അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ സിനിമയാണ് എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ. ജൂനിയർ എൻടിആർ, രാം ചരൺ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനം ഈ വർഷത്തെ മികച്ച ഒറിജിനൽ സോംഗിനുള്ള ഓസ്കാർ പുരസ്കാരം സ്വന്തമാക്കിയിരുന്നു. സംഗീത സംവിധായകൻ എം.എം കീരവാണി ഒരുക്കിയ ഗാനത്തിന് ആഗോളതലത്തിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്.
റിലീസിന് മുമ്പ് തന്നെ ആർആർആർ എന്ന ചിത്രത്തിന് വലിയ ഭീഷണികളാണ് നേരിടേണ്ടി വന്നതെന്ന് അടുത്തിടെ സൈറ്റ് ആൻഡ് സൗണ്ടിന് നൽകിയ അഭിമുഖത്തിൽ രാജമൗലി വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിൽ ജൂനിയർ എൻടിആർ തൊപ്പി ധരിച്ച് മുസ്ലീമായി എത്തുന്ന രംഗമുണ്ട്. ഈ ഷോട്ട് നീക്കം ചെയ്തില്ലെങ്കിൽ തിയേറ്ററുകൾ കത്തിക്കുമെന്നും പൊതുസ്ഥലത്ത് വെച്ച് തന്നെ മർദ്ദിക്കുമെന്നും ഒരു വലതുപക്ഷ നേതാവ് (തെലങ്കാന ബിജെപി അധ്യക്ഷൻ ബണ്ടി സഞ്ജയ് കുമാർ) ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് രാജമൗലി പറഞ്ഞു.
വലതുപക്ഷത്ത് നിന്ന് മാത്രമല്ല, ഇടതുപക്ഷത്ത് നിന്നും ആർആർആറിനെതിരെ പ്രചാരണം നടന്നിരുന്നുവെന്ന് രാജമൗലി വ്യക്തമാക്കി. താൻ ഹിന്ദു ദേശീയവാദം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ, തീവ്രമായ ആളുകളെ താൻ ഇഷ്ടപ്പെടുന്നില്ല. എന്തുകൊണ്ടാണ് ഒരു കഥാപാത്രം തൊപ്പി ധരിക്കുന്നതെന്ന് ചിന്തിക്കാനുള്ള ക്ഷമ പോലും ഇത്തരക്കാർ കാണിക്കുന്നില്ല. ഇവരെല്ലാം തീവ്ര ദേശീയവാദികളോ കപട പുരോഗമനവാദികളോ ആകാം. ഈ രണ്ട് സംഘത്തിലും ഉൾപ്പെടാതിരിക്കുന്നതിൽ താൻ സന്തോഷവാനാണെന്നും രാജമൗലി കൂട്ടിച്ചേർത്തു.
രണ്ട് ഇന്ത്യൻ വിപ്ലവകാരികളുടെ ജീവിതം ആസ്പദമാക്കിയുള്ള സാങ്കൽപ്പിക കഥയാണ് ആർആർആർ എന്ന ചിത്രം പറയുന്നത്. അല്ലൂരി സീതാറാം രാജു എന്ന കഥാപാത്രമായി രാം ചരണും കോമരം ഭീം എന്ന കഥാപാത്രമായി ജൂനിയർ എൻടിആറും ഗംഭീര പ്രകടനം കാഴ്ചവെച്ച ചിത്രം ബോക്സ് ഓഫീസിൽ അമ്പരപ്പിക്കുന്ന നേട്ടങ്ങളാണ് സ്വന്തമാക്കിയത്. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമെന്ന സവിശേഷതയുമായി എത്തിയ ആർആർആർ പ്രതീക്ഷ തെറ്റിച്ചില്ല. 2022 മാർച്ചിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ 1200 കോടി രൂപയിലധികമാണ് നേടിയത്.
രാം ചരൺ, ജൂനിയർ എൻടിആർ എന്നിവർക്ക് പുറമെ ആലിയ ഭട്ട്, അജയ് ദേവ്ഗൺ, ശ്രിയ ശരൺ, സമുദ്രക്കനി, റേ സ്റ്റീവൻസൺ, അലിസൺ ഡൂഡി, ഒലിവിയ മോറിസ് തുടങ്ങിയ വൻ താരനിര തന്നെ ആർആർആറിൽ അണിനിരന്നിരുന്നു. ചടുലമായ നൃത്തരംഗങ്ങൾ, ദൃശ്യ ഭംഗി, അതിശയിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ എന്നിവയാൽ സമ്പന്നമായ ചിത്രമാണ് ആർആർആർ. അച്ഛൻ കെ.വി വിജയേന്ദ്ര പ്രസാദിൻറെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് രാജമൗലി തന്നെയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...