ഏഷ്യാ കപ്പില്‍ ടീം ഇന്ത്യയുടെ വിജയക്കുതിപ്പിന് തടയിട്ടിരിക്കുകയാണ് ബംഗ്ലാദേശ്. കലാശപ്പോരിന് യോഗ്യത നേടിയതിനാല്‍ ടീമില്‍ അഞ്ച് മാറ്റങ്ങളുമായാണ് നായകന്‍ രോഹിത് ശര്‍മ്മ ഇറങ്ങിയത്. മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, വിരാട് കോഹ്ലി, ഹര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ സൂര്യകുമാര്‍ യാദവ്, അക്ഷര്‍ പട്ടേല്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി എന്നിവര്‍ക്ക് അവസരം ലഭിച്ചു. പ്രധാന താരങ്ങളില്ലാതെ ഇറങ്ങിയ 6 റണ്‍സിന് പരാജയം ഏറ്റുവാങ്ങിയെങ്കിലും മികച്ച പോരാട്ടം തന്നെയാണ് ടീം ഇന്ത്യ പുറത്തെടുത്തത്.
മധ്യ നിര ബാറ്റ്‌സ്മാന്‍മാരുടെയും പേസര്‍മാരുടെയും മോശം പ്രകടനമാണ് ഇന്ത്യന്‍ ടീമിന് തലവേദനയാകുന്നത്. ബംഗ്ലാദേശിനെതിരെ പേസര്‍മാരായ മുഹമ്മദ് ഷമിയും പ്രസിദ്ധ് കൃഷ്ണയും അവസാന ഓവറുകളില്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ഒരു മടിയും കാണിച്ചില്ല. ബംഗ്ലാദേശിന്റെ വാലറ്റം അനായാസമായാണ് ഇന്ത്യന്‍ ബൗളര്‍മാരെ നേരിട്ടത്. ഇതിന് പുറമെ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ എന്നിവരുടെ മോശം ഫോമാണ് മറ്റൊരു വെല്ലുവിളി.
ALSO READ: ഏഷ്യാ കപ്പിൽ ഇന്ത്യ ഫൈനലിൽ , പോരാട്ടത്തില്‍ ശ്രീലങ്കയെ 41 റണ്‍സിന് കീഴടക്കി
നിരന്തരം അവസരങ്ങള്‍ ലഭിച്ചിട്ടും തുടര്‍ച്ചായായി പരാജയപ്പെടുന്ന സൂര്യകുമാര്‍ യാദവിന് രോഹിത് ശര്‍മ്മ അകമഴിഞ്ഞ പിന്തുണ നല്‍കുന്നുണ്ടെന്ന വിമര്‍ശനം ഇതിനോടകം തന്നെ ശക്തമായി കഴിഞ്ഞു. ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ താരമാണ് സൂര്യകുമാര്‍ യാദവ്. മലയാളി താരം സഞ്ജു സാംസണ് പകരമാണ് സൂര്യകുമാറിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത്.
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ സഞ്ജുവിനേക്കാള്‍ കൂടുതല്‍ അവസരം സൂര്യകുമാര്‍ യാദവിന് ലഭിച്ചിട്ടുണ്ട്. വെറും 13 മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള സഞ്ജു 55.71 ശരാശരിയില്‍ 3 അര്‍ധ സെഞ്ച്വറികള്‍ ഉള്‍പ്പെടെ 390 റണ്‍സ് അടിച്ചുകൂട്ടിക്കഴിഞ്ഞു. സ്‌ട്രൈറ്റ് റേറ്റാകട്ടെ 104. മറുഭാഗത്ത്, 27 ഏകദിന മത്സരങ്ങള്‍ കളിച്ച സൂര്യകുമാര്‍ യാദവ് 24.41 ശരാശരിയില്‍ 537 റണ്‍സ് മാത്രമാണ് നേടിയത്. 2 അര്‍ധ സെഞ്ച്വറികള്‍ മാത്രമാണ് സൂര്യകുമാറിന് ഇതുവരെ നേടാനായത്.
ടി20യിലെ മികച്ച പ്രകടനമാണ് നായകന്‍ രോഹിത് ശര്‍മ്മയെയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെയും സൂര്യകുമാറില്‍ വിശ്വാസമര്‍പ്പിക്കാന്‍ നിര്‍ബന്ധിതരാക്കിയത്. ഇതിനെതിരെ സഞ്ജു ആരാധകര്‍ സമൂഹ മാധ്യമമായ എക്‌സില്‍ വിര്‍ശനവുമായി രംഗത്തെത്തി. ഒരു ഏകദിനം പോലും കളിക്കാത്ത തിലക് വര്‍മ്മയെ ഏഷ്യാ കപ്പിനുള്ള ടീമില്‍ എന്തിന് ഉള്‍പ്പെടുത്തി എന്നതാണ് ആരാധകരുടെ പ്രധാന ചോദ്യം. സഞ്ജു സാംസണ്‍, ഋതുരാജ് ഗെയ്ക്വാദ് എന്നിവര്‍ക്ക് ഏകദിന മത്സരങ്ങള്‍ കളിച്ച് പരിചയമുണ്ട്. പ്രധാന ടൂര്‍ണമെന്റുകള്‍ വരുമ്പോള്‍ എന്തിനാണ് ഇവരെ തഴയുന്നതെന്നും ആരാധകര്‍ ചോദിക്കുന്നു. തിലകും സൂര്യകുമാറും മുംബൈ ക്വാട്ടയിലെത്തിയ താരങ്ങളാണെന്നും ആരാധകര്‍ പരിഹസിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...