Mumbai: രാജ്യസഭയിലെ ഒഴിവ് വന്ന 57 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പിന് മണിക്കൂറുകള്‍ മുന്‍പ് കനത്ത തിരിച്ചടി നേരിട്ട് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (NCP).
രാജ്യസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖും മന്ത്രി നവാബ് മാലിക്കും സമര്‍പ്പിച്ച ഹര്‍ജി സ്പെഷ്യല്‍ PMLA കോടതി തള്ളി. ഇതോടെ നിലവില്‍ രണ്ട് നേതാക്കള്‍ക്കും തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കില്ല.
ഹര്‍ജി തള്ളിയതോടെ, ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നതിന് എത്രയും വേഗം കോടതി ഉത്തരവിന്‍റെ പകർപ്പ് ആവശ്യപ്പെട്ടിരിയ്ക്കുകയാണ് അനിൽ ദേശ്മുഖിന്‍റെ അഭിഭാഷകൻ. ഇരുവരുടെയും ജാമ്യാപേക്ഷയിൽ ഉത്തരവ് പുറപ്പെടുവിക്കുന്നത് ബുധനാഴ്ച രാവിലെ മുംബൈയിലെ പ്രത്യേക കോടതി മാറ്റിവച്ചിരുന്നു.
ജനപ്രാതിനിധ്യ നിയമപ്രകാരം തടവുകാർക്ക് വോട്ടവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരുടെയും ഹര്‍ജിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എതിര്‍ത്തത്.
എൻസിപിയുടെ മുതിർന്ന നേതാക്കളായ അനിൽ ദേശ്മുഖും നവാബ് മാലിക്കും കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ഇപ്പോൾ ജയിലിലാണ്. കഴിഞ്ഞയാഴ്ച പ്രത്യേക ജഡ്ജി ആർ.എൻ. റൊക്കഡെ മുമ്പാകെ ഇരുവരും താൽകാലിക ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. ബുധനാഴ്ച എല്ലാ കക്ഷികളും ഈ ജാമ്യാപേക്ഷയെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ പൂർത്തിയാക്കിയിരുന്നു. എന്നാല്‍, അവസാനനിമിഷം ഉത്തരവ് പുറപ്പെടുവിക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു.
2021 നവംബറിലാണ് ദേശ്മുഖിനെ ഇഡി അറസ്റ്റ് ചെയ്തത്. ദാവൂദ് ഇബ്രാഹിമും കൂട്ടാളികളും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഈ വർഷം ഫെബ്രുവരി 23നാണ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്തത്.
ജനപ്രാതിനിധ്യ നിയമപ്രകാരം തടവുകാർക്ക് വോട്ടവകാശം ഇല്ലെന്ന കാരണത്താലാണ് ഇരുവരുടെയും ഹജികള്‍ തള്ളിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...