അന്തരിച്ച നടൻ ഇന്നസെൻ്റ് അവസാനമായി അഭിനയിച്ച ചിത്രം പാച്ചുവും അത്ഭുതവിളക്കും നാളെ (ഏപ്രിൽ 28 വെള്ളിയാഴ്ച) തിയേറ്ററുകളിലേയ്ക്ക്. വാസുമാമൻ എന്ന കഥാപാത്രത്തെയാണ് ഇന്നസെൻറ് അവസാനമായി അവതരിപ്പിച്ചത്. മാർച്ച് 26നായിരുന്നു ഇന്നസെൻ്റിൻ്റെ വിയോഗം.
ഫഹദ് ഫാസിൽ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യനാണ്. 'ഞാൻ പ്രകാശൻ', 'ജോമോൻറെ സുവിശേഷങ്ങൾ' എന്നീ സിനിമകളുടെ അസോസിയേറ്റായി പ്രവർത്തിച്ചിട്ടുള്ള അഖിൽ സത്യൻ ദാറ്റ്സ് മൈ ബോയ് എന്ന ഡോക്യുമെൻററി ഷോർട്ട് ഫിലിം സംവിധാനം ചെയ്‍തിട്ടുമുണ്ട്.
ALSO READ: ദ കേരള സ്റ്റോറി; സോറി സംഘികളെ, ഇത് ഞങ്ങളുടെ കഥയല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
ചിത്രത്തിൻ്റേതായി പുറത്തിറങ്ങിയ ടീസറും ട്രെയിലറും ഗാനവുമൊക്കെ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടംപിടിച്ചിരുന്നു. അതിനാൽ തന്നെ മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. സത്യൻ അന്തിക്കാടിൻറെ നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ഇന്നസെൻറ് കൈകാര്യം ചെയ്തിട്ടുണ്ട്. പാച്ചുവും അത്ഭുത വിളക്കിലും ഏറെ പ്രാധാന്യമുള്ള ഒരു വേഷം തന്നെയാണ് ഇന്നസെൻ്റിനുള്ളത്.
ഫഹദ് ഫാസിൽ, ഇന്നസെൻറ് എന്നിവരെ കൂടാതെ മുകേഷ്, നന്ദു, ഇന്ദ്രൻസ്, അൽത്താഫ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, വിനീത്, മോഹൻ ആകാഷെ, ഛായാ കദം, പീയൂഷ് കുമാർ, അഭിറാം രാധാകൃഷ്ണൻ, അവ്യുക്ത് മേനോൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. വലിയ ഇടവേളയ്ക്ക് ശേഷം ഫഹദ് ഫാസിലിൻ്റെ കുസൃതി ഒളിപ്പിച്ച വേഷം കൈകാര്യം ചെയ്യുന്ന ചിത്രമാണിതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഫഹദും ഇന്നസെൻറും വെള്ളിത്തിരയിൽ വീണ്ടും ഒന്നിക്കുമ്പോൾ സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയിലാണ്.
ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് ആണ് പാച്ചുവും അത്ഭുതവിളക്കും നിർമ്മിക്കുന്നത്. കലാസംഗം റിലീസ് ആണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ശരൺ വേലായുധനാണ്. സംഗീതം: ജസ്റ്റിൻ പ്രഭാകരൻ, പ്രൊഡക്ഷൻ ഡിസൈൻ: രാജീവൻ, വസ്ത്രാലങ്കാരം: ഉത്തര മേനോൻ, അസോസിയേറ്റ് ഡറക്ടർ: ആരോൺ മാത്യു, പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ്, ആർട്ട് ഡറക്ടർ: അജിത്ത് കുറ്റിയാനി, സൗണ്ട് ഡിസൈനർ: അനിൽ രാധാകൃഷ്ണൻ, സ്റ്റണ്ട്: ശ്യാം കൗശൽ, സൗണ്ട് മിക്സ്: സിനോയ് ജോസഫ്, മേക്കപ്പ്: പാണ്ഡ്യൻ, സ്റ്റിൽസ്: മോമി, ഗാനരചന: മനു മഞ്ജിത്ത്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാൻറ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...