കൊച്ചി : 2018ൽ കേരളം നേരിട്ട പ്രളയത്തെ അടിസ്ഥാനമാക്കി ജൂഡ് ആന്റണി ജോസഫ് പ്രഖ്യാപിച്ച 2403 ഫീറ്റ് സിനിമ പൂർത്തീകരണത്തിലേക്ക്. ബിഗ് സ്ക്രീനിൽ വലിയ ക്യാൻവാസിൽ കാണിക്കാൻ 2403 ഫീറ്റ് ഒരു സിനിമയായി രൂപപ്പെട്ടിരിക്കുന്നയെന്ന് ജൂഡ് ആന്റണി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ വഴി അറിയിക്കാമെന്നും ജൂഡ് തന്റെ പോസ്റ്റിൽ വ്യക്തമാക്കി.
2018ൽ തന്നെയാണ് ചിത്രം ജൂഡ് ആന്റണി പ്രഖ്യാപിക്കുന്നത്. നാല് വർഷത്തോളമെടുത്തു സിനിമയുടെ പൂർത്തീകരണത്തിന് വേണ്ടി. അതിനിടെ ജൂഡ് അന്ന ബെന്നിനെയും സണ്ണി വെയ്നെയും കേന്ദ്രകഥാപാത്രങ്ങളാക്കി സാറാസ് എന്നൊരു ചിത്രം ഒരുക്കുകയും ചെയ്തിരുന്നു.
ALSO READ : Neelavelicham Movie : ആഷിഖ് അബു ഒരുക്കുന്ന 'നീലവെളിച്ചം' സിനിമയുടെ പുതിയ പോസ്റ്റർ പുറത്ത്; റിലീസ് ജനുവരിയിൽ
ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്
2018 ഒക്ടോബറിൽ ആരംഭിച്ച ഒരു വലിയ യാത്ര അവസാന ലാപ്പിലേക്ക് കടന്നിരിക്കുന്നു . കേരളത്തെ പിടിച്ചുലച്ച 2018 ലെ വെള്ളപ്പൊക്കം, സ്വന്തം വീടും പ്രിയപ്പെട്ടവരും അപകടത്തിലായ ,ചിലർക്ക് ഇതൊക്കെ നഷ്‌ടമായ ദുരിതനാളുകൾ . സ്വയം ഇതെല്ലാം അനുഭവിച്ചത് കൊണ്ടും, അന്ന് ബോധിനി എന്ന സംഘടന ഒരു inspirational വീഡിയോ ചെയ്താലോ എന്ന ആശയവുമായി മുന്നോട്ട് വന്നത് കൊണ്ടും ഒരു 5 മിനിറ്റ് വീഡിയോ ചെയ്യാൻ ആഗ്രഹമുണ്ടായി . ആ ദിവസങ്ങളിലെ പത്രങ്ങളും ചാനൽ വാർത്തകളും തിരഞ്ഞു പിടിച്ചു വായിച്ചപ്പോൾ ഒരു കാര്യം മനസിലായി . മലയാളികളുടെ ചങ്കുറപ്പിന്റെ കഥ 5 മിനിറ്റിൽ പറഞ്ഞു തീരില്ല . ഒരു ഫിലിം മേക്കറുടെ ആഗ്രഹമുണർന്നു . നേരെ ആന്റോ ചേട്ടന്റെ അടുത്ത് കാര്യം അവതരിപ്പിച്ചു . അന്ന് മുതൽ ഈ നിമിഷം വരെ ഞങ്ങളുടെ ആ വലിയ സ്വപ്നത്തിനു താങ്ങായി മഹാമേരു പോലെ ആന്റോ ചേട്ടൻ നില കൊണ്ടു . വേണു കുന്നപ്പിള്ളി എന്ന ഉഗ്രൻ നിർമാതാവിനെ ആന്റോ ചേട്ടൻ പരിചയപ്പെടുത്തി . കലാകാരനായ അദ്ദേഹം തിരക്കഥ വായിക്കുകയും പലരും കൈ വക്കാൻ മടിക്കുന്ന പ്രളയം പ്രമേയമായ ഈ സിനിമ നിർമിക്കാൻ സധൈര്യം മുന്നോട്ടു വന്നു . 125ഇൽ പരം ആർട്ടിസ്റ്റുകൾ , 200 ഇൽ പരം ലൊക്കേഷനുകൾ 100 ഇൽ കൂടുതൽ ഷൂട്ടിംഗ് ഡേയ്സ് . ഒടുവിൽ ഞങ്ങൾ ആ സ്വപ്നം പൂർത്തിയാക്കുന്നു . 4 വർഷമായി എന്റെ കണ്ണീരും ചിന്തകളും ടെൻഷനും ഓട്ടവും ഇതാ ഒരു സിനിമയായി രൂപപ്പെട്ടിരിക്കുന്നു . സർവേശ്വരനും വേണു സാറിനും ആന്റോ ചേട്ടനും സഹ നിർമാതാവ് പദ്മകുമാർ സാറിനോടുമുള്ള തീർത്താൽ തീരാത്ത കടപ്പാട് പറയാൻ വാക്കുകളില്ല . ഒരുഗ്രൻ ടീമിനെ ദൈവം കൊണ്ട് തന്നു . എല്ലാവരെയും സിനിമയുടെ മറ്റു വിവരങ്ങളും ഉടനെ അറിയിക്കാം. ഒത്തൊരുമയോടെ മലയാളികൾ വെള്ളപ്പൊക്കത്തിനെ നേരിട്ടത് ഒട്ടും ചോർന്നു പോകാതെ വലിയ സ്‌ക്രീനിൽ വലിയ ക്യാൻവാസിൽ കാണിക്കാൻ ഞങ്ങൾ 110 ശതമാനം പണിയെടുത്തിട്ടുണ്ട് . ബാക്കി വിവരങ്ങൾ വഴിയേ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...