തിരുവനന്തപുരം: ബിജെപി കോർ കമ്മിറ്റിയിൽ സുരേഷ് ഗോപിയെ (Suresh Gopi) ഉൾപ്പെടുത്താനുള്ള കേന്ദ്ര തീരുമാനം പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് രാമസിംഹൻ. സുരേഷ് ഗോപി വരുന്നതോടെ പാർട്ടിയിൽ ഇപ്പോൾ ഉള്ള മുരടിപ്പ് ഇല്ലാതാകും. ജനങ്ങൾക്ക് താൽപര്യമുള്ള ആളാണ് സുരേഷ് ഗോപി. ജനങ്ങളും പ്രവർത്തകരും അദ്ദേഹത്തിനൊപ്പം ഉണ്ടാകുമെന്നും ഒരു പ്രമുഖ ചാനൽ ചർച്ചയ്ക്കിടെ രാമസിംഹൻ (Ramasimhan) പറഞ്ഞു.
മനുഷ്യത്വമുള്ള ഒരാൾ കമ്മിറ്റിയിൽ വേണമെന്ന് കേന്ദ്രത്തിന് തോന്നിയത് കൊണ്ടാകാം ഈ മാറ്റത്തിന് ഒരുങ്ങുന്നത്. അണികള്‍ അറിയാതെയുള്ള നീക്കങ്ങളും ഒതുക്കലുകളുമൊക്കെ അവസാനിപ്പിക്കണമെന്ന് കേന്ദ്രനേതൃത്വത്തിന് തോന്നി കാണും. അതിൽ അതിയായ സന്തോഷിക്കുന്നു. സുരേഷ് ഗോപിയുടെ വരവ് ഇപ്പോഴത്തെ മുരടിപ്പില്‍ മോചനമുണ്ടാകും. പൂർണമായും സമൂഹം അംഗീകരിക്കുന്നവര്‍ നേതൃത്വത്തിലേക്ക് വരണമെന്നാണ് ആഗ്രഹിക്കുന്നത്'.
'ചേരി തിരിഞ്ഞ് പല ഗ്രൂപ്പുകളായി പ്രവർത്തിക്കുന്നവർ അല്ല , മനുഷ്യന്റെ പ്രശ്നങ്ങൾ അറിയുന്ന സമാജത്തിന്റെ പ്രശ്നങ്ങൾ അറിയുന്നവർ നേതൃത്വത്തിലേക്ക് വരണമെന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. 1991 മുതൽ സുരേഷ് ഗോപിയെ എനിക്ക് അറിയാം. അദ്ദേഹം മനുഷ്യന്റെ മനസ് മനസിലാക്കാൻ സാധിക്കുന്നയാളാണ്. അദ്ദേഹം തന്റെ പ്രൊഫഷന്റെ ഭാഗമായി എസി റൂമിലൊക്കെ ഇരിക്കുന്ന ആളായിരിക്കും. പക്ഷേ സമൂഹത്തിൽ അദ്ദേഹം ചെയ്യുന്നത് പോലെ ആരെങ്കിലും ചെയ്തിട്ടുണ്ടോ? അദ്ദേഹം അത് കൊട്ടിഘോഷിച്ചിട്ട് പറഞ്ഞിട്ടുമില്ല'.
'എന്തെങ്കിലും ആവശ്യം പറഞ്ഞ് മെസേജ് അയച്ചാൽ അദ്ദേഹം ആരും അറിയാതെ അത് വിളിച്ച് ചോദിക്കും. സിനിമ അദ്ദേഹത്തിന്റെ പ്രൊഫനാണ്. എംജിആറും ജയലളിതയും സിനിമാക്കാരാണ്. സിനിമയില്‍ നിന്ന് എത്രയോ പേര്‍ രാഷ്ട്രീയത്തിൽ എത്തിയിട്ടുണ്ട്. അവർ രാജ്യം ഭരിച്ചിട്ടുണ്ടല്ലോ. സിനിമയില്‍ നിന്ന് വന്നത് കൊണ്ട് രാജ്യം ഭരിക്കാന്‍ പറ്റില്ലെന്ന് പറയാന്‍ സാധിക്കില്ല. അദ്ദേഹത്തെ ഞങ്ങള്‍ മുഖ്യമന്ത്രിയായിട്ടാണ് കാണുന്നത്. സുരേഷ് ഗോപി ഭാവിയിലൊരു മുഖ്യമന്ത്രിയായാല്‍ എന്താണ് കുഴപ്പമുള്ളത്. ഞങ്ങള്‍ ജനങ്ങൾ ആഗ്രഹിക്കുന്നത് അദ്ദേഹം മുഖ്യമന്ത്രിയാകണമെന്നാണ്. അദ്ദേഹം അങ്ങനെ വന്ന് കഴിഞ്ഞാൽ ജനങ്ങൾ മുഴുവൻ പിന്തുണക്കും'.
'തൃശൂരിൽ നിന്നും അദ്ദേഹം നേടിയ വോട്ടുകൾ എത്രയാണെന്ന് നോക്കൂ.. വേറെ ആരാണ് അത്രയും വോട്ടുകൾ നേടിയിട്ടുള്ളത്? അദ്ദേഹത്തെ രണ്ട് മാസം മുൻപ് സ്ഥാനാർഥി ആക്കിയിരുന്നെങ്കിൽ അദ്ദേഹം ജയിക്കുമായിരുന്നു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ആദ്യമായിട്ട് വന്ന് ബിജെപിക്ക് ഏറ്റവും കൂടുതൽ വോട്ട് നേടി കൊടുത്ത ആളാണ് സുരേഷ് ഗോപി. പ്രവർത്തിക്കാൻ മൂന്നാ നാലോ മാസമോ ഒരു വർഷമോ കൊടുത്തിരുന്നെങ്കിലോ?അദ്ദേഹം ജയിച്ച് എംഎൽഎയോ എംപിയോ ആയേനെ. അവസാന നിമിഷം സ്ഥാനാർത്ഥിയാക്കിയതാണ് തോൽക്കാൻ കാരണമായത്. അദ്ദേഹത്തിനൊപ്പം ജനങ്ങൾ ഉണ്ട്'.
'സഹകരണ ബാങ്കിന്റെ കാര്യത്തിൽ സുരേഷ് ഗോപിയല്ലേ പ്രതികരിച്ചത്. സുരേന്ദ്രനോ മുരളീധരനോ സത്യാഗ്രഹം ഇരുന്നിരുന്നോ? അതാണ് നേതാവ്. ജനകീയമായിട്ടുള്ള കാര്യങ്ങളിൽ സമരം ചെയ്യുകയും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നയാളാണ് നേതാവ്. സമൂഹത്തിനെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഇടപെടാൻ അദ്ദേഹം തയ്യാറാകുന്നില്ലേ?
'തമിഴ്നാട്ടിലെ അണ്ണമാലയെ പോലൊരു നേതാവ് കേരളത്തിലും വേണ്ടേ? കേരളത്തിൽ ഒന്ന് ആഞ്ഞുപിടിച്ചാൽ ആറല്ല 30 സീറ്റും കിട്ടും പക്ഷേ അതിന് ആൾ വേണം. ജനങ്ങളെ കൈയ്യിലെടുക്കാൻ കഴിവുള്ള ആളുകൾ നേതൃത്വത്തിലേക്ക് വരണം. സ്മൃതി ഇറാനിയൊക്ക വിജയിച്ചത് ആരെയാണ് പരാജയപ്പെടുത്തിയത്. ഇതൊക്കെ കണ്ട് പഠിക്കണം, മറ്റ് സംസ്ഥാനങ്ങളിൽ ബി ജെ പി എങ്ങനെയാണ് വളരുന്നതൊക്കെ ഇവിടുത്തെ നേതാക്കൾ പഠിക്കണമെന്നും രാമസിംഹൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...