രോമാഞ്ചം എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ സംവിധായകനാണ് ജിത്തു മാധവൻ. ആദ്യ ചിത്രം തന്നെ വമ്പൻ ഹിറ്റ് ആക്കിയ സംവിധായകന്റെ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. ഫഹദ് ഫാസിലും നസ്രിയയും വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. അൻവർ റഷീദ് എന്റർടെയ്ൻമെന്റും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സും ചേർന്ന് നിർമ്മിക്കുന്ന ആദ്യ ചിത്രമാണിത്. സമീർ താഹിർ ആണ് ക്യാമറ. സിനിമയുടെ ചിത്രീകരണം തുടങ്ങിയ വിവരം ഫഹദ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ബാംഗ്ലൂരിലാണ് ചിത്രീകരണം എന്നാണ് വിവരം. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.
ബോക്സ് ഓഫീസിൽ വൻ കളക്ഷൻ വാരിക്കൂട്ടി ഇപ്പോഴും പ്രദർശനം തുടരുകയാണ് ജിത്തു മാധവന്റെ രോമാഞ്ചം. സൗബിൻ സാഹിർ, അർജുൻ അശോകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് തിയേറ്ററിൽ ലഭിച്ചത്. ഹൊറർ കോമഡി വിഭാഗത്തിലെത്തിയ ചിത്രമാണ് രോമാഞ്ചം. ജോൺപോൾ ജോർജ് പ്രൊഡക്ഷൻസ്, ഗപ്പി സിനിമാസ് എന്നീ ബാനറുകളിൽ ജോൺപോൾ ജോർജ്, സൗബിൻ ഷാഹിർ, ഗിരീഷ് ഗംഗാധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. അന്നം ജോൺപോൾ, സുഷിൻ ശ്യാം എന്നിവരാണ് സഹനിർമ്മാതാക്കൾ. ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
60 കോടിയോളം കളക്ഷൻ ചിത്രം നേടിയെന്നാണ് റിപ്പോർട്ട്. കണക്കുകൾ സൂചിപ്പിക്കുന്നത് പ്രകാരം കേരളത്തിൽ നിന്ന് മാത്രം 32 കോടിയിലധികം ചിത്രം നേടിക്കഴിഞ്ഞു. ഓവർസീസ് കളക്ഷൻ 17 കോടിയോളമാണ്. കേരളത്തിന് പുറത്ത് 3 കോടിക്കടുത്ത് ചിത്രം നേടി. ചെമ്പൻ വിനോദും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സുശിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സാനു താഹിർ ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിങ്ങും നിർവഹിച്ചു.
മലയൻകുഞ്ഞ് ആണ് ഫഹദിന്റേതായി ഒടുവിലിറങ്ങിയ ചിത്രം. ആമസോൺ പ്രൈം വീഡിയോസിൽ ചിത്രം സ്ട്രീം ചെയ്യുന്നുണ്ട്. സർവൈവൽ ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററിൽ ലഭിച്ചത്. ചിത്രം സംവിധാനം ചെയ്തത് സജിമോനാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് മഹേഷ് നാരായണനാണ്. ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ എത്തിയ നാലാമത്തെ ചിത്രമാണ് മലയൻകുഞ്ഞ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...