കൊച്ചി: സീറോ മലബാർ സഭയിലെ ഭൂമി ഇടപാടിൽ സഭയ്ക്ക് വലിയ പിഴവാണ് പറ്റിയാതെന്നും 34 കോടിരൂപയുടെ നഷ്ടമുണ്ടായെന്നും എറണാകുളം- അങ്കമാലി അതിരൂപതാ വക്താവ് ഫാദർ പോൾ കരേടൻ പറഞ്ഞു.
സഭാ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് മാർപ്പാപ്പക്ക് സമർപ്പിച്ചശേഷം ആവശ്യമെങ്കിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ റോമിൽ നിന്ന് നേരിട്ട് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സഭാ സമിതികൾ അറിയാതെയാണ് 36 പേർക്കായി ഭൂമി മുറിച്ച് വിറ്റതെന്നും കടം തീർക്കാൻ മുഴുവൻ ഭൂമിയും ഒരാൾക്കുതന്നെ വിൽക്കാനായിരുന്നു സഭയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവാദികളായവർക്കെതിരെ സഭാ നിയമങ്ങൾ അനുസരിച്ചുളള അന്വേഷണവും നടപടിയും ഉണ്ടാകുമെന്നും മാർ ജോർജ് ആലഞ്ചേരി അടക്കമുളള ആരോപണവിധേയരോട് ആറംഗം അന്വേഷണ കമ്മീഷൻ വിശദീകരണം തേടി റിപ്പോർട്ട് മാർപ്പാപ്പക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഇടനിലക്കാരനായ സാജുവാണ് ചതിച്ചതെന്നും ഇയാളെ കർദിനാൾ വിശ്വസിച്ചു പോയതാണ് അബദ്ധത്തിന് കരാണമായതെന്നും അദ്ദേഹം പറഞ്ഞു. കാനോനിക നിയമങ്ങൾ തെറ്റിച്ചുക്കൊണ്ടുള്ള പ്രവര്‍ത്തിയാണ് നടന്നതെന്നത് സമ്മതിച്ചുക്കൊണ്ടായിരുന്നു എറണാകുളം - അങ്കമാലി അതിരൂപതയുടെ ഔദ്യോഗിക നിലപാട് അദ്ദേഹം വ്യക്തമാക്കിയത് . സഭ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും എന്നാൽ എല്ലാറ്റിനേയും അതിജീവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
66 കോടി രൂപയുടെ കടമടക്കാനാണ് കൊച്ചിയിലെ അഞ്ച് ഭൂമികൾ വിൽക്കാൻ സഭ തീരുമാനിച്ചത്. അതിരൂപതയുടെ അനുവാദമില്ലാതെ മൂന്നാമതൊരാൾക്ക് സ്ഥലങ്ങൾ മുറിച്ചുവിൽക്കരുതെന്നായിരുന്നു ഇടനിലക്കാരനുമായുളള കരാർ. 27 കോടി 30 ലക്ഷം രൂപ സഭക്ക് ലഭിക്കുമെന്നായിരുന്നു കരാര്‍ എന്നാൽ 9 കോടി 13 ലക്ഷം രൂപ മാത്രമാണ് അതിരൂപതക്ക് കിട്ടിയത്. ബാക്കി 18 കോടി 17 ലക്ഷം രൂപ ഇടനിലക്കാരൻ നൽകിയില്ല. അതിരൂപതയിലെ കാനോനിക സമിതികൾ അറിയാതെയാണ് 36 പേർക്കായി സഭയുടെ ഭൂമി മുറിച്ചുവിറ്റത്. ഭൂമിയിടപാടുകൾക്കുശേഷം അതിരൂപതയുടെ കടം 84 കോടിയായി വർധിച്ചു.