തിരുവനന്തപുരം: കൊച്ചു പ്രേമൻ എന്ന നടനെ അടയാളപ്പെടുത്തിയത് ഒരു പക്ഷെ അദ്ദേഹത്തിൻറെ സംസാര ശൈലിയായിരിക്കും. നർമ്മം കലർത്തിയ ആ വാക്കുകൾ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു. അതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് മച്ചമ്പീ എന്ന പ്രയോഗം തന്നെയായിരിക്കും.
നിരവധി മിമിക്രി വേദികളിലും സിനിമകളിലും ഇത് ആവർത്തിക്കപ്പെട്ടു. പൊക്കം കുറഞ്ഞ ആ മനുഷ്യന് മാത്രം സ്വന്തമായുള്ളതായി മാറി ആ തിരുവനന്തപുരം ശൈലി. കൂളിംഗ് ഗ്ലാസും കക്ഷത്തിലൊരു സഞ്ചിയും, അല്ലെങ്കിൽ പുത്തൻ പണക്കാരൻറെ സിൽക്ക് ജുബ്ബയും കൈയ്യിൽ ചെയിനും അങ്ങിനെയങ്ങനെ വേഷ പകർച്ചകളുടെ നീണ്ട കാലമായിരുന്നു കൊച്ചു പ്രേമൻറെ അഭിനയകാലം.
1979-ൽ റിലീസായ ഏഴു നിറങ്ങൾ എന്ന സിനിമയാണ് കൊച്ചുപ്രേമൻ്റെ ആദ്യ സിനിമ. പിന്നീട് 1997-ൽ രാജസേനൻ്റെ ദില്ലിവാല രാജകുമാരനിൽ അഭിനയിച്ച കൊച്ചുപ്രേമൻ രാജസേനനൊപ്പം എട്ടു സിനിമകൾ ചെയ്തു.ഇതിനിടയിലാണ് സംവിധായകൻ സത്യൻ അന്തിക്കാട് കൊച്ചുപ്രേമൻ അഭിനയിച്ച നാടകം കാണുന്നത്. നാടകത്തിലെ മികച്ച പ്രകടനത്തെ തുടർന്ന് 1997-ൽ റിലീസായ ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്ന സിനിമയിൽ വളരെ ശ്രദ്ധേയമായൊരു കഥാപാത്രം കൊച്ചുപ്രേമനെ തേടിയെത്തിയത്. കൊച്ചാൾ, കിംഗ് ഫിഷ് എന്നിവയൊക്കെയാണ് അദ്ദേഹത്തിൻറെ അവസാന ചിത്രങ്ങൾ.
അന്ന് ദിലീപിനെ പറ്റി പറഞ്ഞത്
നടൻ ദിലീപിൻറെ കേസുമായി ബന്ധപ്പെട്ടും കൊച്ചു പ്രേമൻ തൻറെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സീ മലയാളം ന്യൂസിൻറെ അഭിമുഖത്തിലായിരുന്നു അദ്ദേഹം ദിലീപിനെ പറ്റി പറഞ്ഞത്.'പലർക്കും ദിലീപിനോട് വ്യക്തി വൈരാഗ്യമുണ്ടെന്നും അതിനാലാണ് ദിലീപിനെ അവർ വേട്ടയാടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.കുറ്റക്കാരൻ ആവരുതേയെന്ന പ്രാർത്ഥന മാത്രമാണെനിക്ക്. അദ്ദേഹത്തിന്റെ പെരുമാറ്റവും സ്വഭാവവും കാണിക്കുന്നത് അത്തരത്തിലൊരു ക്രൂരത ചെയ്യില്ല എന്ന് തന്നെയാണ്. എല്ലാവരോടും ഒരു പോലെ പെരുമാറുന്നയാളാണ് ദിലീപ്' എന്നും കൊച്ചു പ്രേമൻ സീ മലയാളം ന്യൂസിനോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...