തിരുവനന്തപുരം കഠിനംകുളത്ത് നിന്ന് ഗുണ്ടാ സംഘത്തിലെ രണ്ടു പേരെ പൊലീസ് പിടികൂടി. തോക്കുകളും മാരകായുധങ്ങളുമായി ആണ് പൊലീസ് ഇരുവരെയും പിടികൂടിയത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന മൂന്നാമൻ പോലീസിന്റെ അടുത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. വർക്കല റാത്തിക്കൽ സ്വദേശി ഷാഹുൽ ഹമീദ് (31) കണിയാപുരം മലമേൽ പറമ്പ് സ്വദേശി മനാൽ (32) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരുടെ അടുത്ത് നിന്ന് മൂന്ന് തോക്കുകളാണ് പൊലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ചാന്നാങ്കര അണക്കപ്പിള്ള പാലത്തിനു സമീപത്ത് നിന്ന് ഇന്നലെ, മാർച്ച് 15 ന് രാത്രി പത്തുമണിയോടെയാണ് ഇവരെ പിടികൂടിയത്.
ഒരു ബൈക്കിലെത്തിയ മൂന്നുപേർ റോഡിൽ നിൽക്കുകയായിരുന്ന യുവാക്കളുമായി തർക്കമുണ്ടായി. തുടർന്ന് ഒരാൾ കത്തിയുമായി ഇവരെ ആക്രമിക്കാൻ ശ്രമിച്ചു. ഇയാൾ കത്തിവീശി ആക്രോശിച്ച് കൊണ്ട് നാട്ടുകാരെ ആക്രമിക്കാൻ പലവട്ടം ശ്രമിച്ചു. ആക്രമണത്തിന്റെ ബഹളം കേട്ട് കൂടുതൽ നാട്ടുകാർ പ്രദേശത്തേക്ക് എത്തി. നാട്ടുകാർ ചേർന്നാണ് ആക്രമണം നടത്തിയവരെ കീഴ്പ്പെടുത്തിയത്.
ഇതിനിടയിൽ ചാന്നാങ്കര സ്വദേശി ഫവാസ് ബൈക്കുമായി രക്ഷപ്പെട്ടു. തുടർന്ന് ഇവരെ പരിശോധിച്ചപ്പോഴാണ് ഒരു തോക്കും ഒരു വാളും ഒരു കത്തിയും കണ്ടെത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കഠിനംകുളം പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. കണിയാപുരം സ്വദേശി മനാലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മറ്റൊരു തോക്കും എയർ ഗണ്ണും പോലീസ് കണ്ടെടുത്തത്.
ആദ്യം പിടികൂടിയ പിസ്റ്റൾ ബ്രസീൽ നിർമ്മിതമാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ഈ തോക്ക് ഗൾഫിൽ നിന്നും കൊണ്ടു വന്നതാനിന്ന് പിടിയിലായ മനാൽ പോലീസിനോടു വെളിപ്പെടുത്തിയിട്ടുണ്ട്. പിടിയിലായ ഷാഹുൽ ഹമീദ് ബലാൽസംഗമടക്കം നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇവരുടെ കൈയിൽ നിന്ന് പിടികൂടിയ തോക്കുകൾക്ക് ലൈസൻസ് ഇല്ലെന്നാണ് പ്രാഥമിക വിവരം. ഒരാളെ കൊലപ്പെടുത്താനുള്ള ക്വോട്ടേഷനുമായിട്ടാണ് എത്തിയതെന്ന് ഇവർ നാട്ടുകാരോടു പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...