2022 ൽ മലയാളത്തിൽ പുറത്തിറങ്ങിയ 90% സിനിമകളും പരാജയപ്പെട്ടുവെന്ന് മലയാള സിനിമ പ്രൊഡ്യൂസർമാരുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ (കെഎഫ്പിഎ) പറഞ്ഞു. 2022 ൽ ശരാശരി 300 കോടി രൂപയിൽ കൂടുതൽ നഷ്ട്ടം മലയാള സിനിമ മേഖലയ്ക്ക് ഉണ്ടായെന്ന് കെഎഫ്പിഎ കൂട്ടിച്ചേർത്തു. 2022 ജനുവരി മുതൽ ഡിസംബർ വരെ 176 സിനിമകൾ തിയേറ്ററിൽ എത്തിയെന്നും അതിൽ 17 സിനിമകൾ മാത്രമാണ് ബോക്സ് ഓഫിസിൽ വിജയം നേടിയതെന്നും വ്യക്തമാക്കി.
എന്നാൽ ബാക്കി 90 ശതമാനം സിനിമകൾക്കും മുടക്കിയ പണം നിർമ്മാതാക്കൾക്കും ഡിസ്ട്രിബ്യുട്ടർമാർക്കും തിരിച്ച് ലഭിച്ചില്ലെന്നും സംഘടന പറഞ്ഞു. 2022 ൽ തീയേറ്ററുകളിൽ ശരാശരി 10 കോടിക്ക് മുകളിൽ കളക്ഷൻ ലഭിച്ച ചിത്രങ്ങൾ പത്തിൽ താഴെ മാത്രമെന്നും മലയാള സിനിമ പ്രൊഡ്യൂസർമാരുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ (കെഎഫ്പിഎ) പറഞ്ഞു. ഭീഷ്മപർവ്വം, ഹൃദയം, ജന ഗണ മന, കടുവ, തല്ലുമാല, ന്ന താൻ കേസ് കൊട് , റോഷാക് , ജയ ജയ ജയ ജയ ഹേ എന്നിവയാണ് 10 കോടിക്ക് മുകളിൽ കളക്ഷൻ ലഭിച്ച ചിത്രങ്ങൾ.
2022 ൽ പരാജയപ്പെട്ട സിനിമകളുടെ എണ്ണം വെച്ച് നോക്കുമ്പോൾ വിജയിച്ച സിനിമകളുടെ എണ്ണം വളരെ കുറവാണെന്ന് കെഎഫ്പിഎ പ്രസിഡന്റ് എം.രഞ്ജിത്ത് പറഞ്ഞു. കാമ്പുള്ള സിനിമകൾ തന്നെയാണ് വിജയം കണ്ടതെങ്കിലും ആളുകൾ ഇഷ്ടപ്പെടുന്ന സിനിമകളിൽ പ്രകടമായ മാറ്റം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീയേറ്ററുകളിൽ നിന്ന് സിനിമ കാണുന്നതിന് പകരം ഒടിടി പ്ലാറ്റ്‌ഫോമുകളിൽ നിന്ന് മികച്ച ഉള്ളടക്കമുള്ള നിരവധി ചെറുതും ഇടത്തരവുമായ ബജറ്റിൽ ഒരുങ്ങിയ ചിത്രങ്ങൾ കാണാനാണ് ഇപ്പോൾ ആളുകൾ ഏറ്റവും കൂടുതൽ താത്പര്യം കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തീയേറ്ററുകളിൽ പരാജയപ്പെട്ട സിനിമകൾ പോലും ഡിജിറ്റൽ റിലീസിന് മികച്ച വിലയ്ക്ക് വിറ്റ് പോയ സാഹചര്യങ്ങൾ ഉണ്ടായിയെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...