കൊച്ചി: മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം സെപ്തംബര്‍ ഏഴിന് അദ്ദേഹത്തിന്‍റെ പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപിക്കുമെന്ന് സൂചനനല്‍കി സോഷ്യല്‍ മാധ്യമങ്ങള്‍. മമ്മൂട്ടിയും ദുല്‍ഖറും ആദ്യമായി ഒരുമിക്കുന്ന ചിത്രവും, മമ്മൂട്ടിയെ നായകനാക്കി ഒരുങ്ങുന്ന കുഞ്ഞാലിമരക്കാരും പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന 'ദ ഗ്രേറ്റ് ഫാദറിന്‍റെ' നൂറാം ദിവസത്തെ വിജയാഘോഷത്തോടൊപ്പം കുഞ്ഞാലിമരക്കാര്‍ പ്രഖ്യാപിക്കുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. ഇത് മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തിലായിരിക്കുമെന്നാണ് സൂചന. കുഞ്ഞാലിമരക്കാര്‍ സംവിധാനം ചെയ്യുന്നത് അമല്‍ നീരദ്, സന്തോഷ് ശിവന്‍, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരില്‍ ഒരാളായിരിക്കുമെന്നാണ് അറിയുന്നത്.
399 സിനിമകളാണ് മമ്മൂട്ടി ഇതുവരെ പൂര്‍ത്തിയാക്കിയിരിക്കുന്നത്. അജയ് വാസുദേവ് ചിത്രമായ 'മാസ്റ്റര്‍പീസി'ലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 'പുള്ളിക്കാരന്‍ സ്റ്റാറാ', ഷാംദത്തിന്‍റെ 'സ്ട്രീറ്റ് ലൈറ്റ്', ശരത് സന്ദിത് സംവിധാനം ചെയ്യുന്ന 'പരോള്‍' എന്നീ സിനിമകളും പുറത്തിറങ്ങാനുണ്ട്. തമിഴ് ചിത്രം 'പേരന്‍പും ഈ വര്‍ഷം റിലീസ് ചെയ്യുമെന്നാണ് സൂചന. ദേശീയ അവാര്‍ഡ് ജേതാവായ റാം ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സേതു സംവിധാനം ചെയ്യുന്ന കോഴിത്തങ്കച്ചന്‍ എന്ന സിനിമയും മമ്മൂട്ടിയുടേതായി ഇനി വരാനിരിക്കുന്നുണ്ട്. കളരി പശ്ചാത്തലമാകുന്ന മറ്റൊരു ബിഗ് ബജറ്റ് ചിത്രവും മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ആലോചനയിലുണ്ട്.
മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ആദ്യമായി ഒരുമിക്കുന്ന സിനിമ പ്രഖ്യാപിക്കപ്പെട്ടാല്‍ അത് വലിയ സര്‍പ്രൈസായിരിക്കും. ഈ ചിത്രം ആരാണ് സംവിധാനം ചെയ്യുകയെന്ന് പുറത്തുവിട്ടിട്ടില്ല. ബിഗ് ബിയുടെ രണ്ടാം ഭാഗമമെന്ന നിലയില്‍ അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി-ദുല്‍ഖര്‍ ചിത്രം ഇറങ്ങാനിടയുണ്ടെന്നും സൂചനകളുണ്ട്.