Madhura Manohara Moham: എന്റെ 'മധുര മനോഹര മോ​ഹം' മൊട്ടിട്ടു; സ്റ്റെഫി സേവ്യർ മനസ് തുറക്കുന്നു

Stephy Zaviour about Madhura Manohara Moham: കോസ്റ്റ്യൂം ഡിസൈനിംഗില്‍ സംസ്ഥാന പുരസ്‌കാരം ഉള്‍പ്പെടെ സ്റ്റെഫി സ്വന്തമാക്കിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jun 15, 2023, 05:31 PM IST
  • മലയാള സിനിമയിലെ അറിയപ്പെടുന്ന കോസ്റ്റിയൂം ഡിസൈനറാണ് സ്‌റ്റെഫി സേവ്യര്‍.
  • സ്റ്റെഫി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മധുര മനോഹര മോഹം'.
  • ഷെറഫുദ്ദീൻ, രജിഷ വിജയൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Madhura Manohara Moham: എന്റെ 'മധുര മനോഹര മോ​ഹം' മൊട്ടിട്ടു; സ്റ്റെഫി സേവ്യർ മനസ് തുറക്കുന്നു

കഴിഞ്ഞ 10 വര്‍ഷത്തോളമായി മലയാള സിനിമയിലെ അറിയപ്പെടുന്ന കോസ്റ്റ്യൂം ഡിസൈനറാണ് സ്‌റ്റെഫി സേവ്യര്‍. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ് തുടങ്ങിയ മലയാള സിനിമയിലെ പ്രമുഖ നടന്‍മാരുടെ കഥാപാത്രങ്ങള്‍ക്കെല്ലാം സ്റ്റെഫി സേവ്യറുടെ കോസ്റ്റ്യൂം പുതുമ നല്‍കിയിട്ടുണ്ട്. കോസ്റ്റ്യൂം ഡിസൈനിംഗില്‍ സംസ്ഥാന പുരസ്‌കാരം ഉള്‍പ്പെടെ സ്വന്തമാക്കിയ സ്റ്റെഫി ഇനി മുതല്‍ സംവിധായകയുടെ കുപ്പായം അണിയുകയാണ്. 

സ്റ്റെഫി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'മധുര മനോഹര മോഹം' നാളെ തിയേറ്ററുകളില്‍ എത്തും. ആദ്യ ചിത്രത്തിന് പിന്നിലെ പ്രയത്‌നങ്ങളും തന്റെ പ്രതീക്ഷകളും സീ മലയാളം ന്യൂസുമായി പങ്കുവെയ്ക്കുകയാണ് സ്റ്റെഫി സേവ്യര്‍.

ALSO READ: 78.5 ലക്ഷം രൂപ മൂല്യമുള്ള കൊക്കെയ്‌നുമായി തെലുങ്ക് സിനിമാ നിർമാതാവ് അറസ്റ്റിൽ

കോസ്റ്റ്യൂം ഡിസൈനിംഗില്‍ നിന്ന് സംവിധായകയുടെ കുപ്പായത്തിലേയ്ക്കുള്ള യാത്ര..എന്തെല്ലാമാണ് മാറ്റങ്ങള്‍?

കോസ്റ്റ്യൂം ഡിസൈനിംഗ് എന്ന് പറയുമ്പോൾ നമ്മൾ കോസ്റ്റ്യൂമിൽ മാത്രമാണല്ലോ കോൺസെൻട്രേറ്റ് ചെയ്യുന്നത്. മറ്റ് ഡിപ്പാർട്മെന്റുകളെ കുറിച്ചോ അല്ലെങ്കിൽ പോസ്റ്റ്‌ പ്രോഡക്ഷനിലോ നമ്മൾ ഒരിക്കലും ഭാഗമാകാറില്ല. പക്ഷേ, ഡയറക്ഷൻ എന്ന് പറയുമ്പോൾ അതിന്റെ ഒരു തുടക്കം  മുതൽ റിലീസിന് തൊട്ട് മുമ്പ് വരെ എത്തി നിൽക്കുമ്പോൾ അതിന്റെ എല്ലാ കാര്യങ്ങളും നമ്മളിലൂടെ ആണ് നടക്കുന്നത്. അപ്പോൾ ഉത്തരവാദിത്തങ്ങൾ കുറച്ചു കൂടുതലാണ്. എന്ന് വെച്ചാൽ കോസ്റ്റ്യൂമിൽ ഉത്തരവാദിത്തം വളരെ കുറവാണെന്നല്ല. കോസ്റ്റ്യൂം ചെയ്യുമ്പോൾ ചെറിയ ചെറിയ കാര്യങ്ങളിൽ ഒരുപാട് ടെൻഷൻ അടിക്കേണ്ടി വരും. ഉദാഹരണത്തിന് സോക്സിന്റെയോ ഷൂവിന്റെയോ കമ്മലിന്റെയോ പേരിൽ ചിലപ്പോൾ ഷൂട്ടിനെ ബാധിക്കുന്ന രീതിയിൽ പ്രശ്നങ്ങൾ വരാൻ ചാൻസ് ഉണ്ട്. സാങ്കേതികമായി സിനിമയുടെ എല്ലാ ഭാഗങ്ങളും അറിയാനും പഠിക്കാനും സഹായിക്കുന്ന ഒന്നാണ് ഡയറക്ഷൻ എന്ന് പറയുന്നത്. 

ഒറ്റ വാക്കില്‍ എന്താണ് മധുര മനോഹര മോഹം?

മധുര മനോഹര മോഹം എന്ന ചിത്രത്തിന്റെ ഒരു ജോണർ എന്താണെന്ന് ചോദിച്ചാൽ നമുക്ക് അതിനെ ഒരു ഫാമിലി കോമഡി ഡ്രാമ എന്ന് പറയാം. സ്ഥിരം ഫാമിലി സിനിമ എന്ന് പറയുമ്പോൾ ഒരു ധാരണയുണ്ട് അതൊരു ഫീൽ ഗുഡ് സിനിമ ആയിരിക്കുമെന്ന്. നമ്മൾ ഉദ്ദേശിക്കുന്നത് സിനിമയിൽ ഇതുവരെ കാണാത്തതും കേൾക്കാത്തതുമായ ഒരു സബ്ജെക്ട് ആണ്. അത് ഒരു കുടുംബ പശ്ചാത്തലത്തിൽ പറയുന്നു എന്ന് മാത്രമേ ഉള്ളൂ. നമ്മുടെ മെയിൻ ത്രെഡ് ആളുകളെ എന്റർടെയ്ൻ ചെയ്യിക്കുന്ന, എന്നാൽ ഇത് ഈയിടെ സിനിമയിൽ കണ്ടിട്ടില്ലല്ലോ എന്ന് കൗതുകം ഉണർത്തുന്ന ഒന്നാണ് എന്ന കാര്യത്തിൽ ഞാൻ കോൺഫിഡന്റ് ആണ്.

സ്‌റ്റെഫിയുടെ ഇഷ്ടപ്പെട്ട കോസ്റ്റിയൂംസ് ഏതൊക്കെയാണ്?

ഞാൻ ചെയ്ത സിനിമകളിലെ എന്റെ ഫേവറിറ്റ് കോസ്റ്റ്യൂം എന്ന് പറഞ്ഞാൽ ഗപ്പി എനിക്ക് ഭയങ്കര ഇഷ്ടമാണ്. എസ്ര ഭയങ്കര ഇഷ്ടമാണ്, അങ്കമാലി ഡയറീസ്, ആട് ജീവിതം ഇനി വരാൻ പോകുന്നു. അങ്ങനെ കുറേ സിനിമകൾ ഉണ്ട്. ഞാൻ ചെയ്യാത്തതും എന്നാൽ കണ്ട് കണ്ട് ആരാധന തോന്നിയതും ആണെങ്കിൽ മലയാളത്തിൽ മോഹൻലാലിൻറെ ഗുരു എന്ന സിനിമയുടെ കോസ്റ്റ്യൂം ഭയങ്കര ഇഷ്ടമാണ്. സമ്മർ ഇൻ ബത്‌ലഹേമിലെ കോസ്റ്റ്യൂംസ്, സൂര്യപുത്രിയിലെ കോസ്റ്റ്യൂം ഒക്കെ ഇഷ്ടമാണ്.

മധുര മനോഹര മോഹം എന്ന ചിത്രത്തിന്റെ കോസ്റ്റിയും കാര്യങ്ങളില്‍ സ്‌റ്റെഫിയുടെ കയ്യൊപ്പ് ഉണ്ടോ?

മധുര മനോഹരം മോഹം എന്ന ചിത്രത്തിൻ്റെ കോസ്റ്റ്യൂം ഡിസൈനർ സനൂജ് ആണ്. സനൂജിനെ നമ്മൾ അത് വിശ്വസിച്ചു ഏൽപ്പിക്കുകയാണ് ചെയ്യുന്നത്. കാരണം, അതിന് മറ്റൊരു ക്രിയേറ്റീവ് സൈഡ് കൂടി ഉണ്ടല്ലോ. അവന്റേതായ കുറേ ഇൻപുട്സ് വരും, ഒരു ഡയറക്ടർ എന്ന രീതിയിൽ എന്താണ് കഥാപാത്രം ഇടുക എന്നൊരു ഐഡിയ ഞാൻ പറഞ്ഞു കൊടുത്തിട്ടുണ്ട്. ആ ബേസ് ഐഡിയയുടെ മുകളിൽ നിന്നുകൊണ്ട് അതിന്റെ ബാക്കിയുള്ള ഡീറ്റൈൽസും റെഫറൻസും എടുത്ത് കോസ്റ്റ്യൂം ഡിസൈൻ ചെയ്തത് മുഴുവനായും സനൂജിന്റെ രീതിയിലാണ്.

സിനിമയില്‍ സ്ത്രീ സംവിധായകരുടെ എണ്ണം വര്‍ധിച്ചു വരുന്നുണ്ട്. ആരാണ് സ്‌റ്റെഫിയുടെ റോള്‍ മോഡല്‍?

എനിക്ക് സംവിധാനത്തിൽ അങ്ങനെ ഒരു റോൾ മോഡൽ എന്നൊന്നും ഇതുവരെ കണ്ടിട്ടില്ല. പ്രത്യേകിച്ച് സ്ത്രീ സംവിധായകർ വരുന്നു, അപ്പോൾ റോൾ മോഡൽ എന്ന് പറയുമ്പോൾ ഞാൻ ഒരു സിനിമ കാണുമ്പോൾ സംവിധായകൻ സ്ത്രീ ആണോ പുരുഷൻ ആണോ എന്നുള്ള ജെൻഡർ നോക്കാറില്ല. സംവിധാനത്തിൽ ജെൻഡർ ഉണ്ടാവരുത് എന്ന് ആഗ്രഹം ഉള്ള ആളാണ് ഞാൻ. കാരണം, ആണായാലും പെണ്ണായാലും കഥ എന്ന് പറയുന്ന ഇമോഷൻ ജെൻഡർ അടിസ്ഥാനത്തിൽ ആയിരിക്കില്ലല്ലോ. അപ്പോൾ അങ്ങനെ ഒരു റോൾ മോഡൽ ഉണ്ടാകണം എന്ന് എനിക്ക് ആഗ്രഹമില്ല. ചെറുപ്പം മുതലേ മലയാളം സിനിമകൾ കാണാനാണ് എനിക്ക് അവസരം കിട്ടിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ചെറുപ്പം തൊട്ട് കണ്ട സിനിമകൾ ആണ് എന്നെ സ്വാധീനിച്ചിട്ടുള്ളത്. പ്രിയദർശൻ സർ, സത്യൻ അന്തിക്കാട് സർ എന്നിവരുടെയൊക്കെ സിനിമകൾ ആണ് ഞാൻ കൂടുതൽ കണ്ടിട്ടുള്ളത്. അതുകൊണ്ട് അതിനോടെല്ലാം ഒരു പ്രത്യേക ഇഷ്ടവും ഉണ്ട്. 

ആദ്യ സിനിമയ്ക്ക് മുമ്പ് എന്തൊക്കെ ഹോം വര്‍ക്കുകള്‍ ചെയ്തു? 

ആദ്യ സിനിമയ്ക്ക് വേണ്ടിയുള്ള എല്ലാ ഹോം വർക്കുകളും ചെയ്തിട്ട് തന്നെയാണ് നമ്മൾ മധുര മനോഹര മോഹം തുടങ്ങുന്നത്. കാരണം ഒരു പ്രൊഡ്യൂസർ നമ്മളെ വിശ്വസിച്ച് ഇത്രയും കാശ് ചെലവാക്കുമ്പോഴും ഇത്രയും ആർട്ടിസ്റ്റുകൾ അവർക്ക് എത്രയോ സ്ക്രിപ്റ്റ് വരുമ്പോഴും നമ്മുടെ സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുന്നതും ഡേറ്റ് തരുമ്പോഴും എങ്ങനെയെങ്കിലും ഒരു സിനിമ ചെയ്ത് കളയാം എന്നുള്ള ലാഘവത്തോടെ ഒരു സിനിമ ചെയ്യാനല്ല നമ്മൾ ഇത് ചെയ്തിട്ടുള്ളത്. നമ്മുടെ മനസും ആത്മാവും ഈ സിനിമക്ക് കൊടുത്തിട്ടുണ്ട്. സാങ്കേതികമായി അറിയാത്ത കാര്യങ്ങൾ ചോദിച്ചും പഠിച്ചുമാണ് നമ്മൾ ഇത് ചെയ്തിട്ടുള്ളത്. അതുകൊണ്ട് ഇതിന്റെ എല്ലാം റിസൾട്ട്‌ നാളെ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ്. 

എത്ര കാലത്തെ പ്രയത്‌നമാണ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്? 

കഴിഞ്ഞ ഒരു 4-5 വർഷമായി സംവിധാനം ആഗ്രഹത്തിൽ ഉണ്ട്. ആദ്യം തുടങ്ങുമ്പോൾ വേറെ ഒരു കഥ ആയിരുന്നു പ്ലാൻ ചെയ്തിരുന്നത്. കോവിഡ് ആയപ്പോൾ ആ പ്ലാൻ തൽക്കാലം നടക്കില്ല എന്ന് മനസിലായപ്പോഴാണ് മധുര മനോഹര മോഹം തിരഞ്ഞെടുത്തത്. തീർച്ചയായും കഴിഞ്ഞ 4-5 വർഷമായി സംവിധാനം എന്ന ആഗ്രഹം മനസ്സിൽ കൊണ്ട് നടക്കുന്നുണ്ടായിരുന്നു.

ഇപ്പോള്‍ സിനിമകള്‍ കൂടുതല്‍ റിയലിസ്റ്റിക് ആണല്ലോ...മധുര മനോഹര മോഹം എങ്ങനെയുള്ള സിനിമയാണ്? മലയാള സിനിമകള്‍ കൂടുതല്‍ റിയലിസ്റ്റിക് ആകുന്നതിനോടുള്ള അഭിപ്രായം എന്താണ്?

സിനിമ റിയലിസ്റ്റിക് ആയാലും സിനിമാറ്റിക് ആയാലും അടിസ്ഥാനപരമായി ആളുകളെ എന്റർടെയ്ൻ ചെയ്യിക്കുക എന്നുള്ളതാണല്ലോ അതിന്റെ ഒരു ഉദ്ദേശ്യം. സിനിമയെ ഈ രണ്ട് രീതിയിൽ കാറ്റഗറൈസ് ചെയ്യുന്നതിനോട്‌ എനിക്ക് വല്യ താല്പര്യമില്ല. ഇനി അങ്ങനെ ഉണ്ടെങ്കിൽ തന്നെ ഒരുപക്ഷേ സിനിമാറ്റിക് വിഭാഗത്തിൽ പെടുന്ന സിനിമകളാണ് ആളുകൾക്ക് ഇഷ്ടപ്പെടാൻ സാധ്യത കൂടുതൽ. 

90കളിലെ സിനിമകളിലേതിന് സമാനമായി ഇന്ന് ഓര്‍ത്തു ചിരിക്കാന്‍ കഴിയുന്ന സിനിമകളില്ലെന്ന് തന്നെ പറയാം. കോമഡി സിനിമകള്‍ക്ക് പ്രാധാന്യം കുറയുന്നതായി തോന്നുന്നുണ്ടോ?

90ലെ കാലഘട്ടം എന്ന് പറയുമ്പോൾ ചിലപ്പോൾ അത് തികച്ചും ഒരു നാട്ടിൻപുറം സിനിമയില്ലേ? അമ്പലവും കരയോഗവും.. അങ്ങനെയുള്ള സിനിമകൾ വളരെ കുറവായത് കൊണ്ടാകാം. പക്ഷേ, 90കളിൽ ഉള്ള കരയോഗം പോലെയുള്ള അതേ സിസ്റ്റം ഇപ്പോഴും നമ്മുടെ നാട്ടിൽ ഉണ്ട്. നാട്ടിൻപുറത്തെ വീടുകളുണ്ട്. അതൊന്നും അന്യം നിന്ന് പോയിട്ടില്ല. നമ്മൾ അത് കാണിക്കുമ്പോൾ ആ പഴയ നൊസ്റ്റാൾജിയ തോന്നുന്നത് കൊണ്ടായിരിക്കാം. പിന്നെ ഹ്യൂമർ മലയാള സിനിമയിൽ കുറഞ്ഞ പോയെന്ന് തോന്നിയിട്ടില്ല. കാരണം, ഈയിടെ വന്ന സിനിമകൾ ഒന്ന് ആലോചിച്ചു നോക്കിയാൽ രോമാഞ്ചം, തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എല്ലാം ഹ്യൂമ‍ർ വർക്ക്‌ ആയിട്ടുള്ള സിനിമകൾ ആണല്ലോ.

സ്‌റ്റെഫിയുടെ മധുര മനോഹരമായ മോഹം പൂവണിഞ്ഞോ?

എന്റെ മധുര മനോഹര മോഹം ഇങ്ങനെ മൊട്ടിട്ട് ഇരിക്കുകയാണ്. ഇനി 16-ആം തീയതി സിനിമ റിലീസ് അയാൽ മാത്രമേ പൂവണിഞ്ഞോ എന്ന് പറയാൻ പറ്റുകയുള്ളൂ. നമ്മൾ എന്തൊക്കെ ചെയ്താലും ആളുകൾ അത് അംഗീകരിച്ചാൽ മാത്രമാണല്ലോ നമ്മളും മുഴുവനായും ഹാപ്പി ആവുക..

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News