കൊച്ചി: പെരുമ്പാവൂരിൽ കോളജ് വിദ്യാർത്ഥികളിൽ നിന്ന് ലഹരിമരുന്ന് പിടികൂടി. പെരുമ്പാവൂർ അറക്കപ്പടിയിലാണ് കോളജ് വിദ്യാർത്ഥികളിൽ നിന്ന് ലഹരി മരുന്ന് പിടികൂടിയത്. മൂന്ന് പേരെ പോലീസ് പിടികൂടി. മൂന്നാം വർഷ ബിബിഎ വിദ്യാർത്ഥികളായ നെവിൻ മാത്യൂ, റിച്ചു റെജി, എൽബിൻ മാത്യു എന്നിവരാണ് പോലീസ് പിടിയിലായത്. ഇവർ വാടകയ്ക്ക് താമസിക്കുന്നിടത്ത് നിന്നാണ് എംഡിഎംഎയും കഞ്ചാവും പോലീസ് കണ്ടെടുത്തത്.
ലഹരി മരുന്ന് ഉപയോഗത്തെ കുറിച്ച് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് വിദ്യാർത്ഥികൾ താമസിക്കുന്നിടത്ത് പരിശോധന നടത്തിയത്. പരിശോധനയിൽ ലഹരിമരുന്ന് കണ്ടെടുക്കുകയായിരുന്നു. പൊലീസും ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്. വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വാഹനാപകടത്തിൽ മരിച്ചയാളിൽ നിന്നും 8.9 ഗ്രാം എംഡിഎംഎ കണ്ടെടുത്തു
തളാപ്പിൽ വാഹനാപകടത്തിൽ മരിച്ചയാളിൽ നിന്നും ന്യൂജെൻ മയക്കുമരുന്ന് കണ്ടെടുത്തു. കാസർഗോഡ് സ്വദേശിയായ ലത്തീഫിന്റെ പോക്കറ്റിൽ നിന്നാണ് 8.9 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു ലത്തീഫും സുഹൃത്തായ മനാഫും മരിച്ചത്. തളാപ്പ് എകെജി ആശുപത്രിയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്.
മംഗളൂരുവിൽ നിന്ന് ആയിക്കരയിലേക്ക് വന്ന മിനി ലോറിയുമായി ലത്തീഫും മനാഫും സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെയായിരുന്നു ലോറി ബൈക്കിൽ ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലത്തീഫിനെയും മനാഫിനെയും തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശേഷം ജില്ലാ ആശുപത്രിയിൽ നടന്ന ഇൻക്വസ്റ്റ് നടപടിക്കിടെയാണ് ലത്തീഫിന്റെ പോക്കറ്റിൽ നിന്നും 8.9 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. തുടർന്ന് പോസ്റ്റ്‌മോർട്ടം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ കണ്ണൂർ ടൗണ്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ കോഴിക്കോട് ഷോപ്പിംഗ് മാളുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽക്കുന്ന സംഘത്തിലെ കണ്ണികൾ പോലീസ് പിടിയിലായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...