ഇസ്ലാമാബാദ്: ലഷ്‌കർ-ഇ-ത്വയ്ബ (എൽഇടി) പ്രവർത്തകനും 2008ലെ മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ സാജിദ് മിറിനെ പാകിസ്ഥാൻ പിടികൂടിയതായി റിപ്പോർട്ട്. 26/11 എന്നറിയപ്പെടുന്ന 2008ലെ മുംബൈ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ് ഇയാൾ. മുൻപ് സാജിദ് മിർ മരിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, മിറിന്റെ മരണത്തിന് തെളിവ് നൽകാൻ പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് പാകിസ്ഥാന് മേൽ വലിയ സമ്മർദ്ദം ഉണ്ടായതിനെ തുടർന്നാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇയാൾക്ക് പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതി 15 വർഷം തടവ് ശിക്ഷ വിധിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സാജിദ് മിർ മുംബൈ ഭീകരാക്രമണത്തിന് സാമ്പത്തിക സഹായം നൽകിയിരുന്നു. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്‌എടിഎഫ്) ഗ്രേ ലിസ്റ്റിൽ നിന്ന് ഒഴിവാകാനാണ് മിറിനെതിരെ പാകിസ്ഥാൻ അതിവേഗം നടപടിയെടുത്തതെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2008 നവംബറിൽ 10 പേരടങ്ങുന്ന സംഘം മുംബൈയിലെ ഒന്നിലധികം സ്ഥലങ്ങളിൽ ഒരേ സമയം ആക്രമണം നടത്തുകയായിരുന്നു. ഇതിന്റെ മുഖ്യസൂത്രധാരനായ മിറിനെ ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യയും യുഎസും തേടുന്നുണ്ടായിരുന്നു. ആറ് അമേരിക്കക്കാരും നിരവധി ഇന്ത്യക്കാരും ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 170 പേർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ALSO READ: kabul gurdwara attack: 'പ്രവാചകനെ നിന്ദിച്ചതിനുള്ള പ്രതികാരം'; കാബൂളിലെ ഗുരുദ്വാര ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്
മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സർക്കാരിലെ മുൻ ധനമന്ത്രി ഹമ്മദ് അസ്ഹർ, മിറിനും മറ്റ് ഭീകരർക്കുമെതിരെ പാകിസ്ഥാൻ നടപടികൾ സ്വീകരിച്ചതായി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്‌എടിഎഫ്) ഇന്റർനാഷണൽ ടെറർ ഫിനാൻസിങ് വാച്ച്‌ലിസ്റ്റിലെ ഗ്രേ ലിസ്റ്റിലാണ് പാകിസ്ഥാനെ ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ നിന്ന് ഒഴിവാകാനാണ് പാകിസ്ഥാന്റെ നടപടി. മിർ ഏപ്രിലിൽ അറസ്റ്റിലായതായാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. രഹസ്യ വിചാരണയിലായിരുന്നു കോടതി ശിക്ഷ വിധിച്ചത്. കോടതിയിൽ മാധ്യമങ്ങളെ പ്രവേശിപ്പിക്കുകയോ മിറിന് ശിക്ഷ വിധിച്ച കാര്യം പാകിസ്ഥാൻ പഞ്ചാബ് പോലീസിന്റെ തീവ്രവാദ വിരുദ്ധ വകുപ്പ് മാധ്യമങ്ങളെ അറിയിക്കുകയോ ചെയ്തിരുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...