ലൂയിവില്ലെ(യു.എസ്): ഇടിക്കൂട്ടിനകത്തും പുറത്തും വീരചരിതംരചിച്ച് ലോകത്തിന്റെ ഹൃദയത്തിലേക്കു നടന്നുകയറിയ ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി ഇനി അനശ്വരതയില്‍. . ജന്മനാടായ കെന്‍റകിയിലെ ലൂയിവില്ലയിലാണ് ജൂണ്‍ മൂന്നിന് അന്തരിച്ച അലിയുടെ സംസ്കാര ചടങ്ങുകള്‍ നടന്നത്. പതിനാലായിരത്തിലധികം പേര്‍ പങ്കെടുത്ത ജനാസ നമസ്കാരത്തോടെയാണ് അന്ത്യോപചാര ചടങ്ങുകള്‍ ആരംഭിച്ചത്. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍നിന്നും കാനഡയില്‍ നിന്നുമെല്ലാം ആയിരക്കണക്കിന് ആളുകളാണ് ജനാസ നമസ്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.രാജ്യത്തലവന്മാരും പ്രമുഖ വ്യക്തിത്വങ്ങളുമടങ്ങുന്നവരുടെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ച കേവ് ഹില്‍ സെമിത്തേരിയില്‍ ഖബറടക്കം നടന്നു. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര രണ്ടുമണിക്കൂറോളം സമയമെടുത്താണ് അവസാനിച്ചത്. ഹോളിവുഡ് നടന്‍ വില്‍ സ്മിത്ത്, മുന്‍ ബോക്സിങ് ചാമ്പ്യന്‍ ലെനോക്സ് ലൂയിസ് എന്നിവര്‍ക്കൊപ്പം മുഹമ്മദ് അലിയുടെ ആറ് അടുത്ത ബന്ധുക്കളും ചേര്‍ന്നാണ് മൃതദേഹം വഹിച്ചത്.
അമേരിക്കന്‍ മുസ്‌ലിം പണ്ഡിതനും കാലിഫോര്‍ണിയ സൈത്തൂന കോളജ് സഹസ്ഥാപകനുമായ ഇമാം സൈദ് ഷാകിര്‍ ജനാസ നിസ്‌കാരത്തിനു നേതൃത്വം നല്‍കി. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ക്ലിന്റണ്‍, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, കൊമേഡിയന്‍ ബില്ലി ക്രിസ്റ്റല്‍, ബ്രിട്ടിഷ് ഗായകന്‍ യൂസുഫുല്‍ ഇസ്‌ലാം, നടന്‍ വില്‍ സ്മിത്ത്, മുന്‍ ബോക്‌സര്‍ ലെനോക്‌സ് ലെവിസ്, ശൈഖ് ഹംസ യൂസുഫ്, അമേരിക്കയിലെ പൗരാവകാശ പ്രവര്‍ത്തകന്‍ ജെസി ജാക്‌സന്‍ അടക്കമുള്ള ലോകപ്രമുഖര്‍ അന്ത്യചടങ്ങുകള്‍ക്കു സാക്ഷിയാകാനെത്തി. മകളുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനുള്ളതു കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ചടങ്ങില്‍ പങ്കെടുത്തില്ലെങ്കിലും അനുശോചനമറിയിച്ച് പ്രത്യേക വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു.
ബോക്‌സിങ്ങിനു പുറമെ, രാഷ്ട്രീയ, സാമൂഹിക, പൗരാവകാശ ഇടപെടലുകള്‍ കൊണ്ടു ലോകശ്രദ്ധ നേടിയ താരം കഴിഞ്ഞ വെള്ളിയാഴ്ച അമേരിക്കയിലെ അരിസോണ ആശുപത്രിയില്‍ വച്ചാണ് അന്തരിച്ചത്. വര്‍ഷങ്ങളായി പാര്‍ക്കിന്‍സണ്‍സ് രോഗത്തോടു മല്ലിടുകയായിരുന്നു. അലിയും കുടുംബവും വര്‍ഷങ്ങള്‍ക്കു മുന്‍പെ തീരുമാനിച്ചപ്രകാരമായിരുന്നു അന്ത്യചടങ്ങുകള്‍ നടന്നത്. 1961ല്‍ ലൂയ്‌സ്‌വില്ലെയില്‍ നടന്ന തന്റെ അവസാന ബോക്‌സിങ് മത്സരത്തിനു വേദിയായ ഫ്രീഡംഹാളിലെ പ്രത്യേകവേദിയില്‍ ഇസ്‌ലാമിക ആചാരപ്രകാരം നടന്ന ചടങ്ങില്‍ പ്രത്യേക പ്രവേശന പാസോടെ 15,500 പേരാണു പങ്കെടുത്തത്.