ഒസ്കാർ പ്രതീക്ഷകളിലാണ് ആർ ആർ ആർ ആറിലെ നാട്ടു നാട്ട് എന്ന ഗാനം. പാട്ട് വമ്പൻ ഹിറ്റായിരുന്നെങ്കിലും ഇതിൻറെ പ്രൊഡക്ഷന്‍ വലിയ കാലയളവ് തന്നെ വേണ്ടി വന്നു എന്നാണ് ചിത്രത്തിൻറെ അണിയറ പ്രവർത്തകർ തന്നെ പറയുന്നത്. തീമിന് അനുയോജ്യമായ പാട്ടുകൾ തയ്യാറാക്കിയിരുന്നെങ്കിലും ഒന്നിൽ പോലും തൃപ്തി വന്നില്ലത്രെ. അങ്ങനെ 19 മാസം കൊണ്ടാണ് നാട്ടു നാട്ടു പൂർത്തിയായത്.
ഏറ്റവും രസകരമായ കാര്യമെന്താണെന്നാൽ ഒരു ദിവസം കൊണ്ട് 90 ശതമാനം എഴുതി പൂർത്തിയാക്കിയ പാട്ട് മുഴുവനാക്കാൻ 1 വർഷത്തിലധികം തന്നേ വേണ്ടി വന്നു. 20-ൽ അധികം ട്യൂണുകളാണ് സംഗീത സംവിധായകൻ കീരവാണി ഇതിനായി കംപോസ് ചെയ്തത്. ഇതിൽ ഒന്നാണ് രാജമൗലി തിരഞ്ഞെടുത്തത്.
മൂന്ന് മിനിട്ടും 36 സെക്കൻറുമാണ് പാട്ടിൻറെ ദൈർഘ്യം. രാഹുൽ സിപ്ലിഗഞ്ച്, കാല ഭൈരവ എന്നിവർ ചേർന്നാണ് പാട്ട് ആലപിച്ചിരിക്കുന്നത്. പാട്ട് തയാറാക്കിയത് കൂടാതെ ഏതാണ്ട് 110 -ൽ അധികം സ്റ്റെപ്പുകളാണ് ഇതിൻറെ കോറിയോഗ്രാഫിക്കായി വേണ്ടി വന്നത്. പാട്ടിൻറെ ഭൂരിഭാഗവും ചിത്രീകരിച്ചത് യുക്രൈനിലായിരുന്നു.
കീവിലെ ഷൂട്ടിങ്ങ് കാണാൻ പ്രസിഡൻറ് വ്ലാഡിമർ സെലൻസ്കീയും എത്തിയിരുന്നു. കുറച്ച് മാസങ്ങൾക്ക് ശേഷമാണ് റഷ്യ-യുക്രൈൻ യുദ്ധ പ്രഖ്യാപനം ഉണ്ടാകുന്നത്. മറ്റൊരു പ്രത്യേകത 18 ടേക്കുകളാണ് പാട്ടിൻറെ ചിത്രീകരണത്തിനായി വേണ്ടി വന്നത്. താരങ്ങൾ സഹകരിച്ചതിനാലാണ് ഇത് ഭംഗിയായതെന്ന് ചിത്രത്തിൻറെ സംവിധായകൻ പിന്നീട് പറഞ്ഞിട്ടുണ്ട്.
ഒറിജിനല്‍ സോങ് വിഭാഗത്തിൽ ചിത്രത്തിന് നേരത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ലഭിച്ചിരുന്നു. ഇന്ത്യയുടെ രണ്ടാമത്തെ ഗോൾഡൻ ഗ്ലോബ് അവാർഡാണിത്. 2008-ൽ പുറത്തിറങ്ങിയ സ്ലംഡോഗ് മില്യണയർ എന്ന ചിത്രത്തിലെ 'ജയ് ഹോ' എന്ന ഗാനത്തിന് ഇന്ത്യയുടെ എആർ റഹ്മാൻ ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയിരുന്നു. എൻടിആർ ജൂനിയർ, രാം ചരൺ, അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ശ്രിയ ശരൺ, സമുദ്രക്കനി, റേ സ്റ്റീവൻസൺ, അലിസൺ ഡൂഡി, ഒലിവിയ മോറിസ് എന്നിവരാണ് ആർആർആറിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...