Omicron BF.7 Update: ചൈനയില്‍ ഇപ്പോള്‍ അതിവ്യാപകമായി പെരുകുന്ന കോവിഡിന് കാരണമായ ഒമിക്രോണിന്‍റെ BF.7 വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചു. ഇന്ത്യയില്‍ മൂന്ന് പേര്‍ക്കാണ് BF.7 സ്ഥിരീകരിച്ചത്.
റിപ്പോര്‍ട്ട് അനുസരിച്ച് ചൈനയില്‍ ഇപ്പോള്‍ കൊറോണ കേസുകള്‍ വ്യാപിക്കുന്നത് ഒമിക്രോണിന്‍റെ BF.7 വകഭേദം മൂലമാണ്. ഇപ്പോള്‍ BF.7 വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചതോടെ കേന്ദ്ര സര്‍ക്കാര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ചിരിയ്ക്കുകയാണ്. ഒമിക്രോണിന്‍റെ BA.5 എന്ന വേരിയന്‍റിന്‍റെ ഉപ വകഭേദമാണ് BF.7.
Also Read: Covid19: വിദേശ രാജ്യങ്ങളിലെ കൊവിഡ് വ്യാപനം; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം
ഗുജറാത്ത് ബയോടെക്‌നോളജി റിസർച്ച് സെന്‍റര്‍ ആണ് ഇന്ത്യയിലെ ആദ്യത്തെ BF.7 കേസ് കണ്ടെത്തിയതായി സ്ഥിരീകരിച്ചത്. ഗുജറാത്തിൽ നിന്ന് ഇതുവരെ രണ്ട് കേസുകളും ഒഡീഷയിൽ നിന്ന് ഒരു കേസുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അതേസമയം,, ചൈനയില്‍ വര്‍ദ്ധിക്കുന്ന കൊറോണ കേസുകള്‍ കണക്കിലെടുത്ത് ബുധനാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ അടിയന്തിര യോഗം ചേർന്നിരുന്നു. കോവിഡ് അവലോകന യോഗത്തിൽ, ഇതുവരെ കോവിഡ് കേസുകളുടെ എണ്ണത്തിൽ മൊത്തത്തിലുള്ള വർദ്ധനവ് ഉണ്ടായിട്ടില്ലെങ്കിലും, നിലവിലെ സാഹചര്യം നിരീക്ഷിക്കേണ്ടത് അനിവാര്യമാണ് എന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു.
റിപ്പോര്‍ട്ട് അനുസരിച്ച് ചൈനയിൽ ഇപ്പോള്‍ കോവിഡ് കേസുകളുടെ എണ്ണം കൂടാൻ കാരണം കോവിഡിന്‍റെ ഉയർന്ന പകർച്ചവ്യാധിയായ ഒമിക്രോണിന്‍റെ വകഭേദമായ BF.7 മൂലമാണ്. ഇതുമൂലം ചൈനയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് ചൈനയിലെ വിവിധ നഗരങ്ങൾ നിലവിൽ കൊറോണയുടെ പിടിയിലാണ്.
പഠനങ്ങള്‍ അനുസരിച്ച് BF.7 വകഭേദത്തിന് അണുബാധയുണ്ടാക്കാനുള്ള കഴിവ് കൂടുതലാണ്. കൂടാതെ, ഇതിന്‍റെ ഇൻകുബേഷൻ കാലയളവ് കുറവാണ്. കൂടാതെ,, കോവിഡ് ബാധിച്ചവര്‍ക്കും വാക്സിന്‍ എടുത്തവര്‍ക്കും ഇത് വീണ്ടും പിടിപെടാം. അമേരിക്ക, യുകെ, യൂറോപ്യൻ രാജ്യങ്ങളായ ബെൽജിയം, ജർമ്മനി, ഫ്രാൻസ്, ഡെൻമാർക്ക് എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ BF.7 ഇതിനകം കണ്ടെത്തിയിട്ടുണ്ട്.
കോവിഡ് പ്രതിരോധ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പ് എടുക്കാനും ജനത്തിരക്കേറിയ സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാനും നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി. കെ പോൾ നിർദ്ദേശിച്ചു. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങൾക്ക് പ്രത്യേക നിര്‍ദ്ദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...