാഗത സംവിധാന പ്രതിഭയ്ക്ക് മൂന്നു ലക്ഷം രൂപയും ലഭിക്കും. പ്രേക്ഷകപുരസ്‌കാരത്തിന് അര്‍ഹമാവുന്ന സിനിമയുടെ സംവിധാനത്തിന് രണ്ടു ലക്ഷം രൂപയും കെ.ആര്‍.മോഹനന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് നേടുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധാന പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. വിഖ്യാത ഫ്രഞ്ച് ഛായാഗ്രാഹക ആനിയസ് ഗൊദാര്‍ദ് ആണ് അന്താരാഷ്ട്ര മല്‍സര വിഭാഗത്തിന്റെ ജൂറി ചെയര്‍പേഴ്‌സണ്‍. ജോര്‍ജിയന്‍ സംവിധായിക നാനാ ജോജാദ്‌സി, ബൊളീവിയന്‍ സംവിധായകനും തിരക്കഥാകൃത്തുമായ മാര്‍ക്കോസ് ലോയ്‌സ, അര്‍മീനിയന്‍ സംവിധായകനും നടനുമായ മിഖായേല്‍ ഡോവ്‌ലാത്യന്‍, ആസാമീസ് സംവിധായകന്‍ മോഞ്ചുള്‍ ബറുവ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.
അതേസമയം ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടന മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. സിനിമാ താരങ്ങളായ ഷറഫുദ്ദീനും മഹിമ നമ്പ്യാരും മന്ത്രിയിൽ നിന്ന് ഡെലിഗേറ്റ് കിറ്റുകൾ ഏറ്റുവാങ്ങി. ലോകത്തിന്റെ ഒരുമയാണ് ചലച്ചിത്ര മേളകളുടെ ലക്ഷ്യമെന്നും ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്നും സജി ചെറിയാൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.