തിരുവനന്തപുരം: സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്കോളർഷിപ്പ് (Scholarship) സംബന്ധിച്ച് ചർച്ച നടത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകകക്ഷി യോഗം (All Party Meeting) വിളിച്ചു. വെള്ളിയാഴ്ചയാണ് സർവ്വകക്ഷി യോഗം ചേരുന്നത്. വൈകിട്ട് മൂന്നരയ്ക്ക് ഓൺലൈൻ വഴിയാണ് യോഗം ചേരുക.
ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ 80:20 എന്ന അനുപാതം റദ്ദാക്കിയ ഹൈക്കോടതി (High Court) വിധിയുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി സർവ്വകക്ഷി യോഗം വിളിച്ചിരിക്കുന്നത്. ഹൈക്കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാവരുമായി ചർച്ച നടത്തി തുടർ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി (Chief Minister) വ്യക്തമാക്കിയിരുന്നു.
ഹൈക്കോടതി വിധിയ്ക്കെതിരെ മുസ്ലീം സംഘടനകളും മുസ്ലിം ലീഗും രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷക്ഷേമ പദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നും വിഷയത്തില്‍ അപ്പീല്‍ നല്കുന്ന കാര്യം മുസ്ലീം ലീഗ് ആലോചിക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീർ വ്യക്തമാക്കിയിരുന്നു.
അതേസമയം, ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി യെ സ്വാഗതം ചെയ്ത് കെസിബിസിയും രംഗത്തെത്തിയിരുന്നു. ജനസംഖ്യാനുപാതികമായി ക്ഷേമ പദ്ധതികള്‍ നടപ്പാക്കണമെന്നത് ക്രൈസ്തവ സഭകളുടെ ഏറെ നാളായുള്ള ആവശ്യമാണെന്ന് കെസിബിസി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പള്ളി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതി വിതരണത്തിലെ 80:20 അനുപാതമാണ് ഹൈക്കോടതി റദ്ദാക്കിയത്. 80 ശതമാനം മുസ്ലിം വിഭാഗത്തിനും ബാക്കി 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങൾക്കും എന്ന അനുപാതമാണ് റദ്ദാക്കിയത്. ഇപ്പോഴത്തെ ജനസംഖ്യ അനുസരിച്ച് ഈ അനുപാതം പുനർ നിശ്ചയിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ന്യൂനപക്ഷ ക്ഷേമപദ്ധതി വിതരണത്തിലെ 80:20 അനുപാതം ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയിൽ സമർപ്പിച്ച പൊതു താൽപര്യ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവിട്ടത്. യുഡിഎഫ് സർക്കാരിന്റെ കാലത്താണ് 80:20 എന്ന അനുപാതം നിലവിൽ വന്നത്. പിന്നീട് അധികാരത്തില്‍ എത്തിയ ഇടത് സര്‍ക്കാര്‍ ഇത് തുടര്‍ന്നു. ന്യൂനപക്ഷ ക്ഷേമപദ്ധതി വിതരണത്തിലെ 80:20 അനുപാതം ക്രൈസ്തവ സഭകൾക്കിടയിൽ വലിയ അതൃപ്തിയുണ്ടാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...