ന്യൂഡൽഹി: കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവർക്ക് വമ്പൻ ഓഫറുമായി സ്വകാര്യം എയർലൈൻ ഗോ ഫസ്റ്റ്. പൂർണമായി വാക്സിനേഷൻ എടുത്തവർക്ക് ആഭ്യന്തര വിമാനങ്ങളിൽ 20 ശതമാനം ഡിസ്ക്കൗണ്ട് ആണ് കമ്പനി നൽകുന്നത്. ആദ്യമായാണ് ഇത്തരത്തിലൊൊരു ഓഫറുമായി ഒരു സ്വകാര്യ എയർലൈൻ മുന്നോട്ട് വരുന്നത്.
മുൻപ് ഗോ എയർ എന്നറിയപ്പെട്ടിരുന്ന എയർലൈനാണ് ഗോ ഫസ്റ്റ്. കോവിഡിനെതിരായ പോരാട്ടത്തിൽ കൂടുതൽ യാത്രക്കാരെ പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് എടുക്കാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് പുതിയ പദ്ധതിയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. രണ്ട് ഡോസും എടുത്ത യാത്രക്കാർക്ക് ബുക്കിംഗ് തീയതി മുതൽ 15 ദിവസത്തിനപ്പുറമുള്ള യാത്രയ്ക്ക് കിഴിവ് ലഭിക്കും.
Also Read: Omicron Covid Variant : ഒമിക്രോൺ വകഭേദം: ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾ നിരോധിച്ച് ഡൽഹി
"കോവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷം വളരെ ബുദ്ധിമുട്ടാണ് എല്ലാവരും അനുഭവിച്ചത്, ഇത് സാധാരണ ജീവിതം എന്നതിന്റെ അർത്ഥം തന്നെ പുനർനിർവചിച്ചിരുന്നുവെന്ന് ഗോ ഫസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൗശിക് ഖോന അഭിപ്രായപ്പെട്ടു. ഞങ്ങളുടെ എല്ലാ ഓഹരി ഉടമകളുടെ സുരക്ഷ ഉറപ്പാക്കാൻ ഗോ ഫസ്റ്റിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങളുടെ ജീവനക്കാരെയെല്ലാം വാക്സിനേഷനെടുക്കാൻ പിന്തുണച്ചു കൊണ്ടാണ് ഞങ്ങൾ ആരംഭിച്ചത്, ഇപ്പോൾ കൂടുതൽ ആളുകളെ കുത്തിവയ്പ്പെടുക്കാൻ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. പുതിയ വകഭേദം കൂടി രാജ്യത്ത് സ്ഥിരീകരിച്ചതിനാൽ വാക്സിനേഷന്റെ ആവശ്യകത മനസ്സിലാക്കുന്നു, അതുകൊണ്ട് തന്നെ കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ പിന്തുണയ്ക്കുന്നത് തുടരും, ഖോന കൂട്ടിച്ചേർത്തു.
അടുത്തിടെ, ഇൻഡിഗോയും മിതമായ നിരക്കിൽ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ യാത്രക്കാർക്ക് അവസരം ഒരുക്കിയിരുന്നു. വെറും 1400 രൂപ പ്രാരംഭ വിലയിലാണ് എയർലൈൻ വിമാന ടിക്കറ്റുകൾ വാഗ്ദാനം ചെയ്തിരുന്നത്. ജമ്മു-ലേ, ലേ-ജമ്മു, ഇൻഡോർ-ജോധ്പൂർ, ജോധ്പൂരിൽ നിന്ന് ഇൻഡോർ, പ്രയാഗ്രാജ്-ഇൻഡോർ, ലക്നൗ-നാഗ്പൂർ എന്നീ റൂട്ടുകളിലേക്കാണ് കമ്പനി മിതമായ നിരക്കിൽ ടിക്കറ്റുകൾ നൽകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...