തമിഴ്നാട്‌ തീരത്ത് ദുര്‍ബലമായി നാഡ; തമിഴ്നാടിലും പുതുച്ചേരിയിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം മൂലം രൂപംകൊണ്ട നാഡ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് പ്രവേശിച്ചു. എന്നാല്‍, തീരത്തടിച്ചപ്പോഴേക്കും ക്കാറ്റിന്‍റെ ശക്തി കുറഞ്ഞിരുന്നതിനാല്‍ നാശനഷ്ടങ്ങള്‍ സൃഷ്ടിക്കാതെ തന്നെ കടന്നു പോയി. 

Last Updated : Dec 2, 2016, 12:08 PM IST
തമിഴ്നാട്‌ തീരത്ത് ദുര്‍ബലമായി നാഡ; തമിഴ്നാടിലും പുതുച്ചേരിയിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം മൂലം രൂപംകൊണ്ട നാഡ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് പ്രവേശിച്ചു. എന്നാല്‍, തീരത്തടിച്ചപ്പോഴേക്കും ക്കാറ്റിന്‍റെ ശക്തി കുറഞ്ഞിരുന്നതിനാല്‍ നാശനഷ്ടങ്ങള്‍ സൃഷ്ടിക്കാതെ തന്നെ കടന്നു പോയി. 

തീരത്തെത്തിയ നാഡ ചുഴലിക്കാറ്റിന് വേഗത കുറവായിരുന്നെങ്കിലും തമിഴ്‌നാട്ടിലെ തീരമേഖലയില്‍ ശക്തമായ മഴയ്ക്കും കാറ്റിനും ഇടയാക്കിയിട്ടുണ്ട്. ചില പ്രദേശങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
 
ചുഴലിക്കാറ്റിനെ നേരിടാന്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്നു റവന്യുമന്ത്രി ആര്‍.ബി. ഉദയകുമാര്‍ പറഞ്ഞു. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന പൊലീസും തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും തീരദേശങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. മത്സ്യബന്ധന തൊഴിലാളികള്‍ കടലില്‍ പോകുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്.

അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാന്‍ തമിഴ്നാട് സര്‍ക്കാര്‍ 1070, 1077 എന്നീ ഹെല്‍പ്ലൈന്‍ നമ്പരുകള്‍ ആരംഭിച്ചു. തമിഴ്നാട്ടിലെ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, കടലൂര്‍, നാഗപട്ടണം, പുതുച്ചേരി, കാരക്കല്‍ ജില്ലകളിലെ സ്കൂളുകള്‍ക്ക് വ്യാഴം, വെള്ളി ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചിരുന്നു. 

വെള്ളിയാഴ്ച പുലര്‍ച്ചെയോടെ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്കു വീശുമെന്നായിരുന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കിയിരുന്ന മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് ജാഗ്രത നിര്‍ദേശവും പുറപ്പെടുവിച്ചിരുന്നു. 

Trending News