കോട്ടയം: ജോസ് കെ. മാണിയുടെ സമയദോഷം അവസാനിക്കുന്നില്ല. ഇപ്പോഴിതാ കോടതിയില്‍ നിന്നും തിരിച്ചടി...
ദീര്‍ഘകാലം എംഎല്‍എയായിരുന്ന കെ എം. മാണിയുടെ മരണത്തിനുശേഷം പാലാ നിയോജക മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനു പിന്നാലെ കേരള കോണ്‍ഗ്രസിലെ അധികാര തര്‍ക്ക വിഷയത്തിലും ജോസ് കെ. മാണിയ്ക്ക് തിരിച്ചടി കിട്ടിയിരിക്കുകയാണ്. ജോസ് കെ. മാണിയുടെ അപ്പീല്‍ കട്ടപ്പന സബ് കോടതിയാണ് തള്ളിയത്. കൂടാതെ, അടിയന്തരമായി ഈ കേസില്‍ ഇടപെടേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.
ജോസ് കെ. മാണിയുടെ ചെയര്മാന് സ്ഥാനത്തിന് തൊടുപുഴ കോടതി ഏര്‍പ്പെടുത്തിയ താത്കാലിക വിലക്ക് തുടരുമെന്ന് ഇടുക്കി മുന്‍സിഫ് കോടതി ഇക്കഴിഞ്ഞ ഓഗസ്റ്റ് 3ന് വിധിച്ചിരുന്നു.
ഈ വിധിക്കെതിരെ ജോസ് പക്ഷം സമര്‍പ്പിച്ച അപ്പീലാണ് കട്ടപ്പന സബ്കോടതി ഇപ്പോള്‍ തള്ളിയിരിക്കുന്നത്. പാര്‍ട്ടി ഭരണഘടന പ്രകാരമാണ് ചെയര്‍മാനെ തിരഞ്ഞെടുത്തതെന്നും, സംസ്ഥാന കമ്മിറ്റി ചേര്‍ന്നെന്നുമുള്ള ജോസ് വിഭാഗത്തിന്റെ ഹര്‍ജിയിലെ വാദവും കോടതി തള്ളി.
നേരത്തെ, തൊടുപുഴ മജിസ്ട്രേറ്റ് പിന്മാറിയതിനെ തുടര്‍ന്നാണ് കേസ് ഇടുക്കി കോടതി പരിഗണിച്ചത്. ആദ്യ ഘട്ടത്തില്‍ പി.ജെ. ജോസഫ് വിഭാഗം നല്കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ജോസ് കെ.മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്ത നടപടി തൊടുപുഴ കോടതി സ്റ്റേ ചെയ്തത്.
കേരള കോണ്‍ഗ്രസ് ഭരണഘടനയുടെ വിജയമാണെന്ന് പി ജെ ജോസഫ് വിഭാഗം പ്രതികരിച്ചു. ജോസ് കെ മാണി അഹങ്കാരം വെടിഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകരുടെ താത്പര്യം മനസിലാക്കണമെന്നും പിജെ ജോസഫിന്റെ നേതൃത്വത്തെ അംഗീകരിക്കാന്‍ തയ്യാറാകണമെന്നും ജോസഫ് വിഭാഗം നേതാവ് എം ജെ ജേക്കബ് പ്രതികരിച്ചു. വിധിക്കു പിന്നാലെ ജോസഫ് വിഭാഗത്തിന്റെ പ്രമുഖനേതാക്കള്‍ കട്ടപ്പനയില്‍ ആഹ്ലാദപ്രകടനവും നടത്തി.