ന്യൂഡല്‍ഹി: ചന്ദ്രയാന്‍-2 ദൗത്യത്തിലെ വിക്രം ലാന്‍ഡര്‍ കണ്ടെത്തിയെന്ന അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി (NASA)യുടെ അവകാശവാദം തള്ളി ഐഎസ്ആര്‍ഒ (ISRO ).
വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യ നേരത്തെ തന്നെ കണ്ടെത്തിയിരുന്നതാണെന്ന് ISRO അറിയിച്ചു.
'നമ്മുടെ തന്നെ ഓര്‍ബിറ്റര്‍ (ചന്ദ്രയാന്‍-2ലെ ഓര്‍ബിറ്റര്‍) വിക്രം ലാന്‍ഡര്‍ കണ്ടെത്തിയിരുന്നു. ഇത് ISROയുടെ വെബ്സൈറ്റിലൂടെ നേരത്തെ തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നതാണ് എന്ന് വ്യക്തമാകും', ISRO ചെയര്മാന് കെ.ശിവന് പറഞ്ഞു
വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങി മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ (സെപ്റ്റംബര്‍ 10) വിക്രം ലാന്‍ഡര്‍ എവിടെയെന്ന് കണ്ടെത്തിയിരുന്നു. സെപ്റ്റംബര്‍ 10ന് ഇക്കാര്യം ട്വീറ്റ് ചെയ്തതാണെന്നും ISRO മേധാവി പറഞ്ഞു. എന്നാല്‍ വിക്രം ലാന്‍ഡറുമായി ആശയവിനമയം ഇതുവരെ നടത്താനായിട്ടില്ല. ലാന്‍ഡറുമായി ആശയവിനമയം പുനസ്ഥാപിക്കാനുള്ള സാധ്യമായ എല്ലാ ശ്രമങ്ങളും നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇടിച്ചിറങ്ങിയ ഇന്ത്യയുടെ ചന്ദ്രയാന്‍-2 ദൗത്യത്തിലെ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ സൂചന നല്‍കിയിരുന്നു. ചെന്നൈ സ്വദേശി ഷണ്മുഖ സുബ്രഹ്മണ്യന് ചിത്രങ്ങള്‍ വിശകലനം ചെയ്തു നടത്തിയ പഠനമാണ് NASA കണ്ടെത്തിയത് വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങള്‍ തന്നെയെന്നു തീര്‍ച്ചപ്പെടുത്താന്‍ സഹായകമായത്. ലൂണാര്‍ ഓര്‍ബിറ്റര്‍ എടുത്ത ചിത്രങ്ങള്‍ താരതമ്യം ചെയ്ത ശേഷമാണ് നാസ വിവരം സ്ഥിരീകരിച്ചിരിക്കുന്നത്.
ചന്ദ്രനെ ചുറ്റുന്നതിനിടെ ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ (എല്‍ആര്‍ഒ) സെപ്റ്റംബര്‍ 17ന് ദക്ഷിണ ധ്രുവത്തിനു സമീപത്ത് നിന്ന് പകര്‍ത്തിയ ചിത്രം നാസ പുറത്തുവിട്ടിരുന്നു. എന്നാല്‍ കനത്ത നിഴലുകള്‍ മൂടിയ ദൃശ്യങ്ങളാണ് ഓര്‍ബിറ്റര്‍ ക്യാമറയില്‍ പതിഞ്ഞത്. വിക്രം ലാന്‍ഡറിന്റെ അടയാളങ്ങള്‍ കണ്ടെത്താന്‍ നിരവധിയാളുകള്‍ ഈ ചിത്രങ്ങള്‍ വിശകലനം ചെയ്തിരുന്നു. മെക്കാനിക്കല്‍ എന്‍ജിനിയറായ ഷണ്മുഖ സുബ്രഹ്മണ്യന് എന്ന വ്യക്തി ചിത്രം വിലകലനം ചെയ്തു പഠിക്കുകയും ഇതുസംബന്ധിച്ച് നിര്‍ണായക കണ്ടെത്തല്‍ നടത്തുകയുമായിരുന്നു.
ഒക്ടോബര്‍ 14നും 15നും നവംബര്‍ 11നും ഈ പ്രദേശത്തിന്റെ മൂന്നു ചിത്രങ്ങള്‍ കൂടി ലൂണാര്‍ ഓര്‍ബിറ്ററില്‍ നിന്ന് ലഭിച്ചതോടെ കൂടുതല്‍ വ്യക്തത ലഭിച്ചു. ഷണ്മുഖ സുബ്രഹ്മണ്യന്റെ നല്കിയ നിര്‍ണായക വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ ചിത്രങ്ങള്‍ NASA താരതമ്യം ചെയ്തിരുന്നു. ഇതുസംബന്ധിച്ച് NASA കൂടുതല്‍ പഠനങ്ങള്‍ നടത്തുകയും അനുമാനത്തില്‍ എത്തുകയുമായിരുന്നു.
ലാന്‍ഡര്‍ ഇടിച്ചിറങ്ങിയ ഭാഗവും അവശിഷ്ടങ്ങള്‍ ചിന്നിച്ചിതറിയ ഇടവും ചിത്രത്തില്‍ കാണാം. പച്ച നിറത്തിലാണ് ലാന്‍ഡറിന്റെ അവശിഷ്ടങ്ങളെ ചിത്രത്തില്‍ നാസ അടയാളപ്പെടുത്തിയിരിക്കുന്നത്. ഇരുപതിയൊന്നു കഷ്ണങ്ങളായി ലാന്‍ഡര്‍ തകര്‍ന്നുവീണതെന്നാണ് ചിത്രങ്ങള്‍ കാണിക്കുന്നത്. കണ്ടെത്തല്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ NASA പുറത്തുവിടും.
അതേസമയം, കണ്ടെത്തലിന് വഴിയൊരുക്കിയ ഷണ്മുഖ സുബ്രഹ്മണ്യന് NASA നന്ദി പറഞ്ഞു.
ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ അവസാന നിമിഷത്തിലാണ് പരാജയപ്പെട്ടത്. വിക്രം ലാന്‍ഡറിന്റെ ആദ്യഘട്ട ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായിരുന്നു എന്നാല്‍ സെപ്റ്റംബര്‍ 7ന് സോഫ്റ്റ് ലാന്‍ഡി൦ഗ് നടപടിയുടെ അവസാന ഘട്ടത്തിലാണ് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്. ദക്ഷിണധ്രുവത്തില്‍ ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതാകാമെന്ന നിഗമനത്തിലായിരുന്നു നിലവില്‍ ISRO. നാസയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചന്ദ്രന്റെ ദക്ഷിണ ധ്രവത്തിന്റെ ചിത്രങ്ങളും പരിശോധിച്ചിരുന്നു. അതേസമയം, ചന്ദ്രയാന്‍ ഓര്‍ബിറ്ററിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്നാണ് ഇസ്രോ അറിയിക്കുന്നത്.