Maharashtra Political Crisis: മഹാരാഷ്ട്രയില്‍ നടക്കുന്ന രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ വിമതരെ പരിഹസിച്ച് ശിവസേന നേതാവ് സഞ്ജയ് റൗത്. എന്നുവരെ ഗുവാഹത്തിയില്‍ ഒളിച്ചിരിയ്ക്കുമെന്നാണ് വിമതരോട് അദ്ദേഹം ചോദിയ്ക്കുന്നത്.
BJP ഭരിയ്ക്കുന്ന അസമിലെ ഗുവാഹത്തിയില്‍ എന്നുവരെ ഒളിച്ചിരിയ്ക്കും? ഒടുവില്‍ ഒരു ദിവസം ചൗപാട്ടിയില്‍ മടങ്ങിവരേണ്ടി വരും...!! അദ്ദേഹം പറഞ്ഞു. വിമത നേതാവ് ഏക്‌നാഥ് ഷിൻഡെ 22 ഓളം എം.എൽ.എമാരുമായി ആദ്യം സൂററ്റിലേക്കുംപിന്നീട് ഗുവാഹത്തിയിലേക്കും പറന്നതിന് പിന്നാലെയാണ് മഹാരാഷ്ട്രയിലെ മഹാ വികാസ് ആഘാഡി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. എന്നാല്‍ ഇപ്പോള്‍ 38 എംഎല്‍എമാരുടെ പിന്തുണയാണ് വിമത നേതാവ് ഏക്‌നാഥ് ഷിൻഡെ അവകാശപ്പെടുന്നത്.
അതിനിടെ, മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കർ നർഹരി സിർവാൾ 16 ശിവസേന വിമത എംഎൽഎമാർക്ക് നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ട് ഉണ്ട്. 16 ശിവസേന വിമത എംഎൽഎമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ട് ശിവസേന നല്‍കിയ പരാതിയിലാണ് നടപടി. ഇവരില്‍നിന്നും സ്പീക്കര്‍ മറുപടി ആവശ്യപ്പെട്ടിരിക്കുകയാണ്.
അതിനിടെ, വിമത ഷിൻഡെ വിഭാഗം തങ്ങളുടെ ഗ്രൂപ്പിന് 'ശിവസേന ബാലാസാഹേബ്' എന്ന് പേരിട്ടത് മറ്റൊരു വിവാദത്തിന് തിരി കൊളുത്തിയിരിയ്ക്കുകയാണ്. ഇത് താക്കറെ വിഭാഗത്തില്‍നിന്നും രൂക്ഷ പ്രതികരണത്തിന് ഇടയാക്കി. പാര്‍ട്ടി ഉപേക്ഷിച്ച് പോയവര്‍ പാര്‍ട്ടി സ്ഥാപകനായ ബാലാ സാഹേബ് താക്കറെയുടെ പേരില്‍ വോട്ട് ചോദിക്കരുത് എന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. നിങ്ങള്‍ നിങ്ങളുടെ പിതാവിന്‍റെ പേരില്‍ വോട്ട് തേടുക, മഹാ വികാസ് അഘാഡി ഒറ്റക്കെട്ടാണ്, ശിവസേന നേതൃത്വം വ്യക്തമാക്കി.
നിലവില്‍ ശിവസേനയുടെ 56 നിയമസഭാംഗങ്ങളിൽ 38 എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് ഏക്‌നാഥ് ഷിൻഡെഅവകാശപ്പെടുന്നത്. ഇത് പാര്‍ട്ടിയുടെ അംഗബലത്തില്‍ മൂന്നില്‍ രണ്ടിലും കൂടുതലാണ്. ഇവര്‍ക്ക് സംസ്ഥാന നിയമസഭയിൽ നിന്ന് അയോഗ്യരാക്കപ്പെടാതെ ഒന്നുകിൽ മറ്റൊരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കാം അല്ലെങ്കിൽ മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...