മുംബൈ: ചത്രപതി ശിവജിയുടെ പ്രതിമ നിര്‍മ്മിക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. 230 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിക്കുന്ന പ്രതിമയ്ക്ക് 3643.78 കോടി രൂപയാണ് ചിലവ്.
ഇതോടെ, ഗുജറാത്തില്‍ 3000 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രതിമ ചിലവിന്‍റെ കാര്യത്തില്‍ പിന്നിലാകും. അറബിക്കടലിന്‍റെ തീരത്താണ് പ്രതിമ ഉയരുക, 2023 ഓട് കൂടി പ്രതിമയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഇക്കഴിഞ്ഞ നവംബര്‍ ഒന്നിനാണ് പ്രതിമ നിര്‍മ്മാണ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. അന്ന് 3700 കോടി രൂപയോളം സര്‍ക്കാര്‍ ഈ പദ്ധതിക്കായി അനുവദിച്ചിരുന്നു,
എന്നാല്‍ പുതുതായി പുറത്തു വന്ന കണക്കു പ്രകാരം ചിലവിനത്തില്‍ 56 കോടിയുടെ കുറവുണ്ട്. വെള്ളവും വൈദ്യുതിയും ലഭ്യമാക്കുന്നതിനാണ് ഇതില്‍ 45 കോടി.
സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പ്രകാരം കടല്‍ഭിത്തി നിര്‍മ്മാണം 2019-20 ല്‍ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
നേരത്തെ ശിവാജി പ്രതിമയുടെ ഉയരം 212ൽ നിന്ന് 230 മീറ്ററാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഛത്രപതി ശിവജി സ്മാരക പദ്ധതി പൂർത്തീകരണ നിരീക്ഷണ കോർഡിനേഷൻ സമിതിയുടെ ചെയർമാനായ വിനായക് മീതെ പറഞ്ഞിരുന്നു.
ഉത്തർപ്രദേശ് സർക്കാർ രാമപ്രതിമ നിർമ്മിക്കാൻ തീരുമാനിച്ചതോടെയാണിത്. ശിവാജിയുടെ രൂപം, കുതിര, വാൾ, അതു നിൽക്കുന്ന പ്ലാറ്റ്ഫോം എന്നിവ അടങ്ങുന്നതാണ് പ്രതിമയുടെ നിലവിലെ ഉയരമായ 212 മീറ്റർ.
വാളിന്‍റെ ഉയരം 38 മീറ്ററും പ്രതിമയുടെ ഉയരം 83.2 മീറ്ററുമായാണ് നേരത്തേ നിശ്ചയിച്ചിരിക്കുന്നത്.
ആഴക്കടലിൽ പ്രത്യേക ദ്വീപ് പോലെ ക്രമീകരിച്ച് നാലു വശവും ശിവാജിയുടെ കോട്ടയെ അനുസ്മരിപ്പിക്കുന്ന മതിൽ തീർത്താണ് അതിനകത്ത് പ്രതിമ സ്ഥാപിക്കുന്നത്.
സന്ദർശക ജെട്ടി, സന്ദർശകരുടെ വിശ്രമകേന്ദ്രം, മ്യൂസിയം, ആർട് ഗാലറി, ഭക്ഷണശാല, കാഴ്ചഗാലറി എന്നിവയും ഇവിടെയുണ്ടാകും.