സിദ്ധാർഥ് ഭരതന്റെ സംവിധാനത്തിലെത്തുന്ന ചിത്രം ചതുരത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബർ 16 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന് എ സെർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ചതുരം. സ്വാസികയും റോഷൻ മാത്യുവും ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിൽ അതിയായ വയലൻസും സെക്സും നിറഞ്ഞിരിക്കുന്നതിനാലാണ് സെൻസർ ബോർഡ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. സിദ്ധാർഥ് ഭരതൻ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രത്തിൻറെ റിലീസ് വിവരം അറിയിച്ചത്. ചിത്രത്തിൻറെ ടീസറും പോസ്റ്ററും ഒക്കെ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ ചിത്രത്തിൻറെ ടീസർ പുറത്തുവിട്ടിരുന്നു. സസ്പെൻസ് നിറച്ച് കൊണ്ട് സ്വാസികയും റോഷൻ മാത്യുവും തമ്മിലുള്ള ചൂടേറിയ രംഗങ്ങൾ കോർത്തിണക്കിയാണ് അണിയറ പ്രവർത്തകർ ടീസർ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ സമാനമായ മോഷൻ പോസ്റ്ററും അവതരിപ്പിച്ചിരുന്നു. ആഗസ്റ്റിൽ തന്നെ ചിത്രം തിയറ്ററുകളിൽ എത്തുമെന്ന് സിദ്ധാർഥ് അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ സെപ്റ്റംബറിൽ മാത്രമേ ചിത്രം തീയേറ്ററുകളിൽ എത്തുകയുള്ളൂവെന്ന് അറിയിച്ചിരിക്കുകയാണ്.
ALSO READ: Chathuram Movie : ചൂടേറിയ ചടുലമായ നീക്കങ്ങളും സസ്പെൻസും; ചതുരം ടീസർ
റോഷൻ മാത്യു, സ്വാസ്വിക എന്നിവർക്ക് പുറമെ ശാന്തി, അലൻസിയർ, ലിയോണ, ഗീതി സംഗീത, നിശാന്ത് സാഗർ, കിച്ചു ടെല്ലസ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗ്രീൻവിച്ച് എന്റർടേയ്ൻമെന്റ്സിന്റെയും യെല്ലോ ബേർഡ് പ്രൊഡക്ഷന്റെയും ബാനറിൽ വിനിതാ അജിത്തും ജോർജ് സാന്തിയാഗോയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിദ്ധാർഥ് ഭരതനും വിനോയി തോമസും ചേർന്നാണ് സിനിമയ്ക്ക് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പ്രദീഷ് എം വർമ്മയാണ് ക്യമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്.
2015ൽ കാർ അപകടത്തിൽ ചികിത്സലായിരുന്നു സിദ്ധാർഥ്, എല്ലാം ഭേദമായതിന് ശേഷം രണ്ടാമതായി ഒരുക്കിയ ചിത്രമാണ് ചതുരം. ചതുരത്തിന് മുമ്പ് സൗബിൻ ഷാഹീറിനെ കേന്ദ്രകഥാപാത്രമാക്കി ജിന്ന് എന്ന സിനിമ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചതുരത്തിന് മുമ്പ് ചിത്രീകരണം പൂർത്തിയായ ജിന്ന് ഇതുവരെ റിലീസ് ചെയ്തിട്ടില്ല. നിദ്ര, ചന്ദ്രേട്ടൻ എവിടെയാ, വർണത്തിൽ ആശങ്ക എന്നിവയാണ് സിദ്ധർഥ് സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...