‌ICC T-20 Worldcup: ബട്ലറിന്റെ വെടിക്കെട്ടിൽ തകർപ്പൻ ജയത്തോടെ സെമി ഉറപ്പിച്ച് ഇം​ഗ്ലീഷ് പട

ബട്ലറിന്റെ തകർപ്പൻ പ്രകടനത്തിൽ ഇം​ഗ്ലണ്ടിന് എട്ട് വിക്കറ്റിന്റെ വമ്പൻ ജയം. 

Written by - Zee Malayalam News Desk | Last Updated : Oct 30, 2021, 11:28 PM IST
  • ഓസ്ട്രേലിയക്കെതിരെ ഇം​ഗ്ലണ്ടിന് എട്ട് വിക്കറ്റിന്റെ വമ്പൻ ജയം.
  • ഓസീസ് ബാറ്റിങ് നിര 20 ഓവറില്‍ കഷ്ടിച്ച് എത്തിപ്പിടിച്ച 125 റണ്‍സ് ഇംഗ്ലണ്ട് വെറും 11.4 ഓവറില്‍ മറികടന്നു.
  • 32 പന്തുകള്‍ നേരിട്ട ബട്ലര്‍ അഞ്ച് വീതം സിക്‌സും ഫോറുമടക്കം 71 റണ്‍സോടെ പുറത്താകാതെ നിന്നു.
‌ICC T-20 Worldcup: ബട്ലറിന്റെ വെടിക്കെട്ടിൽ തകർപ്പൻ ജയത്തോടെ സെമി ഉറപ്പിച്ച് ഇം​ഗ്ലീഷ് പട

ദുബായ്: ഐസിസി (ICC) ട്വന്റി-20 ലോകകപ്പിന്റെ (Worldcup) സൂപ്പർ 12 പോരാട്ടത്തിൽ ഓസ്ട്രേലിയക്കെതിരെ (Australia) വമ്പൻ ജയവുമായി ഇം​ഗ്ലണ്ട് (England). എട്ട് വിക്കറ്റിനായിരുന്നു ഇം​ഗ്ലണ്ടിന്റെ ജയം. ഓസ്ട്രേലിയൻ ബാറ്റിങ് നിര തകർന്നടിഞ്ഞപ്പോൾ അതേ പിച്ചിൽ തകർപ്പൻ ഷോട്ടുകൾ കൊണ്ട് നിറഞ്ഞാടുകയായിരുന്നു ഇം​ഗ്ലണ്ട് ബാറ്റ്സ്മാന്മാ‍ർ. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ബാറ്റിങ് നിര 20 ഓവറില്‍ കഷ്ടിച്ച് എത്തിപ്പിടിച്ച 125 റണ്‍സ് ഇംഗ്ലണ്ട് വെറും 11.4 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് മറികടന്നത്. ഇതോടെ ഒന്നാം ​ഗ്രൂപ്പിൽ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ഇംഗ്ലണ്ട് സെമി ഉറപ്പിച്ചു. മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റാണ് ഇം​ഗ്ലണ്ടിന്റെ സമ്പാദ്യം. 

Also Read:  ICC T-20 Worldcup: ഹസരംഗയുടെ ഹാട്രിക്ക് പാഴായി; മില്ലറിന്റെ ഫിനിഷിങ്ങിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയം

ബാറ്റ് കൊണ്ട് തകര്‍ത്തടിച്ച ജോസ് ബട്ലറാണ് ഇംഗ്ലണ്ടിന്റെ ജയം എളുപ്പമാക്കിയത്. 32 പന്തുകള്‍ നേരിട്ട ബട്ലര്‍ അഞ്ച് വീതം സിക്‌സും ഫോറുമടക്കം 71 റണ്‍സോടെ പുറത്താകാതെ നിന്നു. ജേസണ്‍ റോയ് (22), ഡേവിഡ് മലാന്‍ (8) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.  ജോണി ബെയര്‍സ്‌റ്റോ 11 പന്തില്‍ നിന്ന് 16 റണ്‍സുമായി പുറത്താകാതെ നിന്നു. 

മികച്ച രീതിയിൽ പന്തെറിഞ്ഞ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായത് ഓസീസ് നായകൻ ആരോണ്‍ ഫിഞ്ചിനും ഏഴാമന്‍ ആഷ്ടണ്‍ അഗറിനും മാത്രമാണ്. 49 പന്തില്‍ നിന്ന് നാലു ഫോറടക്കം 44 റണ്‍സെടുത്ത ഫിഞ്ചാണ് അവരുടെ ടോപ് സ്‌കോറര്‍. അഗര്‍ 20 പന്തില്‍ നിന്ന് രണ്ട് സിക്സടക്കം 20 റണ്‍സെടുത്തു. ആറാം വിക്കറ്റില്‍ ഈ സഖ്യം കൂട്ടിച്ചേര്‍ത്ത 47 റണ്‍സാണ് ഓസീസ് ഇന്നിങ്സിലെ മികച്ച കൂട്ടുകെട്ട്. 

Also Read: Rahul Dravid: ഇന്ത്യയുടെ പരിശീലകനാകാൻ ഔദ്യോഗികമായി അപേക്ഷിച്ച് ദ്രാവിഡ്

ഡേവിഡ് വാര്‍ണര്‍ (1), സ്റ്റീവ് സ്മിത്ത് (1), ഗ്ലെന്‍ മാക്സ്വെല്‍ (6), മാര്‍ക്കസ് സ്റ്റോയ്നിസ് (0), മാത്യു വെയ്ഡ് (18) എന്നിവര്‍ എല്ലാം തന്നെ ഇംഗ്ലീഷ് ബൗളർമാർക്ക് മുന്നില്‍ തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. പാറ്റ് കമ്മിന്‍സ് മൂന്ന് പന്തില്‍ നിന്ന് 12 റണ്‍സെടുത്ത് പുറത്തായി. മിച്ചല്‍ സ്റ്റാര്‍ക്ക് ആറു പന്തില്‍ നിന്ന് 13 റണ്‍സെടുത്ത് ഇന്നിങ്സിന്റെ അവസാന പന്തില്‍ പുറത്തായി. നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്രിസ് ജോര്‍ദാനാണ് ഇംഗ്ലീഷ് ബൗളര്‍മാരില്‍ തിളങ്ങിയത്. ക്രിസ് വോക്സും മില്‍സും രണ്ടു വിക്കറ്റെടുത്തു. 

നാല് പോയിന്റുമായി ദക്ഷിണാഫ്രിക്കയും (South Africa) ഓസ്ട്രേലിയക്കൊപ്പം സെമിപ്രവേശനത്തിനായി (Semifinals) പോരാട്ടം തുടരുകയാണ്. സെമിപ്രവേശനത്തിനായി ശേഷിക്കുന്ന രണ്ട് മത്സരങ്ങ‌ളിൽ ‌ഇരുടീമുകൾക്കും വലിയ ജയങ്ങൾ അനിവാര്യമാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News