New Delhi: 15-ാം രാഷ്‌ട്രപതിയെ എതിരേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. തലസ്ഥാനത്ത് മാത്രമല്ല, രാജ്യമൊട്ടുക്ക് ആഘോഷ പ്രതീതിയാണ്. ഏറെ പ്രത്യേകതകളോടെയാണ് ദ്രൗപതി മുർമു റായ്സിന ഹില്‍സില്‍ എത്തിച്ചേരുന്നത്. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ച ശേഷം ജനിച്ച് രാഷ്‌ട്രപതി സ്ഥാനത്ത് എത്തുന്ന ആദ്യ വ്യക്തിയാണ് ദ്രൗപതി മുർമു.
അതുകൂടാതെ, തുടർച്ചയായി ജൂലൈ 25ന് ചുമതലയേൽക്കുന്ന 10-ാമത്തെ രാഷ്‌ട്രപതിയാണ് ദ്രൗപതി മുർമു.
Also Read: ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായി ദ്രൗപതി മുർമു, ചരിത്രവിജയത്തില്‍ അഭിമാനത്തോടെ രാജ്യം
ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാല്‍ 1977 മുതൽ രാജ്യത്തെ രാഷ്‌ട്രപതിമാർ ജൂലൈ 25നാണ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കുന്നത്. ഈ പാത പിന്തുടരുന്ന 10-ാമത്തെ രാഷ്‌ട്രപതിയായി ദ്രൗപതി മുർമു മാറും.
രാജ്യത്തിന്‍റെ 15-ാമത് രാഷ്ട്രപതിയായി ദ്രൗപതി മുർമു ജൂലൈ 25 ന് സ്ഥാനമേൽക്കുമ്പോള്‍ തുടർച്ചയായി ജൂലൈ 25ന് ചുമതലയേൽക്കുന്ന 10-ാമത്തെ രാഷ്‌ട്രപതിയായി മാറുകയാണ് അവര്‍.
എന്നാല്‍, ജൂലൈ 25 എന്ന തിയതിയും രാഷ്‌ട്രപതിയുടെ സത്യപ്രതിജ്ഞയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഇല്ല എന്ന് തന്നെയാണ് അതിന് ഉത്തരം. ചരിത്രം പരിശോധിച്ചാല്‍ അത് വ്യക്തമാകും.
ഈ തീയതിയിൽ നടക്കുന്ന രാഷ്‌ട്രപതിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് പിന്നിൽ രേഖാമൂലമുള്ള നിയമമൊന്നുമില്ലെങ്കിലും, 1977 മുതലുള്ള രേഖകൾ കാണിക്കുന്നത് സാധാരണ നടപടിക്രമങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രസിഡന്റും ജൂലൈ 25 ന് സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട് എന്നതാണ്.
ഇന്ത്യയുടെ ആദ്യ രാഷ്‌ട്രപതി ഡോ. രാജേന്ദ്ര പ്രസാദ്, ഇന്ത്യ റിപ്പബ്ലിക്കായ 1950 ജനുവരി 26നാണ് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കുന്നത്. 1952ൽ അദ്ദേഹം ആദ്യ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വിജയിച്ചു. രണ്ടാമത്തെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലും അദ്ദേഹം വിജയിക്കുകയും 1962 മെയ് വരെ ഇന്ത്യയുടെ രാഷ്‌ട്രപതി സ്ഥാനം അലങ്കരിക്കുകയും ചെയ്‌തു. പിന്നീട് 1962 മേയ് 13ന് പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്‌ത സർവേപ്പള്ളി രാധാകൃഷ്‌ണൻ 1967 മേയ് 13 വരെ അധികാരത്തിലിരുന്നു. അധികാരത്തിലിരിക്കെ മരണമടഞ്ഞത് മൂലം സക്കീർ ഹുസൈൻ, ഫക്രുദ്ദീൻ അലി അഹമ്മദ് എന്നിവർക്ക് കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.
പിന്നീട് 1977 ജൂലൈ 25ന് നീലം സഞ്ജീവ റെഡ്ഡി ഇന്ത്യയുടെ ആറാമത്തെ രാഷ്‌ട്രപതിയായി ചുമതലയേറ്റു. അന്നുമുതൽ ഇന്നുവരെ ജൂലൈ 25നാണ് ഇന്ത്യൻ രാഷ്‌ട്രപതിമാർ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരത്തിലേറിയിട്ടുള്ളത്. ഗ്യാനി സെയിൽ സിങ്, ആർ.വെങ്കിട്ടരാമൻ, ശങ്കർ ദയാൽ ശർമ, കെ.ആർ നാരായണൻ, എപിജെ അബ്‌ദുൾ കലാം, പ്രതിഭ പാട്ടീൽ, പ്രണബ് മുഖർജി, രാംനാഥ് കോവിന്ദ് എന്നിവരാണ് ജൂലൈ 25 സത്യപ്രതിജ്ഞ ചെയ്‌ത മറ്റ് രാഷ്‌ട്രപതിമാർ. അതായത് പിന്നീട് അധികാരത്തില്‍ എത്തിയ രാഷ്ട്രപതിമാര്‍ തങ്ങളുടെ 5 വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയിരുന്നു.
പാർലമെന്‍റിന്‍റെ സെൻട്രൽ ഹാളിൽ നടക്കുന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ ഇന്ത്യയിലെ ആദ്യത്തെ ഗോത്രവർഗ വനിതാ പ്രസിഡന്‍റായി ദ്രൗപതി മുർമു സത്യപ്രതിജ്ഞ ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...